പന്ത്രണ്ട് വര്‍ഷത്തിനിടെ സ്ത്രീധനത്തിന്റെ പേരില്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 217 സ്ത്രീകള്‍!! സാക്ഷര കേരളമേ...ലജ്ജിച്ച് തല കുനിക്കൂ

പന്ത്രണ്ട് വര്‍ഷത്തിനിടെ സ്ത്രീധനത്തിന്റെ പേരില്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 217 സ്ത്രീകള്‍!! സാക്ഷര കേരളമേ...ലജ്ജിച്ച് തല കുനിക്കൂ

കൊച്ചി: ഭര്‍തൃവീട്ടിലെ പീഡനങ്ങളെ തുടര്‍ന്ന് ഇന്നു മാത്രം കേരളത്തില്‍ മരണമടഞ്ഞത് മൂന്ന് യുവതികളാണ്. കൊല്ലം ശാസ്താംകോട്ടയിലെ വിസ്മയയുടെ മരണത്തില്‍ ഞെട്ടിയ കേരളം ഇന്ന് രാവിലെ കേട്ടത് തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതി തീ കൊളുത്തി മരിച്ചു എന്ന വാര്‍ത്തയാണ്. വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചനയാണ് (24) പയറ്റുവിളയിലെ വാടക വീട്ടില്‍ മരിച്ചത്. വിവരമറിഞ്ഞ് പൊലീസെത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ട ഭര്‍ത്താവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഉച്ചയോടെ മറ്റൊരു ദുരന്ത വാര്‍ത്തയെത്തി. ആലപ്പുഴ വള്ളികുന്നത്ത് ലക്ഷ്മി ഭവനത്തില്‍ വിഷ്ണുവിന്റെ ഭാര്യ സുചിത്രയെന്ന പത്തൊമ്പതുകാരിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 21 നായിരുന്നു ഇവരുടെ വിവാഹം. വൈകുന്നേരത്തോടെ മൂന്നാമത്തെ മരണ വാര്‍ത്തയുമെത്തി. കൊല്ലം പുനലൂര്‍ സ്വദേശിനി ലിജി ജോസിനെ (34) തീ കൊളുത്തി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

കൊല്ലം ശാസ്താംകോട്ടയിലെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട വിസ്മയ എന്ന ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മരണം സംബന്ധിച്ച ദുരൂഹത പൂര്‍ണമായും നീങ്ങിയിട്ടില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനത്തില്‍ ആത്മഹത്യയാണെന്ന് സൂചനയുണ്ടെങ്കിലും കൊലപാതകമാണെന്നാണ് വിസ്മയയുടെ കുടുംബത്തിന്റെ ആരോപണം. വിഴിഞ്ഞത്തെ അര്‍ച്ചനയുടെ മാതാപിതാക്കളും മകളുടെ മരണം കൊലപാതകമാണെന്ന് ആരോപിക്കുന്നു. സുചിത്രയുടെയും ലിജിയുടെയും മരണ കാരണം സംബന്ധിച്ച് പൊലീസ് പ്രാഥമിക നിഗമനത്തില്‍ എത്തിയിട്ടില്ല.

സ്വത്ത് കൈക്കലാക്കുന്നതിനായി കൊല്ലം അഞ്ചല്‍ സ്വദേശിനി ഉത്രയെ ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെക്കൊണ് കടിപ്പിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത കേരളം ഞെട്ടലോടെയാണ് ശ്രവിച്ചത്. നടന്‍ രാജന്‍ പി.ദേവിന്റെ മകന്‍ ഉണ്ണി പി.ദേവിന്റെ ഭാര്യ പ്രിയങ്ക കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തതും ഭര്‍ത്താവിന്റെയും ഭര്‍തൃ മാതാവിന്റെയും പീഡനത്തെ തുടര്‍ന്നാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടെ സ്ത്രീധനത്തിന്റെ പേരില്‍ കേരളത്തില്‍ കൊല്ലപ്പെട്ടത് 217 സ്ത്രീകളാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകള്‍ പ്രകാരമുള്ള കണക്ക് മാത്രമാണിത്. സര്‍ക്കാര്‍ രേഖകളില്‍ പെടാത്ത ഗാര്‍ഹിക പീഡന മരണങ്ങള്‍ വേറെയും നിരവധിയുണ്ട്. 2009-21, 2010-21, 2011-15, 2012-32, 2013-21, 2014-28, 2015-8, 2016-25, 2071-12, 2018-17, 2019-6, 2020-6, 2021 ഇതുവരെ-5 എന്നിങ്ങനെയാണ് വര്‍ഷം തിരിച്ചുള്ള കണക്ക്.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 15,143 ഗാര്‍ഹിക പീഡന കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2021 ഏപ്രില്‍ വരെ 1050 കേസുകളുണ്ട്. സംസ്ഥാനത്തെ 28 കുടുംബ കോടതികളിലായി 1,00,415 ഗാര്‍ഹിക പീഡന കേസുകള്‍ നിലവിലുണ്ട്.



