ദുക്റാന - കടലും മണിമാളികയും

ദുക്റാന - കടലും മണിമാളികയും

പുത്തൻപീടിക LP സ്കൂളിലെ തങ്കമ്മ ടീച്ചറുടെ എല്ലാ വിദ്യാർത്ഥികൾക്കും പള്ളി സ്കൂളിലേക്ക് പ്രവേശനം ലഭിച്ചു. അഞ്ചാം ക്‌ളാസ്സുമുതൽ പഠനം പള്ളി സ്കൂളിലാകണമെന്ന വലിയ ആഗ്രഹം സാധിച്ചു. ഞങ്ങളെല്ലാവരും ഒരേ സ്കൂളിൽ നിന്നുള്ളവരായതുകൊണ്ടു ആരുമായും പരിചയക്കുറവില്ലായിരുന്നു.

ഞങ്ങളുടെ അപ്പാപ്പനാണ് പള്ളി പെയിന്റടിക്കുന്ന ആൾ. രണ്ടു തെങ്ങുകളേക്കാൾ ഉയരമുള്ള മണിമാളികയുടെ ഉള്ളിലുള്ള കോണിയിലൂടെ സാഹസികമായി വലിഞ്ഞു കയറി അതിസാഹസികമായി തൂങ്ങിയാടി നിന്നാണ് അപ്പാപ്പൻ മണിമാളികകളിൽ പെയിന്റടിക്കുക. ഞങ്ങളുടെ പള്ളിയുടെ ഒരുവശത്തു സ്കൂളും മറുവശത്തു സെമിത്തേരിയുമാണ്. സ്കൂളിനോട് അടുത്തുള്ള ഭാഗത്താണ് മണിമാളിക.

ജനിച്ച അന്നുമുതൽ അപ്പാപ്പനെ കാണുന്നത് നിറയെ പോക്കറ്റുകളുള്ള കാക്കി ഷർട്ടും ട്രൗസറും ഇട്ടിട്ടാണ്. "അതാ ഏനാമ്മാവ് പള്ളിയിൽ ഉണ്ടായിരുന്ന ഏതോ സായിപ്പച്ചൻ കൊടുത്തതാ" എന്നു അമ്മാമ്മ പലരോടും " ഇതെവിടുന്നാ ത്രേസ്യാടുത്താരെ, വാറാപ്ലക്ക് സായിപ്പന്മാരുടെ പോലത്തെ കളസം" എന്ന ചോദ്യത്തിന് മറുപടി പറയുന്നത് കേൾക്കാറുണ്ട്.
അപ്പാപ്പൻ പല പള്ളികളുടെയും പെയിന്റ് പണി കഴിഞ്ഞു വരുമ്പോൾ അടുത്തിരുത്തി, മണിമാളികകളിൽ കയറിയ സാഹസിക കഥകൾ പറയും. ഏറ്റവും മുകളിൽ നിന്ന് കടൽ കണ്ട കാര്യം പറയും. കടലിൽ നീലത്തിമിംഗലങ്ങളെ കാണാം. കർക്കിടമാസത്തിലെ മഴയിൽ ആനകൾ പോലും കടലിലേക്ക് ഒഴുകിവരുന്നതും അവിടെ നിന്നും കയറിപ്പോകുന്നതുമൊക്കെ അപ്പാപ്പൻ കണ്ടിട്ടുണ്ടത്രെ." അപ്പാപ്പാ ഒരു ദിവസം എന്നെയും നമ്മുടെ മണിമാളികയുടെ മുകളിൽ കയറ്റി കടൽ കാണിച്ചു തരോ?" എന്റെ ചോദ്യങ്ങൾക്കു അപ്പാപ്പൻ ഒരിക്കലും ഇല്ല എന്നു പറഞ്ഞില്ല. രാത്രികളിൽ അപ്പാപ്പന്റെ കൂടെ മണിമാളികയുടെ മുകളിൽ കയറിനിന്നു കടലു കാണുന്നത് സ്വപ്‌നങ്ങൾ കണ്ടിട്ടുണ്ട്.
സ്കൂളിലെത്തിയാൽ, ഞാൻ ഫൈസലിനോട് പറയും " ഒരു ദിവസം ഞാനെന്റെ അപ്പാപ്പന്റെ കൂടെ ഇതിന്റെ മുകളിൽ കയറി കടലു കാണും". അവൻ അപ്പൊ പറയും "നിന്നെ ഞാനെന്റെ നാട്ടികയിലുള്ള മാമ്മേടെ വീട്ടിൽ പോകുമ്പോൾ കൊണ്ടുപോകാം. ഒരുദിവസം മുഴുവൻ അവിടെ കടലിൽ കുത്തിമറഞ്ഞിട്ടു വരാമെടാ". അവൻ എല്ലാ വർഷവും വേനലവധി മുഴുവൻ കടലിൽ കളിച്ച കഥകളുമായി വീണ്ടും വരും. ഒരിക്കൽപോലും എന്നെ കൂട്ടികൊണ്ടുപോയില്ല. അവൻ എന്നും പറയും "ഈ പ്രാവശ്യം നമ്മൾ പോയിരിക്കുമെന്നു". എവിടെ, അവൻ ഈ പറച്ചിൽ മാത്രം.

