വിസ്മയയുടെ മരണം: കിരണിന് തക്ക ശിക്ഷ ഉറപ്പാക്കുമെന്ന് ഐ.ജി; ഒത്തുതീര്‍പ്പാക്കിയ കേസ് പുനരന്വേഷിക്കും

വിസ്മയയുടെ മരണം: കിരണിന് തക്ക ശിക്ഷ ഉറപ്പാക്കുമെന്ന്  ഐ.ജി; ഒത്തുതീര്‍പ്പാക്കിയ കേസ് പുനരന്വേഷിക്കും

കൊല്ലം: നിലമേലില്‍ വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി കിരണ്‍കുമാറിന് കടുത്ത ശിക്ഷ കിട്ടുമെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരി. വിസ്മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. ജനുവരിയില്‍ ചടയമംഗലം പോലീസ് ഒത്തുതീര്‍പ്പാക്കിയ കിരണിനെതിരേയുള്ള കേസ് പുനരന്വേഷിക്കുമെന്നും ഐ.ജി. ഉറപ്പുനല്‍കി.

പ്രതിക്ക് കടുത്ത ശിക്ഷ കിട്ടുമെന്നും കൊലപാതകമാണോ എന്നതല്ല, ഒരു പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടതാണ് ഇവിടെ പ്രധാനമെന്നും ഐ.ജി. പറഞ്ഞു. ഇത് ഗൗരവമേറിയതും തെളിവുകളേറെയുമുള്ള കേസാണ്. ഡിജിറ്റല്‍ തെളിവുകള്‍ ശക്തമാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കുകയും ഡോക്ടറുടെ മൊഴിയെടുക്കുകയും വേണം. ഇതിനുശേഷം കൊലപാതകക്കുറ്റം ഉള്‍പ്പെടെ ചുമത്തുന്നതില്‍ തീരുമാനമെടുക്കുമെന്നും ഐ.ജി പറഞ്ഞു.

സ്വന്തം മകളുടെ കാര്യത്തിലെന്നപോലെയാണ് ഐ.ജി കേസില്‍ ഇടപെട്ടതെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായരും പ്രതികരിച്ചു. തന്നെക്കാള്‍ വേദന അവര്‍ പ്രകടിപ്പിച്ചു. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ആ സഹായം കിട്ടുമെന്ന് തനിക്കുറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിസ്മയ്ക്ക് കിരണില്‍നിന്ന് ഏല്‍ക്കേണ്ടിവന്ന പീഡനങ്ങളെല്ലാം കുടുംബം ഐ.ജിയുടെ മുന്നില്‍ വിശദീകരിച്ചിരുന്നു. നേരത്തെ ചടയമംഗലം പോലീസ് ഒത്തുതീര്‍പ്പാക്കിയ ആക്രമണ കേസ് പുനരന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കേസില്‍ കിരണിന്റെ സഹോദരിയെയും സഹോദരീ ഭര്‍ത്താവിനെയും പ്രതി ചേര്‍ക്കണമെന്നും വിസ്മയയുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ ഏഴുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കിരണിനെതിരേ ചുമത്തിയിരിക്കുന്നത്. കേസില്‍ വിസ്മയയുടെ വീട്ടുകാരില്‍ നിന്ന് മൊഴിയെടുത്ത ശേഷം കിരണിന്റെ ശൂരനാട്ടെ വീട്ടിലെത്തിയും ഐ.ജി മൊഴി രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥരുമായി കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.