ടിപിആര്‍ 16 ശതമാനത്തിന് താഴെയുള്ള ഇടങ്ങളില്‍ ആരാധാനാലയങ്ങള്‍ തുറക്കാം; ആര്‍ടിപിസിആറിന് വിമാനത്താവളങ്ങളില്‍ സൗകര്യം

ടിപിആര്‍ 16 ശതമാനത്തിന് താഴെയുള്ള ഇടങ്ങളില്‍ ആരാധാനാലയങ്ങള്‍ തുറക്കാം; ആര്‍ടിപിസിആറിന് വിമാനത്താവളങ്ങളില്‍ സൗകര്യം

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ആരാധനാലയങ്ങള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. ഒരേ സമയം പരമാവധി പതിനഞ്ച് പേര്‍ക്കായിരിക്കും അകത്തേക്ക് പ്രവേശനം നല്‍കുക. വ്യാഴാഴ്ച മുതലാണ് ഇളവ്.

ആരാധനാലയങ്ങള്‍ തുറക്കണമെന്ന് പ്രതിപക്ഷവും വിവിധ മതമേലധ്യക്ഷന്‍മാരും സാമൂദായിക സംഘടനകളും ആവശ്യപ്പെട്ടിരുന്നു. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്താണ് ടിപിആര്‍ 16 ശതമാനത്തില്‍ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ആരാധനാലയങ്ങള്‍ തുറക്കാമെന്ന് തീരുമാനിച്ചത്.

നാല് മണിക്കൂര്‍ ആര്‍ടിപിസിആര്‍ ഫലം കിട്ടത്തക്ക തരത്തില്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക ടെസ്റ്റ് സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോളേജ് വിദ്യാര്‍ഥികള്‍ക്ക് വാക്സിന്‍ ഉടന്‍ ലഭ്യമാക്കുന്ന കാര്യം പരിഗണനയിലാണ്. 18-23 വയസ് വരെയുള്ളവര്‍ക്ക് പ്രത്യേക കാറ്റഗറി നിശ്ചയിച്ച് വാക്സിന്‍ നല്‍കും. വാക്സിനേഷന്‍ പൂര്‍ത്തിയാക്കി ക്ലാസുകള്‍ ഉടന്‍ ആരംഭിക്കും. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ ക്ലാസ് തുടങ്ങും. അവര്‍ക്കെല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമായതിനെ തുടര്‍ന്നാണ് ക്ലാസ് ആരംഭിക്കാന്‍ തീരുമാനിച്ചത്.

സ്‌കൂള്‍ അധ്യാപകരുടെ വാക്സിനേഷന് മുന്‍ഗണന നല്‍കി പൂര്‍ത്തിയാക്കും. കുട്ടികളുടെ വാക്സിന്‍ ലഭ്യമാവുന്ന മുറയ്ക്ക് വിതരണം ചെയ്യും. കോവാക്സിന്‍ പുതിയ സ്റ്റോക്ക് ലഭ്യമായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബാങ്കുകള്‍ക്ക് നിലവിലുള്ള സാഹചര്യത്തിന് പുറമേ ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളില്‍ 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. എന്നാല്‍ ഉപയോക്താക്കളെ പ്രവേശിപ്പിക്കാന്‍ പാടില്ല.

പൊതുവായുള്ള നിയന്ത്രണങ്ങള്‍ നിലവിലെ രീതിയില്‍ ഒരാഴ്ച കൂടി തുടരാനാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന് നില്‍ക്കുന്ന ഇടങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരും. ടിപിആര്‍ 24ന് മുകളില്‍ നില്‍ക്കുന്ന ഇടങ്ങളില്‍ കടുത്ത നിയന്ത്രണം ഉണ്ടാകും.

ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തില്‍ നാല് മേഖലകളായി തിരിച്ചുള്ള നിയന്ത്രണം തുടരും. പൂജ്യം മുതല്‍ എട്ട് ശതമാനം വരെ എ വിഭാഗം, എട്ട് മുതല്‍ 16 ശതമാനം വരെ ബി വിഭാഗം, 16 മുതല്‍ 24 ശതമാനം വരെ സി വിഭാഗം, 24 ശതമാനത്തിന് മുകളില്‍ ഡി വിഭാഗം എന്നിങ്ങനെയാണ് മേഖലകളായി തരംതിരിച്ചിട്ടുള്ളത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.