കൊല്ലം: വിസ്മയയെ താന്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്ന് ഭര്‍ത്താവ് കിരണ്‍ കുമാര്‍ പൊലീസിന് മൊഴി നല്‍കി. വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറിനെച്ചൊല്ലിയായിരുന്നു വഴക്കുണ്ടായിരുന്നത്. വിസ്മയ അയച്ച വാട്സ്ആപ്പിലെ ചിത്രങ്ങള്‍ നേരത്തെ മര്‍ദ്ദിച്ചതിന്റെ ആണെന്നും കിരണ്‍ പൊലീസിനോട് സമ്മതിച്ചു. കസ്റ്റഡിയിലുള്ള കിരണിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
വിസ്മയ മരിക്കുന്ന അന്ന് രാത്രി മര്‍ദ്ദിച്ചിരുന്നില്ല. എന്നാല്‍ പുലര്‍ച്ചെ രണ്ടു മണിക്ക് വഴക്കുണ്ടായി. ഇതേത്തുടര്‍ന്ന് വീട്ടില്‍ പോകണമെന്ന് വിസ്മയ പറഞ്ഞു. നേരെ പുലരട്ടെ എന്ന് താന്‍ മറുപടി നല്‍കി. അതിന് ശേഷം വിസ്മയ ശുചിമുറിയില്‍ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കിരണ്‍ പൊലീസിനോട് പറഞ്ഞത്. ഏറെ നേരം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് താന്‍ കയറി നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്നും കിരണ്‍ പൊലീസിനോട് പറഞ്ഞു.
ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കിരണിനെ അറസ്റ്റ് ചെയ്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം പരിഗണിക്കുമെന്ന് പൊലീസ് അറിയിച്ചു. കിരണിന്റെ വീട്ടുകാരുടെ പങ്കും അന്വേഷിക്കുമെന്നും അവരെയും ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.
വിവാഹസമയത്ത് 100 പവന്‍, ഒരേക്കര്‍ 20 സെന്റ് ഭൂമി എന്നിവയ്ക്ക് പുറമേയാണ് 10 ലക്ഷം വിലമതിക്കുന്ന ടൊയോട്ട യാരിസ് കാറും വിസ്മയയുടെ കുടുംബം നല്‍കിയത്. എന്നാല്‍ ഈ കാര്‍ പോരെന്നും പകരം ലക്ഷ്വറി കാര്‍ വേണമെന്നായിരുന്നു കിരണിന്റെ ആവശ്യം. ഇതേച്ചൊല്ലി വിസ്മയയുടെ വീട്ടില്‍ വെച്ചും യുവതിയെയും സഹോദരനെയും കിരണ്‍ മര്‍ദ്ദിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.