പിന്നെയുള്ളത് ഞങ്ങളുടെ തന്നെ ക്‌ളാസ്സിൽ നിന്നുമുള്ള പള്ളിയിലെ അൾത്താരസംഘത്തിലുള്ളവരാണ്. അവർക്ക് വികാരിയച്ചന്റെ വക ദുക്റാനയുടെ (ജൂലൈ 3, തോമാശ്ലീഹായുടെ ദുക്റാന തിരുന്നാൾ ദിനം. കടൽകടന്ന് തോമാശ്ലീഹാ കൊടുങ്ങല്ലൂരിലെത്തിയതുകൊണ്ടാണ് അദ്ദേഹത്തിന്റെ മരണദിനമായ അന്ന് കടൽ കാണാൻ പോകുന്നത്) അന്ന് കടൽ കാണാൻ പോകാൻ അവസരമുണ്ട്. കടൽ കാണാൻ പോകുന്നതിന്റെ സന്തോഷം അവർ എല്ലാ വർഷവും പറയുന്നതുകേട്ടു സങ്കടവും ദേഷ്യവും വരും. അതിലൊരുത്തന്റെ രഹസ്യനിർദ്ദേശപ്രകാരം ഗൗരവക്കാരനായ വികാരിയച്ചനോട് ഉള്ള ധൈര്യം സംഭരിച്ചു ചോദിച്ചു. " അച്ചോ, അൾത്താരസംഘത്തിൽ ചേർന്നാൽ എന്നെ അടുത്ത ആഴ്ച്ച ദുക്റാനയുടെ അന്ന് കടലു കാണാൻ കൊണ്ടുവോ?" അച്ചൻ പറഞ്ഞു: "നീ ആദ്യം ചേരൂ. കടലു കാണാൻ അടുത്തവർഷം കൊണ്ടുപോകാം" അൾത്താരസംഘത്തിൽ ചേർന്ന് തുടരാനൊന്നും എനിക്ക് സാധിക്കില്ലായിരുന്നു. കാരണം രാവിലെ കുർബാനയുടെ സമയത്തു അപ്പന്റെ ചായക്കടയിലേക്ക് വേണ്ട പാലു വാങ്ങാൻ പാൽ സയറിയിൽ പോയി വരി നിൽക്കുന്ന സമയമായിരുന്നു. പിന്നെ പള്ളിയിലേക്ക് രണ്ടു കിലൊമീറ്ററിലധികം നടക്കണമായിരുന്നു. അതുകൊണ്ട് ആ ആഗ്രഹവും ഉപേക്ഷിച്ചു.
എട്ടാം ക്‌ളാസ്സിൽ പഠിക്കുന്ന സമയത്താണ് അപ്പാപ്പൻ മരിക്കുന്നത്. അപ്പാപ്പൻ ചൂടുകാലത്തു രാത്രി കയറുകട്ടിലിൽ പുറത്താണ് കിടക്കാറ്. ഒരുദിവസം രാവിലെ ചായക്കട തുറക്കാൻ അപ്പൻ പുറത്തിറങ്ങിയപ്പോൾ അപ്പാപ്പൻ കയറുകട്ടിലിനു താഴെ വീണു കിടക്കുന്നു.. ഞങ്ങൾക്കു ഓലപ്പന്തും ഓലപ്പീപ്പിയുമൊക്കെയുണ്ടാക്കി തന്നിരുന്ന അപ്പാപ്പൻ ഇനിയില്ല എന്നത് എന്നെ വേദനിപ്പിച്ചു. ചരമപ്രസംഗത്തിൽ വികാരിയച്ചൻ അപ്പാപ്പന്റെ ജോലിയിലുള്ള ആത്മാർത്ഥതയും സത്യസന്ധതയും എടുത്തു പറഞ്ഞു.

