തിരുവനന്തപുരം: നിസാര കാര്യങ്ങള്‍ പറഞ്ഞ് ഫയലുകള്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ ഉണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്കായി നീക്കിവച്ച ഫണ്ട് ചില്ലിക്കാശ് പോലും നഷ്ടപ്പെടാതെ ചിലവഴിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് ജീവനക്കാരുടെ ഉത്തരവാദിത്തമാണ്. അതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
അഴിമതിയെന്നാല്‍ അവിഹിതമായി പണം കൈപ്പറ്റല്‍ മാത്രമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരിട്ട് കൈക്കൂലിയോ പാരിതോഷികങ്ങളോ ഒന്നും കൈപ്പറ്റുന്നുണ്ടാകില്ല. പക്ഷേ സര്‍ക്കാര്‍ ഫണ്ട് ചോര്‍ന്നുപോകുന്നതും അനര്‍ഹമായ ഇടങ്ങളില്‍ എത്തിച്ചേരുന്നതിനും മൂകസാക്ഷികളായി നില്‍ക്കുന്ന ചിലരുണ്ട്. ഇതും അഴിമതിയുടെ ഗണത്തിലാണ് വരികയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
കേരള എന്‍ ജി ഒ യൂണിയന്‍ സംഘടിപ്പിച്ച നവകേരള സൃഷ്ടിയും സിവില്‍ സര്‍വ്വീസും എന്ന വെബിനാറില്‍ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ജനാഭിലാഷം നിറവേറ്റാന്‍ സര്‍ക്കാരും ജീവനക്കാരും ഒന്നിച്ചുനീങ്ങണം. സിവില്‍ സര്‍വീസിന്റെ ശോഭ കെടുത്തുന്ന ഒരുവിഭാഗം ഇപ്പോഴുമുണ്ട്. എന്തുവന്നാലും മാറില്ലെന്നാണ് അവരുടെ മനോഭാവം. സിവില്‍ സര്‍വീസിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ കാര്യാലയങ്ങള്‍ പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ആ ചിന്ത എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഉണ്ടാകണം. പൊതുജനങ്ങളുടെ പരാതി ക്ഷമയോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കേള്‍ക്കണം. അതിനുള്ള മറുപടി വ്യക്തമായതും കാര്യകാരണ സഹിതമുള്ളതുമാകണം. ഇടതു സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷം സമാനതകളില്ലാത്ത ദുരന്തം നേരിട്ട കാലമായിരുന്നു. അതിനെയെല്ലാം സംസ്ഥാനം അതിജീവിച്ചു. ആ അതിജീവനം സാധ്യമാക്കിയതില്‍ എന്‍ജിഒ യൂണിയനെപ്പോലുള്ള സംഘടനകളുടെ പങ്ക് വളരെ വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥര്‍ വലിയ സുഖ സൗകര്യങ്ങളോടെ കഴിയുന്നവരാണെന്ന ചിന്ത ജനങ്ങളുടെ മനസില്‍ നിന്നു മാറ്റി അവര്‍ ജനങ്ങള്‍ക്ക് വേണ്ടി കര്‍മനിരതരാണെന്ന ചിന്ത ഉണ്ടാക്കാന്‍ കഴിയണം. നികുതി പണത്തിന്റെ ആനുകൂല്യങ്ങള്‍ പറ്റുന്നവരല്ല, മറിച്ച് കൃത്യമായി ജോലി ചെയ്തിട്ടാണ് ശമ്പളം പറ്റുന്നതെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടാകണം. ജനാധിപത്യത്തില്‍ ജനങ്ങളാണ് യഥാര്‍ത്ഥ യജമാനന്മാരെന്ന യാഥാര്‍ത്ഥ്യം നാം എല്ലാവരും ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.