അധികൃതര്‍ കൈയ്യൊഴിഞ്ഞു; ക്രിസ്റ്റിന്‍ രാജിന് വേണ്ടി രക്ഷാ പ്രവര്‍ത്തനത്തിന് നാട്ടുകാര്‍ രംഗത്ത്

അധികൃതര്‍ കൈയ്യൊഴിഞ്ഞു; ക്രിസ്റ്റിന്‍ രാജിന് വേണ്ടി രക്ഷാ പ്രവര്‍ത്തനത്തിന് നാട്ടുകാര്‍ രംഗത്ത്

തിരുവനന്തപുരം: ജില്ലയിലെ പെരുമാതുറ മുതലപ്പൊഴി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോകുന്നതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച ഹാര്‍ബറിന്റെ മൗത്തില്‍ വച്ച് തിരയടിച്ചുണ്ടായ അപകടത്തില്‍പ്പെട്ട് കാണാതായ യുവാവിനെ കണ്ടെത്തുന്നതില്‍ അധികൃതര്‍ക്ക് അനാസ്ഥയെന്ന് നാട്ടുകാര്‍.

യുവാവിനെ കണ്ടെത്തുന്നാന്‍ സ്‌കൂബാ ഡൈവേഴ്‌സിന്റെ സഹായം തേടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും സ്‌കൂബാ ഡൈവിങ്ങിനുള്ള ഉപകരണമില്ലന്ന കാരണം പറഞ്ഞ് അധികൃതര്‍ പിന്‍വാങ്ങുകയായിരുന്നു.

നാല് ദിവസം മുമ്പ് കാണാതായ മരിയനാട് സ്വദേശി ക്രിസ്റ്റിന്‍ രാജിനോടാണ് (19) അധികൃതരുടെ അവഗണന. ഒടുവില്‍ നാട്ടുകാര്‍ തന്നെ സ്‌കൂബാ ഡൈവിങ് സംഘത്തെ എത്തിച്ച് തിരച്ചില്‍ നടത്തി. ഇന്ന് രാവിലെയോടെ വിഴിഞ്ഞത്ത് നിന്നും ഉള്‍ക്കടലില്‍ ഒരു മൃതദേഹം കണ്ടതായി മത്സ്യത്തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് തിരിച്ചില്‍ നടത്തുകയാണ്.

വലിയതുറ, കൊച്ചുതുറ സ്വദേശികളായ അക്ഷയും സജുവുമാണ് ക്രിസ്റ്റിന്‍ രാജിന് വേണ്ടി സ്‌കൂബാ ഡൈവിങ് നടത്താന്‍ തയ്യാറായത്. കൊച്ചിയിലുള്ള സ്‌കൂബാ കൊച്ചിന്‍ എന്ന ഏജന്‍സിയാണ് ഡൈവിംഗിനുള്ള ഉപകരണങ്ങള്‍ നല്‍കിയത്.മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും കോസ്റ്റല്‍ പൊലീസിന്റെയും പക്കല്‍ സ്‌കൂബ ഡൈവിങിനുള്ള ഉപകരണങ്ങളില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

ആറ്റിങ്ങലില്‍ നിന്നും ഒരു സ്‌കൂബാ ഡൈവിങ് ടീമിനെ അധികൃതര്‍ എത്തിച്ചെങ്കിലും അവര്‍ക്ക് കടലില്‍ ഡൈവ് ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് അവര്‍ മടങ്ങുകയായിരുന്നു. ഒടുവില്‍ തീരദേശ ഗവേഷകനായ ഡോ. ജോണ്‍സന്‍ ജമന്റ്, മര്യനാട് ഇടവക വികാരി ഫാ. സൈറസ് കളത്തില്‍ എന്നിവരുടെ സംയുക്ത ശ്രമങ്ങള്‍ക്ക് ശേഷമാണ് അക്ഷയും സഞ്ജുവും പെരുമാതുറയില്‍ എത്തിയത്.

തീരദേശത്ത് തന്നെ സ്‌കൂബ ഡൈവിങ് പരിശീലനം ലഭിച്ച് ലൈസന്‍സ് കരസ്ഥമാക്കിയ നിരവധി പേരുണ്ടെങ്കിലും ഇതിനായുള്ള ഉപകരണങ്ങള്‍ ഇല്ലാത്തതാണ് ബുദ്ധിമുട്ട് നേരിടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വെളുപ്പിനെ നാല് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകുമ്പോഴാണ് വള്ളം ഹാര്‍ബറിനുള്ളില്‍ തിരയില്‍പ്പെട്ട് മറിഞ്ഞത്. ബോട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ രക്ഷപ്പെട്ടെങ്കിലും എഞ്ചിന്‍ ഓടിച്ചിരുന്ന ക്രിസ്റ്റിന്‍ രാജിനെ രക്ഷപ്പെടുത്താനായില്ല.


കഴിഞ്ഞ വെള്ളിയാഴ്ച വെളുപ്പിനെ നാല് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകുമ്പോഴാണ് വള്ളം ഹാര്‍ബറിനുള്ളില്‍ തിരയില്‍പ്പെട്ട് മറിഞ്ഞത്. ബോട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ രക്ഷപ്പെട്ടെങ്കിലും എഞ്ചിന്‍ ഓടിച്ചിരുന്ന ക്രിസ്റ്റിന്‍ രാജിനെ രക്ഷപ്പെടുത്താനായില്ല.

മുതലപ്പൊഴി ഹാര്‍ബറില്‍ ബോട്ട് അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാധുനിക ഉപകരണങ്ങള്‍ എത്തിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയവര്‍ വിഴിഞ്ഞത്ത് നിന്ന് ഉള്‍ക്കടലില്‍ ഒരു മൃതദേഹം കണ്ടെത്തായി വിവരം നല്‍കിയതിനെ തുടര്‍ന്ന് പ്രദേശത്തേക്ക് തിരിച്ചിലിനായി മത്സ്യ ബന്ധനത്തൊഴിലാളികള്‍ തിരിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.