അന്ന് തന്നെ നാലുമണിയാകുമ്പോഴേക്കും പള്ളിക്കിപ്പറത്തുള്ള സെമിത്തേരിയിൽ അപ്പാപ്പനെ അടക്കി. അവിടെ കിടന്നാൽ അപ്പാപ്പന് മണിമാളികയുടെ മുകൾഭാഗം കാണാമായിരുന്നു. എന്നോട് 'വാഗ്ദാനം ചെയ്തത് അപ്പാപ്പന് നിറവേറ്റാനായില്ല മോനെ' എന്നു പറയുന്ന പോലെ അപ്പാപ്പനു അന്ത്യചുംബനം കൊടുത്തപ്പോൾ എന്റെ ചെവിയിൽ കേട്ടു. " "സാരമില്ല്യ അപ്പാപ്പാ, ഞാൻ ഒരു ദിസം കേറി കടൽ കാണും". എന്നു ഞാൻ അപ്പാപ്പനോട് ചെവിയിൽ പറഞ്ഞു.
അപ്പാപ്പൻ എന്നെ മണിമാളികയുടെ മുകളിലേക്ക് കൊണ്ടുപോയി കടലു കാണിച്ചു തന്നില്ല. ഫൈസൽ എല്ലായ്പ്പോഴും മാമ്മേടെ വീട്ടിലേക്കു തനിയെ പോയി. ഒൻപതാം ക്‌ളാസ്സിലെ വെക്കേഷൻ ആകുമ്പോഴേക്കും അവന്റെ സൈക്കിളിനു പുറകിൽ ഫാത്തിമയായിരുന്നു. അതുകൊണ്ടു ആ പ്രതീക്ഷയും കഴിഞ്ഞു. രാത്രിയും പകലും ചായക്കടയിൽ നിന്നൊഴിയാത്ത അപ്പനെങ്ങനെ കടൽ കാണിക്കാൻ കൊണ്ടുപോകാൻ സാധിക്കും. അതുകൊണ്ട് അങ്ങനെയൊരാഗ്രഹം ഞാൻ അവതരിപ്പിച്ചിട്ടുപോലുമില്ല. അമ്മയോട് ആ ആഗ്രഹം പറഞ്ഞു അമ്മയുടെ മനസ്സ് വേദനിപ്പിക്കണ്ട എന്നു കരുതി. "എന്റെ പൊന്നു മോനു കഞ്ഞിയും ചോറും തരാൻ വേണ്ടിയല്ലേ, അപ്പനും അമ്മയും ഈ രാവന്തിയോളം കഷ്ടപ്പെടുന്നത്". എനിക്കറിയാം മക്കളുടെ ആഗ്രഹങ്ങൾ കേട്ട് മനസ്സ് വിഷമിക്കാനെ അതിനു കഴിയൂ.

ഒരുദിവസം സ്കൂളിലേക്ക് കിഴക്കോട്ട് നടക്കുന്നതിനുപകരം പടിഞ്ഞാറോട്ടു നടന്നു. ജൂണിലെ കടലിരമ്പം കേൾക്കാറുള്ള ഭാഗത്തേക്ക് നടന്നു. പക്ഷെ മുറ്റിച്ചൂർ പുഴയിലെ കടത്തു വഞ്ചി അന്ന് ഉഗ്രമായ മഴമൂലം നിർത്തിവെച്ചിരുന്നു. നേരെ സ്കൂളിലേക്ക് നടന്നു. ആ വ്യാമോഹവും വഴിയിലുപേക്ഷിച്ചു.

