പിണറായി-സുധാകരന്‍ ബ്രണ്ണന്‍ യുദ്ധം: മലയാളികളുടെ ചിന്താ ധാരകളെ മലിനപ്പെടുത്തുന്ന 'ശിക്കാരി ശംബു വര്‍ത്തമാനങ്ങള്‍'

പിണറായി-സുധാകരന്‍ ബ്രണ്ണന്‍ യുദ്ധം: മലയാളികളുടെ ചിന്താ ധാരകളെ മലിനപ്പെടുത്തുന്ന 'ശിക്കാരി ശംബു വര്‍ത്തമാനങ്ങള്‍'


കൊച്ചി: കോവിഡ് മഹാമാരിയില്‍ ജനം നട്ടം തിരിയുമ്പോള്‍, തകര്‍ന്നു പോയ ജീവിത സാഹചര്യങ്ങള്‍ തിരിച്ചു പിടിക്കാന്‍ നെട്ടോട്ടമോടുമ്പോള്‍ പൊതു സമൂഹം ഒട്ടും ആഗ്രഹിക്കാത്ത വിഷയമാണ് കേരളത്തിലെ രാഷ്ട്രീയ മണ്ഡലം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. പ്രബുദ്ധരെന്ന് അഭിമാനിക്കുന്ന മലയാളികളുടെ ചിന്താ ധാരകളിലേക്ക് കരുതിക്കൂട്ടി കടത്തി വിട്ട ഒരു 'രാഷ്ട്രീയ കൊറോണ വൈറസാണ്' പിണറായി വിജയന്‍-കെ.സുധാകരന്‍ ബ്രണ്ണന്‍ യുദ്ധം.

അര നൂറ്റാണ്ട് മുമ്പ് നടന്ന കലാലയ രാഷ്ട്രീയ അക്രമങ്ങള്‍ അയവിറക്കി രണ്ട് വ്യക്തികള്‍ തമ്മില്‍ നടത്തുന്ന വിഴുപ്പലക്കലുകള്‍ക്ക്, അവര്‍ എത്ര ഉന്നതരായാലും എന്തിനിത്ര പ്രാധാന്യം നല്‍കുന്നു എന്ന ചോദ്യം ഏറെ പ്രസക്തമാണ്. പ്രതിസന്ധി കാലത്ത് ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ചര്‍ച്ചകള്‍ നടക്കേണ്ട നമ്മുടെ ബൗദ്ധിക, പൊതു മണ്ഡലങ്ങളെ ഇത്തരം വിഷയങ്ങളിലൂന്നിയുള്ള ചര്‍ച്ചകളിലൂടെ മലിനമാക്കേണ്ടതുണ്ടോ എന്ന ചോദ്യവും ഉയര്‍ന്നു വരേണ്ടതുണ്ട്.

കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ കെ.സുധാകരന്‍ നേരത്തേ ഒരു ആഴ്ചപ്പതിപ്പിന് നല്‍കിയ പൂര്‍വ്വകാല സംഭവത്തെപ്പറ്റിയുള്ള പരാമര്‍ശത്തെ ചൊല്ലിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നടത്തിയ കോവിഡ് വിശദീകരണ വാര്‍ത്താ സമ്മേളനത്തില്‍ സുധാകരനെതിരെ അതി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്.

പതിവു വാര്‍ത്താ സമ്മേളനങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരുടെ പല പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്കും സമയപരിധി പറഞ്ഞ് മറുപടി നല്‍കാതെ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചു പോകുന്ന മുഖ്യമന്ത്രി ഇതിനായി മാത്രം ഇന്നലെ ചെലവഴിച്ചത് ഏതാണ്ട് നാല്‍പ്പത് മിനിട്ടാണ്.

ഒഴിവാക്കേണ്ടതായിരുന്നു എങ്കിലും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുക എന്നത് മാധ്യമങ്ങളുടെ ചുമതലയാണ്. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് എന്ന നിലയില്‍ കെ.സുധാകരന് മറുപടിയായി പറയാനുള്ളത് കേള്‍ക്കുകയും റിപ്പോര്‍ട്ട് ചെയ്യേണ്ടതും മാധ്യമ ധര്‍മ്മമാണ്. പക്ഷേ, നമ്മുടെ വാര്‍ത്താ ചാനലുകള്‍ ഇന്നു രാവിലെ മുതല്‍ ഫ്‌ളാഷ് ന്യൂസായും ബ്രേക്കിംഗ് ന്യൂസായും ആഘോഷിച്ചത് 'പിണറായിക്ക് മറുപടിയുമായി സുധാകരന്‍ വരും...വരുന്നു' തുടങ്ങിയ ഡയലോഗുകളായിരുന്നു.

