ദുരിതമുണ്ടാകുമ്പോള്‍ പുതിയ സംഘടനകള്‍ ഉണ്ടാകും; സേവ് കുട്ടനാടിനെ മൂവ്മെന്റിനെ എതിര്‍ക്കേണ്ടതില്ല: വി.ഡി സതീശന്‍

ദുരിതമുണ്ടാകുമ്പോള്‍ പുതിയ സംഘടനകള്‍ ഉണ്ടാകും; സേവ് കുട്ടനാടിനെ മൂവ്മെന്റിനെ എതിര്‍ക്കേണ്ടതില്ല: വി.ഡി സതീശന്‍

മങ്കൊമ്പ്: സേവ് കുട്ടനാട് മൂവ്മെന്റിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ദുരിതമുണ്ടാകുമ്പോള്‍ പുതിയ സംഘടനകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അവരെ മാവോയിസ്റ്റോ ഭരണകൂട വിരുദ്ധരോ ആയി കണക്കാക്കരുത്. അങ്ങനെ പറയുന്നത് ഏകാധിപത്യ ഭരണകൂടത്തിന്റെ സൂചനകളാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. കുട്ടനാട് സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടനാടന്‍ ജനത നേടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. വെള്ളപ്പൊക്ക ദുരിതം നീക്കാന്‍ ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ വേണം. പുഴകളിലേയും കനാലുകളിലേയും എക്കലും ചെളിയും നീക്കണം. എ.സി റോഡിന്റെ നവീകരണത്തിന് സമ്പൂര്‍ണ പാരിസ്ഥിതിക പഠനം വേണം. ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ റോഡ് നവീകരണമാണോ സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും വിഡി സതീശന്‍ ചോദിച്ചു.

വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം സേവ് കുട്ടനാട് ക്യാമ്പയിന് പിന്തുണ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവിന് മുന്നില്‍ കുട്ടനാട്ടില്‍ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു.

മടവീഴ്ചയും വെള്ളപ്പൊക്കവുമാണ് കുട്ടനാട്ടിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങള്‍. ഇത് നോരിട്ട് കണ്ട് മനസിലാക്കാനാണ് പ്രതിപക്ഷ നേതാവും സംഘവും കുട്ടനാട്ടിലെത്തിയത്. കുട്ടനാടിന്റെ പ്രശ്‌നത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല. എല്ലാവരും ഒന്നിച്ചു നിന്ന് കുട്ടനാടിനെ കരകയറ്റുകയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.