കണക്ക് ഇങ്ങനെയൊക്കെ ആണെങ്കിലും എത്രയോ ഉത്രമാരും വിസ്മയമാരും കൊടുംക്രൂരത സഹിച്ച് സഹിച്ച് ഭര്‍തൃവിട്ടില്‍ ജീവിക്കുന്നു. കൊല ചെയ്യപ്പെടുന്നതും ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നതും മാത്രം പുറത്തറിയുന്നു. സ്ത്രീകള്‍ക്ക് തുണയായി നിയമം ഉണ്ടായിട്ട് കാര്യമില്ല. പറയേണ്ടത് പറയേണ്ട സമയത്ത് പറയാനും നിര്‍ത്തേണ്ടത് നിര്‍ത്തേണ്ട സമയത്ത് നിര്‍ത്താനും കഴിയണം.

1961 ലാണ് ഇന്ത്യയില്‍ സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നത്. സംസ്ഥാന സര്‍ക്കാര്‍ 1992 ല്‍ ചട്ടങ്ങള്‍ രൂപീകരിക്കുകയും 2004-ല്‍ പുതിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ചട്ടം പരിഷ്‌കരിക്കുകയും ചെയ്തു. എന്നാലും നമ്മുടെ നാട്ടില്‍ സ്ത്രീധന സമ്പ്രദായത്തിന് മാറ്റം വന്നിട്ടില്ല. മാത്രമല്ല, ഗുരുതരമായ ഒട്ടേറെ സാമൂഹിക പ്രശ്നങ്ങള്‍ക്കും സ്ത്രീധനം കാരണമാകാറുണ്ട്.

കുടുംബഭദ്രത ശിഥിലമാവുക, ഗാര്‍ഹികപീഡനം, വിവാഹമോചനം, ആത്മഹത്യകള്‍, വിവാഹം നടക്കാതിരിക്കല്‍ തുടങ്ങി നിരവധി കാരണങ്ങള്‍. സ്ത്രീധന പീഡന പരാതികള്‍ ലഭിച്ചയുടന്‍ എഫ്.ഐ.ആര്‍. റജിസ്റ്റര്‍ ചെയ്യാമെന്ന സുപ്രീം കോടതി വിധി വന്നത് കഴിഞ്ഞ വര്‍ഷമാണ്. 2017 ലെ ഉത്തരവ് പരിഷ്‌കരിക്കുകയായിരുന്നു അന്ന് കോടതി ചെയ്തത്.

സ്തീധന നിരോധന നിയമം നടപ്പാക്കുന്നതില്‍ കേരളം പരാജയപ്പെട്ടെന്ന് 2018 ല്‍ ഭരണപരിഷ്‌കരണ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. അഞ്ച് വര്‍ഷം കൊണ്ട് സ്ത്രീധന സമ്പ്രദായം സമ്പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുക എന്നതാണ് അന്ന് വനിത-ശിശു വികസന വകുപ്പ് മുന്നോട്ട് വെച്ചിരിക്കുന്ന ലക്ഷ്യം.

എല്ലാ ജില്ലകളിലും സ്ത്രീധന നിരോധന ഓഫീസര്‍മാരെ നിയമിക്കാനും വകുപ്പ് തയ്യാറെടുത്തിരുന്നു. മേഖല അടിസ്ഥാനത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ തസ്തികയുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകളില്‍ അന്വേഷണം നടത്താനും നിയമ നടപടി സ്വീകരിക്കാനും ഇതുവഴി ഓഫീസര്‍മാര്‍ക്ക് കഴിയുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇവയുടെ പ്രവര്‍ത്തനം എത്രത്തോളം കാര്യക്ഷമമാണ് എന്ന് പുനപരിശോധിക്കേണ്ടിയിരിക്കുന്നു.

സ്ത്രീ പീഡനങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും നിയമ നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ ഭരണകൂടങ്ങള്‍ കൂടുതല്‍ ആര്‍ജ്ജവത്തോടെ പ്രവര്‍ത്തിക്കണം. അല്ലെങ്കില്‍ ഇനിയും നിരവധി പെണ്‍കുട്ടികളുടെ വിവാഹ സ്വപ്‌നങ്ങള്‍ പട്ടടയില്‍ എരിഞ്ഞടങ്ങും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.