തീര്‍ന്നില്ല...റേറ്റിംഗിനായി സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ മത്സരയോട്ടം നടത്തുന്ന വാര്‍ത്താ ചാനലുകളുടെ നിലവാരത്തകര്‍ച്ച ഒരിക്കല്‍ക്കൂടി നമുക്ക് ദൃശ്യമായി. അതിന് വ്യക്തമായ ഉദാഹരണമാണ് എറണാകുളം ഡിസിസി ഓഫീസില്‍ വാര്‍ത്താ സമ്മേളനം നടത്താന്‍ പുറപ്പെടുന്ന കെ.സുധാകരന്റെ വാഹനത്തിന്റെ അടക്കമുള്ള വിഷ്വലുകള്‍ ലൈവായി പകര്‍ത്തി നല്‍കിയത്. എന്തോ മഹാ പ്രഖ്യാപനം നടത്താന്‍ പോകുന്നു എന്ന തരത്തിലാണ് വാര്‍ത്താ ചാനലുകള്‍ ആ സമയം വിറ്റഴിച്ചത്.

കണ്ണൂരിലെ രാഷ്ട്രീയ കുടിപ്പകയുടെ വിഴുപ്പലക്കലിന് എന്തിനാണ് ഇത്രമാത്രം പ്രാധാന്യം നല്‍കേണ്ടത്? കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത ആധ്യായങ്ങളായി മാറ്റി നിര്‍ത്തപ്പെടേണ്ട ഒന്നാണ് കണ്ണൂരിലെ അക്രമ രാഷ്ട്രീയം. കൊലപാതകങ്ങളുടെ എണ്ണം തങ്ങളുടെ ക്രെഡിറ്റായി നേതാക്കള്‍ സ്‌കോര്‍ ബോര്‍ഡില്‍ എഴുതിച്ചേര്‍ക്കുമ്പോഴും ചോരയുടെ മണമുള്ള ആ രാഷ്ട്രീയത്തിന് നിരവധി കുടുംബങ്ങളുടെ കണ്ണീരിന്റെ നനവുണ്ട് എന്ന സത്യം മറന്നു പോകരുത്. അത് വീണ്ടും ഓര്‍മ്മിക്കാന്‍ പോലും ഇഷ്ടപ്പെടാത്തവരാണ് ബഹുഭൂരിപക്ഷം വരുന്ന മലയാളികള്‍.

പക്ഷേ, കരുതിക്കൂട്ടി രൂപകല്‍പ്പന ചെയ്തുണ്ടാക്കിയ ഈ വിവാദത്തിരയില്‍ നിന്ന് ചാകര കൊയ്തത് പിണറായി വിജയനും കെ.സുധാകരനും തന്നെയാണ്. മുട്ടില്‍ മരം മുറിയ്ക്കല്‍ അടക്കം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അരങ്ങേറിയ വനം കൊള്ളയില്‍ പ്രതിരോധത്തിലായ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അതില്‍ നിന്നും കുറച്ചു ദിവസത്തേക്കെങ്കിലും മാധ്യമശ്രദ്ധ തിരിച്ചു വിടാനായി.

വിവാദ പ്രസ്താവനകളിലൂടെയും വേറിട്ട പ്രവര്‍ത്തന ശൈലിയിലൂടെയും അണികളെ ആവേശം കൊള്ളിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധാലുവായ കെ. സുധാകരന് ഇത് കെപിസിസി അധ്യക്ഷ പദവിയിലേക്കുള്ള മാസ് എന്‍ട്രിയുമായി. അല്ലാതെ സാധാരണക്കാരന് ഇത്തരം 'ശിക്കാരി ശംബു വര്‍ത്തമാനങ്ങളില്‍' എന്ത് താല്‍പര്യം...എന്ത് ഗുണം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.