ജ്യുസെപ്പെ പിയാസ്സി: ആകാശ തലങ്ങളെ പ്രണയിച്ച വൈദികന്‍

ജ്യുസെപ്പെ പിയാസ്സി: ആകാശ തലങ്ങളെ പ്രണയിച്ച വൈദികന്‍

ശാസ്ത്ര വളര്‍ച്ചയില്‍ സഭാ സംഭാവനകളെക്കുറിച്ച് ഫാ. ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ നാലാം ഭാഗം

കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ കൗതുകത്തോടെ നോക്കുന്ന ഒന്നാണ് നക്ഷത്ര ദീപ്തമായ ആകാശം. പ്രകാശ മലിനീകരണം മൂലം ഇന്ന് നമ്മുടെ നഗരങ്ങളില്‍ രാത്രികാലങ്ങളില്‍ പോലും അധികം നക്ഷത്രങ്ങള്‍ കാണാനാവുന്നില്ല. വാന നിരീക്ഷണം ഒരു ശാസ്ത്ര ശാഖയാണ്. വിലയേറിയ ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ച് ആകാശം നിരീക്ഷിക്കുന്നതും പുതിയ നക്ഷത്രങ്ങളെയും ചിന്ന ഗ്രഹങ്ങളെയും ഉള്‍ക്കകളെയുമെല്ലാം പഠിക്കുന്നത് ഈ ശാസ്ത്ര ശാഖയാണ്. വാന നിരീക്ഷണ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒരു ശാസ്ത്രജ്ഞനാണ് ജ്യുസെപ്പെ പിയാസ്സി.

ഇറ്റലിയിലെ ലൊംബാര്‍ഡിയ പ്രദേശത്തു 1746 ജൂലൈ 16 നാണ് ജ്യുസെപ്പെ പിയാസ്സി ജനിക്കുന്നത്. പത്തു മക്കളുള്ള ഒരു ധനാഢ്യന്റെ ഒമ്പതാമത്തെ മകനായിരുന്നു പിയാസ്സി. തീരെ ചെറുപ്പത്തില്‍ത്തന്നെ മരിച്ചുപോകുമോ എന്ന് സംശയമുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തെ ജനിച്ച് ഏറെ വൈകാതെ മാമ്മോദിസാ മുക്കി. പത്തൊന്‍പതാം വയസില്‍ അദ്ദേഹം തേയാറ്റിന്‍ എന്ന സന്യാസസമൂഹത്തില്‍ ചേര്‍ന്നു. പിയാസ്സിയുടെ പഠനകാലത്തെക്കുറിച്ചു വ്യക്തമായ രേഖകളൊന്നുമില്ല.

പലേര്‍മോയിലെ വാന നിരീക്ഷണ കേന്ദ്രത്തിലെ രേഖകളില്‍ 1770 നും 1780 നുമിടയില്‍ അദ്ദേഹം ഇറ്റലിയിലെ പല നഗരങ്ങളില്‍ തത്വശാസ്ത്രവും ഗണിത ശാസ്ത്രവും പഠിപ്പിക്കാനുള്ള അനുവാദത്തിനായി അധികാരികള്‍ക്ക് കത്തയച്ചതിനുള്ള തെളിവുകളുണ്ട്. 1787 മുതല്‍ മൂന്ന് വര്‍ഷത്തേക്ക് അദ്ദേഹം പാരീസ്, ലണ്ടന്‍ തുടങ്ങിയ നഗരങ്ങളിലൂടെ യാത്ര ചെയ്യുകയും അവിടങ്ങളിലെ വിശ്വപ്രസിദ്ധരായ വാന നിരീക്ഷകരുമായി ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്തു. 1826 ല്‍ ഇഹലോകവാസം വെടിഞ്ഞു നക്ഷത്രങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തേക്ക് അദ്ദേഹം യാത്രയായി.

ലണ്ടനില്‍ നിന്ന് അഞ്ചടി വ്യാസമുള്ള ഒരു ടെലിസ്‌കോപ്പുമായാണ് പിയാസ്സി ഇറ്റലിയില്‍ മടങ്ങി വന്നത്. ഇത് അദ്ദേഹം പലേര്‍മോയിലെ വാന നിരീക്ഷണ കേന്ദ്രത്തില്‍ സ്ഥാപിച്ചു. അന്ന് നിലവിലുണ്ടായിരുന്ന എല്ലാ ടെലിസ്‌കോപ്പുകളെക്കാള്‍ ശക്തിയുള്ള ടെലെസ്‌കോപ് എന്ന നിലയില്‍ പലേര്‍മോയിലെ നിരീക്ഷണ കേന്ദ്രം വാന നിരീക്ഷണതിനു പ്രസിദ്ധമായിത്തുടങ്ങി. നക്ഷത്രങ്ങളുടെ സ്ഥാനം നിശ്ചയിക്കാന്‍ പിയാസ്സി ശാസ്ത്രീയപദ്ധതി തയ്യാറാക്കി. നാലു ദിവസം ഒരേ നക്ഷത്രത്തെ നിരീക്ഷിച്ചതിനു ശേഷമാണ് അതിന്റെ സ്ഥാനം നിര്‍ണയിച്ചത്.

