ന്യൂഡൽഹി: കോവിഡ് വാക്സിൻ ലഭ്യമായാൽ വിതരണം അതിവേഗം നടത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും നീതിആയോഗിനും പ്രധാനമന്ത്രി നിർദ്ദേശം നൽകി. കോവിഡ് വാക്സിൻ വിതരണം സംബന്ധിച്ച് ഉന്നതതലയോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
തിരഞ്ഞെടുപ്പുകൾ നടത്തുന്നത് പോലെയും ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തുന്ന പോലെയുള്ള പരിചയങ്ങൾ ഉപയോഗിച്ചുകൊണ്ട് എത്രയും വേഗം വാക്സിൻ ജനങ്ങൾക്ക് ലഭ്യമാകുന്ന വിധത്തിൽ പ്രവർത്തിക്കണമെന്ന് ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കൊവിഡ് വാക്സിൻ വിതരണത്തിന് ജില്ലാ തലം മുതൽ സംസ്ഥാന തലം വരെയുള്ള എല്ലാ ഭരണസംവിധാനങ്ങളുടെയും പങ്കാളിത്തം ഉറപ്പു വരുത്തണമെന്നും ഐ ടി അധിഷ്ഠിത സംവിധാനം ആകണം ഉണ്ടാവേണ്ടത് എന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി എല്ലാവരുടെയും കഠിനമായ പരിശ്രമം തന്നെ വേണ്ടിവരുമെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു.
രാജ്യത്തിന്റെ ഭൗമശാസ്ത്രപരമായ പ്രത്യേകതകളും നാനാത്വവും കണക്കിലെടുത്ത് വാക്സിൻ എല്ലായിടത്തും എത്തിക്കുവാനുള്ള സംവിധാനങ്ങൾ ആസൂത്രണം ചെയ്യണം, രാജ്യം തിരഞ്ഞെടുപ്പിനെ നേരിടുന്നത് പോലെ തന്നെ എല്ലാ തരത്തിലുള്ള സർക്കാർ സംവിധാനങ്ങളും വാക്സിൻ വിതരണത്തിന് വേണ്ടി ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയൽരാജ്യങ്ങളിലും വിതരണത്തിനുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ട് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ശ്രീലങ്ക, നേപ്പാൾ, മൗറീഷ്യസ്, മാലദ്വീപ്, ബംഗ്ളാദേശ്, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലും ഗവേഷണങ്ങളുമായി ഇന്ത്യ ഗവേഷകർ സഹകരിക്കുന്നുണ്ട്. വാക്സിൻ വിതരണം ഇന്ത്യൻ അയൽരാജ്യങ്ങളുമായി മാത്രം പരിമിതപ്പെടുത്താതെ ലോകം മുഴുവൻ ലഭ്യമാകുന്ന വിധത്തിൽ വിതരണശൃംഖല ആസൂത്രണം ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി രണ്ട് യോഗങ്ങളാണ് വാക്സിൻ വിതരണത്തെ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നത്. ഇപ്പോൾ രാജ്യത്തിന്റെ പ്രതിദിന കോവിഡ് കണക്ക് എഴുപതിനായിരത്തിൽ താഴെയാണ്. കഴിഞ്ഞ മാസം വരെ ഇത് 90 ആയിരത്തിന് മുകളിൽ വരെ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വാക്സിൻ വിതരണത്തിനായി മുന്നൊരുക്കങ്ങൾ ഇന്ത്യയിൽ നടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.