ബാക്കു: തുര്‍ക്കിക്കെതിരേ മിന്നും ജയവുമായി പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി സ്വിറ്റ്‌സര്‍ലന്‍ഡ്. യൂറോ കപ്പിലെ ഗ്രൂപ് എയില്‍ നടന്ന അവസാന പോരാട്ടത്തില്‍ തുര്‍ക്കിയെ 3-1 ന് തോല്‍പിച്ചാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വിജയം. ജെര്‍ദാന്‍ ഷക്കീരിയുടെ ഇരട്ടഗോളുകളാണ് സ്വിറ്റ്‌സര്‍ലന്‍ഡിന് കരുത്തായത്. മൂന്നു ഗോളിനും വഴിയൊരുക്കി സ്റ്റീവന്‍ സുബറും തിളങ്ങി. മൂന്നില്‍ മൂന്നും തോറ്റാണ് തുര്‍ക്കി യൂറോയില്‍ നിന്നു മടങ്ങുന്നത്.
അഞ്ചാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയാണ് സ്വിറ്റ്‌സര്‍ലന്‍ഡ് വിജയക്കുതിപ്പ് തുടങ്ങിയത്. ജയമില്ലാതെ രണ്ടു മത്സരങ്ങള്‍ കടന്ന സ്വിറ്റ്‌സര്‍ലന്‍ഡിന് ഇതോടെ പുതുജീവനായി. അതേസമയം, ജയിച്ചെങ്കിലും പ്രീ-ക്വാര്‍ട്ടറിലെത്തുമോ എന്നറിയാന്‍ സ്വിറ്റ്സര്‍ലന്‍ഡ് കാത്തിരിക്കണം.
കളിയില്‍ തുര്‍ക്കിക്ക് അവസരം നല്‍കാതെ മുന്നേറിയ സ്വിറ്റ്സര്‍ലന്‍ഡ് 26-ാം മിനിറ്റില്‍ വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ ഷക്കീരിയുടെ തകര്‍പ്പന്‍ ഷോട്ടാണ് വലയിലായത്. എന്നാല്‍, 62-ാം മിനിറ്റില്‍ അവരുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് തുര്‍ക്കി തിരിച്ചടിച്ചു. അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഇര്‍ഫാന്‍ കാവെസിയുടെ ഷോട്ടാണ് പോസ്റ്റിന്റെ മൂലയില്‍ പതിച്ചത്. 68-ാം മിനിറ്റില്‍ ഷക്കീരി സ്വിറ്റ്സര്‍ലന്‍ഡിന്റെ ഗോള്‍ പട്ടിക തികച്ചു.
ഗ്രൂപ്പ് എയില്‍നിന്ന് ഇറ്റലിയും വെയ്ല്‍സുമാണ് നോക്കൗട്ട് ഉറപ്പിച്ചത്. വെയ്ല്‍സിനും സ്വിറ്റ്സര്‍ലന്‍ഡിനും നാലു പോയന്റാണെങ്കിലും ഗോള്‍ ശരാശരിയില്‍ സ്വിസ് ടീമിനെ മറികടന്ന് വെയ്ല്‍സ് നോക്കൗട്ടിലെത്തി. ഗ്രൂപ്പുകളിലെ മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ക്കും പ്രീ-ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉള്ളതിനാല്‍ സ്വിസ് ടീമിന് പ്രതീക്ഷയ്ക്ക് വകയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.