ഇത്തരത്തിലുള്ള നിരീക്ഷണങ്ങള്‍ക്കുശേഷം 1803 ല്‍ അദ്ദേഹം നക്ഷത്രങ്ങളുടെ ഒരു കാറ്റലോഗ് തയ്യാറാക്കി. 7646 നക്ഷത്രങ്ങളുടെ സ്ഥാനം ഈ കാറ്റലോഗില്‍ രേഖപ്പെടുത്തിയിരുന്നു. ലോകത്തിലെ ഏറ്റവും ആദ്യത്തെ നക്ഷത്രങ്ങളുടെ കാറ്റലോഗ് ആണ് പിയാസ്സി എന്ന വൈദികന്‍ തയ്യാറാക്കിയ ഈ കാറ്റലോഗ്. മിക്കവാറും നക്ഷത്രങ്ങള്‍ ഭ്രമണത്തിലാണെന്ന് ഈ നിരീക്ഷണകാലത്ത് തിരിച്ചറിഞ്ഞ പിയാസ്സി അത് തെളിയിക്കുകയും ചെയ്തു.

നക്ഷതങ്ങളുടെ ചലനത്തെക്കുറിച്ചു ആദ്യമായി ആധികാരികമായി സംസാരിക്കുന്ന ശാസ്ത്രജ്ഞന്‍ പിയാസ്സിയാണ്. നക്ഷത്രങ്ങളുടെ ചലനത്തെക്കുറിച്ചുള്ള അറിവ് പില്‍ക്കാലത്തു ജ്യോതിശാസ്ത്രത്തെ വളരെയധികം വളര്‍ത്തി. ഈ പഠനങ്ങള്‍ക്ക് 1804 ല്‍ ഫ്രാന്‍സിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഗണിത ശാസ്ത്രത്തിനും ഭൗതിക ശാസ്ത്രത്തിനും നല്‍കിയിരുന്ന പരമോന്നത ബഹുമതിക്ക് അദ്ദേഹം അര്‍ഹനായി.

പിയാസ്സിയുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഒരു ദിവസമാണ് 1801 ജനുവരി ഒന്ന്. അന്നാണ് സിസിലിയിലെ പലേര്‍മോയില്‍ സെറിസ് (Ceres) എന്ന ആകാശ ഗോളത്തെ അദ്ദേഹം കണ്ടെത്തിയത്. ഒരു ഗ്രീക്ക് ദേവതയുടെ പേരാണ് സെറിസ്. സിസിലി നഗരത്തിന്റെ അന്നത്തെ ദേവതയായിരുന്നു സെറിസ്. 1596 ല്‍ ജൊഹാനസ് കെപ്ലെര്‍  Mysterium Cosmographicum എന്ന പുസ്തകത്തില്‍ ചൊവ്വായ്ക്കും (Mars) വ്യാഴത്തിനുമിടയില്‍ (Jupiter) ഒരു ഗ്രഹമുണ്ടെന്നു സംശയിച്ചിരുന്നു. അദ്ദേഹത്തിന്റെ സംശയത്തിന്റെ കാരണം ഇന്നത്തെ ശാസ്ത്രീയ വിശകലനത്തില്‍ നമുക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെങ്കിലും അങ്ങനെയൊരു സംശയം പതിനാറാം നൂറ്റാണ്ടില്‍ത്തന്നെ അദ്ദേഹം മുന്നോട്ടു വെച്ചു.

1801 ജനുവരി ഒന്നിനാണ് അദ്ദേഹം ആദ്യമായി സെറിസ് നക്ഷത്രത്തെ കാണുന്നത്. പിറ്റേ ദിവസം സെറിസ് മറ്റൊരു സ്ഥാനത്തേക്ക് നീങ്ങിയതായി അദ്ദേഹം മനസിലാക്കി. നാലു ദിവസത്തെ നിരീക്ഷണം സെറിസ് ഒരു ധൂമകേതു (comet) ആണോ എന്ന സംശയം പിയാസ്സിയില്‍ ജനിപ്പിച്ചു. ചൊവ്വയെക്കാള്‍ വേഗത കുറഞ്ഞും വ്യാഴത്തെക്കാള്‍ വേഗതയിലുമാണ് ഈ ഗോളം സഞ്ചരിച്ചിരുന്നത് എന്ന നിരീക്ഷണമാണ് ഇത് ചൊവ്വക്കും വ്യാഴത്തിനുമിടയിലാണ് എന്ന നിഗമനത്തിലെത്തിച്ചത്. തുടര്‍ന്നുള്ള നിരീക്ഷണങ്ങള്‍ ഇത് ഒരു ഗ്രഹമല്ല, ഒരു ചിന്നഗ്രഹമാണെന്നു മനസിലാക്കി.

