ലോകത്തെ ഏറ്റവും വലിയ കോവിഡ് പരിശോധനാ കേന്ദ്രം; ദുബായ് വിമാനത്താവളത്തില്‍ ഒരുങ്ങുന്നു

ലോകത്തെ ഏറ്റവും വലിയ കോവിഡ് പരിശോധനാ കേന്ദ്രം; ദുബായ് വിമാനത്താവളത്തില്‍ ഒരുങ്ങുന്നു

ദുബായ്: ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ യാത്രാക്കാർ സഞ്ചരിക്കുന്ന ദുബായ് വിമാനത്താവളത്തില്‍ ഏറ്റവും വലിയ കോവിഡ് പരിശോധനാകേന്ദ്രം ഒരുങ്ങുന്നു. 20000 ചതുരശ്ര അടി വിസ്​തീർണത്തില്‍ ലക്ഷം സാമ്പികളുകള്‍ പരിശോധിക്കുന്നതിനുളള സൗകര്യമുളള കേന്ദ്രമാണ് സ്ഥാപിക്കുക.

24 മണിക്കൂറും പരിശോധന സൗകര്യവുമുണ്ടാകും. മണിക്കൂറുകള്‍ക്കുളളില്‍ പരിശോധനാഫലം ലഭിക്കുന്നതിനുളള സൗകര്യവുമുണ്ടാകും. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് യാത്രാക്കാരുടെ സുരക്ഷിതവും സുഗമവുമായ സഞ്ചാരവുമാണ് ലക്ഷ്യമിടുന്നതെന്നും മധ്യവേനലവധിയുടെ തിരക്ക് മുന്നില്‍ കണ്ടാണ് സജ്ജീകരണമൊരുക്കുന്നതെന്നും ദുബായ് വിമാനത്താവള ചെയർമാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ സയ്യീദ് അല്‍ മക്തൂം പറഞ്ഞു.


15 മാസത്തെ ഇടവേളയ്ക്ക് ശേഷം ദുബായ് വിമാനത്താവളത്തിലെ ടെർമിനല്‍ വണ്‍ പ്രവർത്തനം ആരംഭിച്ചിരുന്നു. യുഎഇയില്‍ മധ്യവേനലവധി ജൂലൈയില്‍ ആരംഭിക്കുകയാണ്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ വിമാനത്താവളത്തിലുണ്ടാകാന്‍ പോകുന്ന തിരക്ക് മുന്‍കൂട്ടികണ്ടാണ് വലിയ രീതിയിലുളള പരിശോധനാ സൗകര്യം ഒരുക്കാന്‍ അധികൃതർ തയ്യാറെടുക്കുന്നത്.

അതേസമയം ഒക്ടോബറിലാണ് ദുബായില്‍ എക്സ്പോ 2020 ആരംഭിക്കുന്നത്. ഇതോടെ വലിയ സന്ദ‍ർശക തിരക്കാണ് ദുബായ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിലെത്തുന്നവർക്ക് കാത്തിരിപ്പിന്റെ ദൈർഘ്യം കുറച്ച് കോവിഡ് പരിശോധനാ നടപടിക്രമങ്ങള്‍ പൂർത്തിയാക്കുകയാണ് ലക്ഷ്യം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.