'വിവാഹ ശേഷം വരന്‍ വധുവിന്റെ വീട്ടിലേക്കു വരട്ടെ': വ്യത്യസ്തമായ ഫെയ്‌സ്ബുക്ക് കുറിപ്പുമായി പി.കെ ശ്രീമതി

 'വിവാഹ ശേഷം വരന്‍ വധുവിന്റെ വീട്ടിലേക്കു വരട്ടെ': വ്യത്യസ്തമായ ഫെയ്‌സ്ബുക്ക് കുറിപ്പുമായി പി.കെ ശ്രീമതി

കണ്ണൂര്‍: കൊല്ലത്ത് വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ ഫെയ്‌സ്ബുക്ക് കുറിപ്പുമായി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ പി.കെ ശ്രീമതി ടീച്ചര്‍. ആചാരങ്ങളില്‍ മാറ്റം വരണമെന്നും വിവാഹ ശേഷം വരന്‍ വധുവിന്റെ വീട്ടിലേക്ക് വരട്ടെയെന്നുമാണ് ശ്രീമതി ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.

ന്യായം നോക്കിയാല്‍ വരന്റെ വീട്ടുകാര്‍ വധുവിന്റെ മാതാപിതാക്കള്‍ക്കാണ് പണം നല്‍കേണ്ടത്. ഇനി അതല്ലെങ്കില്‍ വരന്‍ വധുവിന്റെ വീട്ടില്‍ താമസിക്കട്ടെ. അപ്പോള്‍ പെണ്‍കുട്ടിക്കു മാനസിക സംഘര്‍ഷവുമുണ്ടാകില്ല. പെണ്‍കുട്ടിയുടെ ജീവന് സുരക്ഷിതത്വമുണ്ടാകുമെന്നും ശ്രീമതി ടീച്ചര്‍ വ്യക്തമാക്കി.

പെണ്‍കുട്ടികളെ പച്ചക്ക് തിന്നുന്ന പിശാചുക്കളെ വെറുതെ വിടരുതെന്നും അവര്‍ വ്യക്തമാക്കി. പെണ്‍കുട്ടികളെ കുരുതികൊടുക്കുന്ന കാടത്തം അവസാനിപ്പിക്കണം. ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും നീങ്ങുന്ന ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്നത് വലിയ അപമാനമാണ് ഉണ്ടാക്കുന്നതെന്നും അവര്‍ കുറിച്ചു.

പികെ ശ്രീമതി ടീച്ചറുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ആചാരങ്ങളില്‍ മാറ്റം വരണം. വിവാഹം കഴിഞ്ഞാല്‍ വരന്‍ വധുവിന്റെ വീട്ടിലേക്കു വരട്ടെ. ഞങ്ങളുടെ കണ്ണൂരില്‍ മുസ്ലീം കുടുംബങ്ങളിലെ ആചാരം പോലെ. കണ്ണില്‍ ചോരയില്ലാത്തവര്‍. കാട്ടുമ്യഗങ്ങള്‍ പോലും ലജ്ജിച്ച് തല താഴ്ത്തും. പെണ്‍കുട്ടികളെ പച്ചക്കു തിന്നുന്ന പിശാചുക്കളെ വെറുതെ വിടരുത്.

ധനത്തിനോടും സ്വത്തിനോടുമുള്ള മനുഷ്യരുടെ അത്യാര്‍ത്തി തീര്‍ക്കാന്‍ തികച്ചും നിസഹായരായ പെണ്‍കുട്ടികളെ കുരുതി കൊടുക്കുന്ന കാടത്തം അവസാനിപ്പിച്ചേ തീരൂ. അപരിചിതമായ ഭര്‍തൃവീട്ടില്‍ പൊന്നും പണവുമായി പെണ്‍കുട്ടി എത്തി അവരോടൊപ്പം ജീവിതകാലം മുഴുവന്‍ ചിലവഴിക്കണം. അവള്‍ ജോലി ചെയ്യ്ത് കിട്ടുന്ന വരുമാനവും അവിടെ തന്നെ ചിലവഴിക്കണം.

പെണ്‍ മക്കളെ വളര്‍ത്തി പഠിപ്പിച്ച് ഒരു ജോലിയുമായാല്‍ വിവാഹം. വിദ്യാഭ്യാസം കുറവാണെങ്കിലും മനസാക്ഷിക്കുത്തില്ലാതെ പെണ്‍പണം ചോദിക്കുന്ന വരന്റെ മാതാപിതാക്കള്‍. നിവൃത്തിയില്ലാതെ കടം വാങ്ങി ആയാലും സ്ത്രീധനവും കൊടുത്ത് മകളുടെ നെഞ്ചുനിറയെ ആഭരണവും വാങ്ങിയിട്ട് ദുരഭിമാനത്തോടെ ഞെളിഞ്ഞ് നില്‍ക്കുന്ന വധുവിന്റെ രക്ഷാകര്‍ത്താക്കള്‍.

ഒന്നോ രണ്ടോ പെണ്‍ മക്കളുണ്ടെങ്കില്‍ വിവാഹത്തോടെ വീടും കുടിയും നഷ്ടപ്പെടുന്നവര്‍ കേരളത്തില്‍ എത്രയായിരം പേര്‍? ഇങ്ങനെ ഭര്‍ത്തൃ വീട്ടില്‍ അയക്കപ്പെട്ട പല പെണ്‍കുട്ടികള്‍ക്കും നേരിടേണ്ടി വരുന്നതോ നിന്ദയും അതിക്രൂരമായ പീഢനവും. ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും നീങ്ങുന്ന ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്നത് നമുക്ക് ചെറിയ അപമാനമല്ല ഉണ്ടാക്കി വെക്കുന്നത്. ന്യായം നോക്കിയാല്‍ വരന്റെ വീട്ടുകാര്‍ വധുവിന്റെ മാതാപിതാക്കള്‍ക്ക് ആണ് പണം കൊടുക്കേണ്ടത്.

ഇനി അതല്ലെങ്കില്‍ വിവാഹം കഴിഞ്ഞാല്‍ വരന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വന്നു താമസിക്കട്ടെ. പെണ്‍കുട്ടിക്കു മാനസിക സംഘര്‍ഷവുമുണ്ടാകില്ല. പെണ്‍കുട്ടിയുടെ ജീവനു സുരക്ഷിതത്വവുമുണ്ടാകും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.