സോളമൻെറ വിജ്ഞാനം
സോളമൻ രാജാവ് തോറായ്ക്കു കൈപിടികൾ നിർമ്മിച്ചവനാണ്. ഈ കൈപിടികളാണ് ഉപമകൾ. ഒരു വലിയ കുട്ട നിറയെ പഴങ്ങൾ. കുട്ടയ്ക്ക് കൈപിടികൾ ഇല്ലാത്തതിനാൽ കുട്ട എടുത്ത് ഉയർത്തുവാൻ സാധിക്കുന്നില്ല. ആ വഴിയേ ബുദ്ധിമാനായ ഒരു മനുഷ്യൻ കടന്നു വന്നു. അദ്ദേഹമാണ് സോളമൻ. സോളമൻ ഉപമകൾ ഉപയോഗിക്കുന്നതിനു മുൻപ് തോറായ്ക്ക് ആരും ഉപമകൾ ഉപയോഗിച്ചിരുന്നില്ല. തന്മൂലം തോറായെ പിടിച്ചുയർത്തുവാൻ ആർക്കും കഴിഞ്ഞിരുന്നില്ല. ഉപമകളിലൂടെ ഏറ്റവും ബുദ്ധി കുറഞ്ഞ ആളിന് പോലും തോറയെ മനസ്സിലാക്കുവാൻ കഴിയും.
ഒരു വലിയ പാത്രം നിറയെ ചൂടുവെള്ളം. കൈപിടികളില്ല. അതിലെ ബുദ്ധിമാനായ ഒരു മനുഷ്യൻ കടന്നുവന്നു പാത്രത്തിനു കൈപിടികൾ നിർമ്മിച്ചു. തോറായിലെ ചൂടുള്ള വാക്കുകൾ ഉപമകളാകുന്ന കൈപിടികളിലൂടെ ഉയർത്തി വ്യാഖ്യാനിച്ചു ലോകത്തിൻെറ അതിർത്തികൾ വരെ എത്തിക്കാൻ കഴിയും. ആഴമുള്ള കിണറ്റിൽ നല്ല ശുദ്ധ ജലം. കിണറ്റിൻ കരയിൽ ബക്കറ്റ് ഉണ്ട്. പക്ഷെ കയറില്ല. ആ വഴിയേ ബുദ്ധിമാനായ ഒരു മനുഷ്യൻ വന്നു. നീളമുള്ള ഒരു കയർ പാത്രത്തിൽ കെട്ടിയിട്ടു. വഴി പോക്കർ ശുദ്ധജലം സമൃദ്ധമായി കുടിച്ചു തുടങ്ങി. തോറായിലെ ആഴമുള്ള വാക്കുകളെ കണ്ടെത്തി കോരിയെടുത്തു കുടിക്കാൻ പഠിക്കണം.
ഒരു രാജാവിൻെറ കിരീടത്തിൽ നിന്ന് ഒരു മുത്ത് താഴെപോയാൽ കണ്ടെത്താൻ പട്ടാളക്കാരനെ വിളിക്കേണ്ടതില്ല. തൻെറ വിളക്കിൽ അല്‌പം എണ്ണയുണ്ടെങ്കിൽ മതി. അതിൻെറ വെളിച്ചത്തിൽ കണ്ടെത്താം . ഓരോ ഉപമയും ഒരു മെഴുതിരി വെട്ടമാണ്. മറഞ്ഞുകിടക്കുന്ന മുത്തുകളെ അത് വെളിച്ചത്തു കൊണ്ടുവരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26