ജൂണിൽ പത്താം ക്‌ളാസ്സിലെ ക്‌ളാസ്സു തുടങ്ങി. പതിവുപോലെ ഫൈസൽ വന്നു, ഫാത്തിമയുമായി കടലുകാണാൻ പോയവിശേഷങ്ങൾ; ഒപ്പം അൾത്താരബാലന്മാരുടെ കടൽ കാണാൻ പോകാനുള്ള തയ്യാറെടുപ്പുകൾ. ക്‌ളാസ്സുകൾ നന്നായി നടക്കുന്നു. ജീവിതത്തിലെ വഴിത്തിരിവായ പരീക്ഷയാണ്. അതുകൊണ്ട് ശ്രദ്ധിക്കണമെന്ന് അമ്മിണി ടീച്ചർ എപ്പോഴും പറയും. എന്നാൽ എന്റെ ആഗ്രഹം കടൽ കാണാൻ മണിമാളികയുടെ മുകളിൽ കയറാനായിരുന്നു. ഈ ദുക്റാനയുടെ അന്ന് ആരുമറിയാതെ മണിമാളികയുടെ മുകളിൽ കയറി കടലു കാണണം. തോമശ്ലീഹ കൊടുങ്ങല്ലൂർക്കു പോകുന്നതു കാണണം. ആനകൾ കടലിൽ നിന്നും കയറി വരുന്നത് കാണണം. ഫൈസൽ ഫാത്തിമയ്ക്കു കാണിച്ചു കൊടുക്കാറുള്ള ഡോൾഫിനുകളെ കാണണം. അടുത്ത വർഷം പത്താം ക്‌ളാസുകഴിഞ്ഞാൽ മണിമാളികയുടെ മുകളിലേക്ക് കയറാൻ ഇത്ര സൗകര്യം ഉണ്ടാകില്ല. കാരണം ഈ വഴിത്തിരിവ് പരീക്ഷ കഴിഞ്ഞാൽ പിന്നെ എവിടെയാകുമെന്നൊരുറപ്പുമില്ല.

ജൂലൈ മൂന്നാം തിയ്യതി ഉച്ചഭക്ഷണം കഴിഞ്ഞു ആരുമറിയാതെ, മണിമാളികയുടെ ഉള്ളിൽ കയറി. ഉച്ചക്ക് പന്ത്രണ്ടു മണി അടിച്ചിട്ട് കപ്യാര് പൊറിഞ്ചേട്ടൻ വീട്ടിൽ പോയി. ഇനി വൈകുന്നേരമേ വരൂ. ഞാൻ പതിയെ കോണിയിൽ വലിഞ്ഞു കയറി. ശ്രദ്ധയോടെ ഊർന്നു കയറി മുകളിലേക്ക് പോയി. തെങ്ങുകളിലെ തേങ്ങകൾ കാണാവുന്ന ഉയരവും കഴിഞ്ഞു മുകളിലേക്കു കയറി. പടിഞ്ഞാറോട്ടു നോക്കുമ്പോൾ നീല നിറം കാണാം. ഏറ്റവും മുകളിലെത്താൻ ഇനിയും കുറെ കയറണം. താഴേക്ക് നോക്കിയപ്പോൾ പേടി തോന്നി. കണ്ണടച്ച് മുകളിലേക്ക് കയറി. മുകളിലേക്ക് പോകാതെ പിന്നിലേക്കില്ല എന്ന തീരുമാനത്തോടെ ഓരോ കമ്പിയിൽ പിടിക്കുമ്പോഴും കൈ വിറക്കാൻ തുടങ്ങി. ദാഹിക്കുന്നു. കണ്ണുകളിൽ ഇരുട്ട് പടരുന്നു.
ദുഃഖവെള്ളിയാഴ്ച കുരിശിന്റെ വഴിയിലെ പ്രാർത്ഥനകൾ ഞങ്ങളുടെ ഇടവകയിലെ ഡെന്നി മാഷുടെ സ്വരത്തിൽ കേൾക്കാത്ത ആരുമുണ്ടാകില്ല. ഒൻപതാം സ്ഥലത്തെ പ്രാർത്ഥനകൾ എന്റെ ചെവിയിൽ മുഴങ്ങി.
" ഒൻപതാം സ്ഥലം ഈശോ മൂന്നാം പ്രാവശ്യം വീഴുന്നു". " മുന്നോട്ടു നീങ്ങുവാൻ അവിടുത്തേക്ക്‌ ഇനി ശക്തിയില്ല...... രക്തമെല്ലാം തീരാറായി ...... തല കറങ്ങുന്നു ...... ശരീരം വിറയ്ക്കുന്നു....... അവിടുന്നതാ നിലം പതിക്കുന്നു."

