ദുബായ്: ജൂണ്‍ 23 മുതല്‍ എമിറേറ്റ്സും 24 മുതല്‍ എയർ ഇന്ത്യയും ദുബായിലേക്ക് സർവ്വീസ് നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ ടിക്കറ്റിനായുളള നെട്ടോട്ടത്തിലാണ് കേരളത്തില്‍ നിന്നടക്കമുളള പ്രവാസികള്‍. മടക്കയാത്രയ്ക്ക് റാപ്പിഡ് പിസിആർ ടെസ്റ്റ് വേണമെന്ന നിബന്ധനയില്‍ ഉള്‍പ്പടെ ആശയകുഴപ്പങ്ങളുണ്ടെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്തിടുകയാണ് പലരും. യുഎഇയില്‍ നിന്ന് രണ്ട് ഡോസ് വാക്സിനുമെടുത്ത് നാട്ടിലേക്ക് പോയവർക്ക് ആശങ്കകളില്ലാതെ മടങ്ങിയെത്താം.
ഇന്ത്യയില്‍ നല്കുന്ന കോവിഷീല്‍ഡ് വാക്സിനും യുഎഇയിലെ അസ്ട്രാ സെനക്കയും ഒന്നാണെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചതോടെ കോവിഷീല്‍ഡ് വാക്സിനെടുത്തവർക്കും തിരിച്ചുവരാം. കേരളത്തില്‍ ലഭ്യമാകുന്ന സ്പുട്നിക് വി വാക്സിനും യുഎഇയുടെ അംഗീകാരമുളള വാക്സിനാണ്. ഇത് കൂടാതെ ഫൈസറും സിനോഫാമുമാണ് യുഎഇ അംഗീകൃത വാക്സിനുകള്‍.
യാത്രയ്ക്ക് 48 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ നെഗറ്റീവ് ക്യൂ ആർ കോഡുളള സർട്ടിഫിക്കറ്റ് യാത്രികർക്കുണ്ടായിരിക്കണമെന്നുളളതാണ് മറ്റൊരു നിബന്ധന. അതുകൂടാതെ റാപ്പിഡ് പിസിആർ യാത്രയ്ക്ക് നാലുമണിക്കൂർ മുന്‍പെടുത്ത് നെഗറ്റീവാണെന്ന് ഉറപ്പിക്കുകയും വേണം. റാപ്പിഡ് ടെസ്റ്റിനുളള സൗകര്യം കേരളത്തില്‍ സംസ്ഥാന സർക്കാർ വിമാനത്താവളത്തില്‍ ഒരുക്കുമോയെന്നുളളതടക്കം ആശങ്ക നിലനില്‍ക്കുന്നതിനാല്‍ പലരും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആദ്യഘട്ടത്തില്‍ മടിച്ചു. അതുകൊണ്ടുതന്നെ കഴിഞ്ഞദിവസം രാവിലെ ടിക്കറ്റിന് നിരക്ക് കുറവായിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ടിക്കറ്റിന്‍റെ നിരക്കുയർന്നു. 900 ദിർഹത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്. പല വിമാനകമ്പനികളുടെ വെബ് സൈറ്റിലും ടിക്കറ്റ് തീർന്നുപോയെന്ന സന്ദേശമാണ് ലഭിക്കുന്നതും.
അതേസമയം റാപ്പിഡ് ടെസ്റ്റും ദുബായിലെത്തിയാല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനുമുടക്കമുളള വിഷയത്തില്‍ അവ്യക്തത നിലനില്‍കുന്നതിനാല്‍ ബുക്കിംഗ് നിർത്തിവച്ച വിമാനകമ്പനികളുമുണ്ട്. ദുബായില്‍ നിലവില്‍ വിമാനത്താവളത്തില്‍ നിന്ന് പിസിആർ ടെസ്റ്റെടുത്ത് കഴിഞ്ഞാല്‍ താമസസ്ഥലത്ത് സൗകര്യമുണ്ടെങ്കില്‍ അവിടെ ക്വാറന്റീനില്‍ കഴിയാമെന്നതായിരുന്നു ഇതുവരെയുളള വ്യവസ്ഥ. അങ്ങനെ സൗകര്യമില്ലെങ്കില്‍ സ്വന്തം ചെലവില്‍ ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിയാം.എന്നാല്‍ പുതിയ നിർദ്ദേശപ്രകാരം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനാണ് ദുബായ് നിർദ്ദേശിക്കുന്നത്. അങ്ങനെ വരുമ്പോള്‍ യാത്ര പുറപ്പെടും മുന്‍പ് തന്നെ ഇതിനുളള സൗകര്യം യാത്രികർ ഒരുക്കണോയെന്നുളളതും ആശങ്കയായി. ടിക്കറ്റിനൊപ്പം തന്നെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ കഴിയാനുളള ഹോട്ടല്‍ ബുക്കിംഗ് രേഖകളും ചില വിമാനകമ്പനികള്‍ ആവശ്യപ്പെട്ടതായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചവർ പറയുന്നു.
സന്ദർശകവിസയിലെത്താന്‍ കാത്തിരിക്കണം
നിലവില്‍ യുഎഇയുടെ താമസവിസയുളളവർക്കാണ് തിരിച്ചുവരാനുളള അനുമതി നല്‍കിയിട്ടുളളത്. അധികം വൈകാതെ സന്ദർശക വിസക്കാർക്കും വരാനുളള അനുമതി നല്കുമെന്നാണ് പ്രതീക്ഷ. നേരത്തെ യാത്രാവിലക്ക് വന്ന സമയത്ത് കാലാവധി കഴിഞ്ഞ താമസവിസക്കാർക്കും സന്ദർശകവിസക്കാർക്കുമൊക്കെ കാലാവധി നീട്ടിനല്‍കി തിരിച്ചുവരാന്‍ അനുവാദം നല്‍കിയിരുന്നു. ഇത്തരത്തിലുളള ഒരു പ്രഖ്യാപനവും പ്രതീക്ഷിക്കുന്നുണ്ട്.
ദുബായിലേക്ക് തിരിച്ചെത്താം, മറ്റ് എമിറേറ്റുകളുടെ കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും.
ഇന്ത്യയില്‍ നിന്നടക്കമുളള പ്രവാസികള്‍ക്ക് നിലവില്‍ ദുബായിലേക്ക് വരാനുളള അനുമതിയാണ് നല്‍കിയിരിക്കുന്നത്. അബുദാബി, റാസൽഖൈമ, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ വിമാനത്താവളങ്ങളിലേയ്ക്കുള്ള പ്രവേശനത്തെക്കുറിച്ച് വൈകാതെ തീരുമാനമുണ്ടായേക്കും.
ഇന്ത്യയെ കൂടാതെ നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്നുളള യാത്രക്കാർക്കും ദുബായിലേക്ക് തിരിച്ചെത്താന്‍ അനുമതി നല‍്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.