1850 കളില്‍ മറ്റു ചിന്ന ഗ്രഹങ്ങളുടെ കണ്ടുപിടുത്തമാണ് സെറിസും ഒരു ചിന്ന ഗ്രഹമാണെന്ന നിഗമനത്തിലെത്തിച്ചത്. വ്യാഴത്തിനും ചൊവ്വയ്ക്കും ഇടയിലെ ചിന്നഗ്രഹങ്ങളുടെ മേഖലയിലെ ഏറ്റവും വലുതാണ് സെറിസ്. ഇക്കാരണത്താല്‍ 2006 ല്‍ വീണ്ടും ഇതിനെ പ്ലൂട്ടോയെപ്പോലെ ഒരു കുള്ളന്‍ ഗ്രഹമായി പ്രഖ്യാപിച്ചു. 1930 ലാണ് പ്ലൂട്ടോ ആദ്യമായി നിരീക്ഷിക്കപ്പെട്ടത് എന്നത് മറ്റൊരു കുള്ളന്‍ ഗ്രഹമായ സെറിസ് എത്രത്തോളം നേരത്തെ പിയാസ്സി നിരീക്ഷിച്ചു എന്നതിന് ദൃഷ്ടാന്തമാണ്.

ജ്യോതി ശാസ്ത്രം കത്തോലിക്കാസഭ അയിത്തം കല്‍പിക്കുന്ന ഒരു മേഖലയാണെന്നു പലരും വിശ്വസിക്കുന്നുണ്ട്. ബൈബിളിലെ, പ്രത്യേകിച്ച് പഴയ നിയമത്തിലെ പ്രപഞ്ച വീക്ഷണം പദാനുപദം ശരിയാണെന്നു വരുത്താനുള്ള പരിശ്രമത്തിന്റെ ഭാഗമാണിതെന്നും അവര്‍ കരുതുന്നു. എന്നാല്‍ എക്കാലവും ജ്യോതിശാസ്ത്രത്തിനും വാന നിരീക്ഷണത്തിനും സഭ പ്രാധാന്യം നല്കിയിട്ടുള്ളതാണ്. ലോകത്തിലെ പല പ്രധാനപ്പെട്ട വാന നിരീക്ഷണ കേന്ദ്രങ്ങളും സഭയോട് ബന്ധപ്പെട്ടതാണെന്നത് വിസ്മരിക്കുന്നില്ല.

ഇത്തരത്തില്‍ ജ്യുസെപ്പെ പിയാസ്സി നൂറ്റാണ്ടുകള്‍ക്കു മുമ്പേ കത്തോലിക്കാ സഭയില്‍ നിന്നും വാന നിരീക്ഷണ മേഖലയില്‍ തന്റെ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയാണ്. ഇദ്ദേഹത്തെ നമ്മുടെ സമൂഹം എത്രത്തോളം അറിയുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട് എന്ന് സംശയമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ സംഭവനകളിലൂടെ കടന്നുപോകുന്ന ഒരാള്‍ക്കും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തെ അവഗണിക്കാനാവില്ല.

ശാസ്ത്ര ലോകം പിയാസ്സിയെ മറക്കില്ല. 1923 ല്‍ ശാസ്ത്ര ലോകം കണ്ടെത്തിയ 1000 ാമത് ഛിന്നഗ്രഹത്തിന് അദ്ദേഹത്തിന്റെ പേരാണ് നല്‍കിയിരിക്കുന്നത് (1000 Piazzi) എന്നതും 1935 ല്‍ ചന്ദ്ര മുഖത്തെ ഗര്‍ത്തങ്ങളിലൊന്നിന് Lunar Crater Piazzi എന്നു പേരു നല്‍കിയതും ഇതിന്റെ സൂചനകളാണ്. വാന നിരീക്ഷണ മേഖലയില്‍ അദ്ദേഹത്തിന്റെ നാമം എക്കാലവും ജ്യോതിസോടെ നിലനില്‍ക്കും.

(അടുത്ത ലക്കത്തില്‍: ഫ്രാന്‍ചെസ്‌കോ ഗ്രിമാല്‍ദി)



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.