തിരുവനന്തപുരം: വിവാദ പ്രകൃതിചികിത്സകനും ആധുനിക ചികിത്സാ രീതികള്‍ക്കെതിരായ നിലപാടുകളിലൂടെയും പലവട്ടം വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്ത മോഹനന്‍ നായര്‍ എന്ന മോഹനന്‍ വൈദ്യരെ (65) ബന്ധുവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിലാണ് ശനിയാഴ്ച രാത്രി ഏഴുമണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ വിവരം അറിയിച്ചതനുസരിച്ച് കൗണ്‍സിലറുടെയും പോലീസിന്റെയും നേതൃത്വത്തില്‍ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കോവിഡ് പരിശോധനക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷമായിരിക്കും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക.
ചേര്‍ത്തലയില്‍നിന്ന് രണ്ടുദിവസം മുമ്പാണ് ഇദ്ദേഹം മകനൊപ്പം കാലടിയില്‍ എത്തിയത്. ശനിയാഴ്ച രാവിലെ മുതല്‍ പനിയും മറ്റു ചില അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നു. വൈകീട്ടോടെ ശ്വാസതടസവും ഛര്‍ദിയും ഉണ്ടാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. കോവിഡ് ലക്ഷണങ്ങളോടെയാണ് മരണം.
ചികിത്സാരീതികളിലെ പ്രത്യേകതകൊണ്ട് പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞുനിന്ന ആളായിരുന്നു മോഹനന്‍ വൈദ്യര്‍. കൊട്ടാരക്കര സ്വദേശിയായ മോഹനന്‍ വൈദ്യര്‍ 25 വര്‍ഷമായി ചേര്‍ത്തല മതിലകത്താണ് താമസം.
ചികിത്സാ പിഴവില്‍ ഒന്നര വയസുകാരി മരിച്ചെന്ന പരാതിയിലടക്കം മോഹനനെതിരേ കേസുകളുണ്ട്. നിപ വൈറസുണ്ടെന്നത് വ്യാജപ്രചാരണമാണെന്ന് അവകാശപ്പെട്ട ഇയാള്‍ കോവിഡിനു ഫലപ്രദമായ ചികിത്സയുണ്ടെന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചികിത്സ നടത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് തൃശൂര്‍ പട്ടിക്കാട്ടെ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് നടത്തുകയും വൈദ്യരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ വരെ ചികിത്സിച്ചിരുന്നു.
ആധുനിക ചികിത്സയ്ക്കെതിരേ നിരവധി തവണ മോഹനന്‍ വൈദ്യര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. നാട്ടുമരുന്നുകളാണ് ഇദ്ദേഹം പ്രചരിപ്പിച്ചിരുന്നത്. വൈറസുകള്‍ ഇല്ല, കാന്‍സര്‍ എന്ന അസുഖമില്ല തുടങ്ങിയ വാദങ്ങള്‍ ഉന്നയിച്ചതുവഴി നിരവധി തവണ മോഹനന്‍ വൈദ്യര്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. വ്യാജ ചികിത്സ നടത്തിയതിന്റെ പേരില്‍ അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവിധ കേസുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്.
ശാസ്ത്രീയ അടിത്തറ ഇല്ലാത്ത ചികിത്സാ വിധികള്‍ ആയിരുന്നു മോഹനന്‍ നായരുടേത്. എങ്കിലും വലിയൊരു ആരാധക വൃന്ദം ഇദ്ദേഹത്തിന് സ്വന്തമായിട്ടുണ്ടായിരുന്നു. അതില്‍ വിദ്യാസമ്പന്നരും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ള പ്രമുഖരും ഉണ്ടായിരുന്നു. ആധുനിക ചികിത്സാ വിധികള്‍ ഒന്നും ഫലിക്കാത്ത മാറാരോഗികളെ സുഖപ്പെടുത്തുന്ന ആള്‍ എന്ന നിലയ്ക്കായിരുന്നു പലപ്പോഴും മോഹനന്‍ വൈദ്യര്‍ അവതരിപ്പിക്കപ്പെട്ടത്.
നിപ്പ കേരളത്തില്‍ വലിയ ഭീതി പരത്തിയ സമയത്ത് മോഹനന്‍ നായരുടെ വീഡിയോ പുറത്തുവന്നിരുന്നു. രോഗം പൊട്ടിപ്പുറപ്പെട്ടു എന്നു കരുതുന്ന പേരാമ്പ്രയില്‍നിന്ന് ശേഖരിച്ച മാമ്പഴങ്ങള്‍ കഴിക്കുന്നതായിരുന്നു വീഡിയോ. വവ്വാല്‍ ചപ്പിയത് എന്നായിരുന്നു അവകാശവാദം. ഇങ്ങനെയുള്ള പഴങ്ങള്‍ കഴിച്ചാല്‍ രോഗബാധ ഉണ്ടാവില്ലെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് താനിത് കഴിക്കുന്നത് എന്നും വീഡിയോയില്‍ വ്യക്തമാക്കി. ഇത് വലിയ വിവാദമാവുകയും പിന്നീട് മാപ്പ് പറയുകയും ചെയ്തു. നിപ്പാ വൈറസ് എന്നൊന്ന് ഇല്ലെന്നും എല്ലാം ആരോഗ്യവകുപ്പിന്റെ സൃഷ്ടിയാണെന്നും പറഞ്ഞിരുന്നു. ഈ വിവാദത്തില്‍ മോഹനന്‍ നായര്‍ക്കെതിരേ പോലീസ് കേസ് എടുത്തിരുന്നു.
മുന്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കെതിരേയും മോഹനന്‍ നായര്‍ രംഗത്തുവന്നു. നാട്ടുവൈദ്യത്തെയും ആരോഗ്യരംഗത്തെയും കുറിച്ച് പറയാന്‍ ശൈലജ ടീച്ചര്‍ക്ക് എന്ത് യോഗ്യത എന്നായിരുന്നു മോഹനന്റെ ചോദ്യം.
2019-ല്‍ ഒന്നര വയസുള്ള കുഞ്ഞിന്റെ മരണത്തില്‍ മോഹനന്‍ വൈദ്യര്‍ക്കെതിരേ പോലീസ് കേസ് എടുത്തിരുന്നു. ഇദ്ദേഹത്തിന്റെ ചികിത്സയിലായിരുന്നു കുഞ്ഞ്. വ്യാജ ചികിത്സയാണ് മരണത്തിന് വഴിവെച്ചത് എന്നപരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. തുടര്‍ന്ന് ആലപ്പുഴയിലെ ചികിത്സാ കേന്ദ്രം അടച്ചുപൂട്ടി. തെറ്റായ ചികിത്സ നല്‍കിയതിന് അറസ്റ്റിലാവുകയും ചെയ്തു.
കോവിഡ് ചികിത്സിച്ച് ഭേദമാക്കാം എന്ന് അവകാശപ്പെട്ടതിനെതുടര്‍ന്നാണ് ഏറ്റവും ഒടുവില്‍ മോഹനന്‍ വൈദ്യരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 18 ന് ആയിരുന്നു ഇത്. തൃശൂരിലെ പട്ടിക്കാട് ഉള്ള ചികിത്സാ കേന്ദ്രത്തില്‍ അന്ന് ഡിഎംഒയുടെ നേതൃത്വത്തില്‍ റെയ്ഡും നടന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.