ഞാൻ മുകളിലേക്കു നോക്കി അതാ കാക്കി ഷർട്ടും ട്രൗസറുമിട്ട എന്റെ അപ്പാപ്പൻ അന്ന് ചെയ്ത വാഗ്ദാനം നിറവേറ്റാൻ എന്റെ നേരെ കൈ നീട്ടി. ഞാൻ അപ്പാപ്പന്റെ കൈ പിടിച്ചു.എന്നെ മണിമാളികയുടെ മുകളിലെത്തിച്ചു. പടിഞ്ഞാറുള്ള ജാലകങ്ങൾ തുറന്നു. കടൽ കാഴ്ചകൾ കാണിച്ചു തന്നു. കുന്തവും പിടിച്ചു ഒരു കപ്പലിന് മുൻപിൽ നിന്നുകൊണ്ട് തോമാശ്ലീഹാ കൊടുങ്ങല്ലൂരിലേക്കു പോകുന്നു. കടലിൽ നീലത്തിമിംഗലങ്ങൾ കുത്തി മറിയുന്നു. ഫൈസൽ ഫാത്തിമയെ സൈക്കിളിനു പുറകിലിരുത്തി കടൽ തീരത്തുകൂടി പായുന്നുണ്ട്. വികാരിയച്ചനും അൾത്താരസംഘവും കടലിൽ കളിക്കുന്നു. സൂര്യാസ്തമയവും കഴിഞ്ഞപ്പോൾ അപ്പാപ്പൻ എന്നെ താഴെയിറക്കി തന്നു. നേരം വൈകിയല്ലോ? എന്നെ കാണാതെ അമ്മ വിഷമിക്കുമെന്നു വിചാരിച്ചു ഞാൻ വേഗം വീട്ടിലേക്കോടി.

പിന്നെയൊന്നും എനിക്കോർമ്മയില്ല. ഇനി ഓർമ്മ വന്നാലും ഞാൻ ഓർക്കാൻ ആഗ്രഹിക്കുന്നില്ല.
ഒരു വർഷക്കാലം ആശുപത്രിയും മരുന്നുമൊക്കെയായി നടന്നു. എത്രകമ്പികൾ ദേഹത്തുണ്ടെന്നു അറിയാതെ, അമ്മയുടെ കൈ പിടിച്ചു പള്ളിയിൽ എത്തിയപ്പോൾ ഞാൻ സെമിത്തേരിയിലെത്തി അപ്പാപ്പന്റെ കുഴിമാടം കണ്ടു. മൂന്നു വർഷമായിട്ടും അപ്പാപ്പന്റെ കുഴിയിൽ ആരെയും വെക്കാത്തതുകൊണ്ടു ആ പേരെഴുതിയ കുരിശു മണിമാളിക നോക്കി കിടപ്പുണ്ടായിരുന്നു. അവിടെനിന്നും ഞാൻ മണിമാളികയുടെ മുകളിലേക്ക് നോക്കിയപ്പോൾ, അതിന്റെ കിഴക്കേ ജാലകം തുറന്ന്, കാക്കിയിട്ട അപ്പൂപ്പൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.