തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സമ്പൂര്‍ണ അഴിച്ചുപണി പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ജംബോ കമ്മിറ്റികള്‍ ഉണ്ടാകില്ല. അച്ചടക്കം നിലനിര്‍ത്താന്‍ പ്രത്യേക സമിതി രൂപീകരിക്കും. രാഷ്ട്രീയം പഠിപ്പിക്കാന്‍ പൊളിറ്റിക്കല്‍ സ്‌കൂള്‍ തുടങ്ങും. കെപിസിസിക്ക് ഭാരവാഹികളടക്കം 51 അംഗ കമ്മിറ്റിക്ക് ധാരണയായി.
പ്രസിഡന്റ്, മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, മൂന്ന് വൈസ് പ്രസിഡന്റുമാര്‍, ഒരു ട്രഷറര്‍ 15 ജനറല്‍ സെക്രട്ടറിമാര്‍, എക്‌സിക്യൂട്ടിവ് പദവിയില്ലാത്ത സെക്രട്ടറിമാര്‍ എന്നിവരടക്കമാണ് കെപിസിസിക്ക് 51 അംഗ കമ്മിറ്റി വരിക. കോണ്‍ഗ്രസ് ഭാരവാഹിത്വത്തില്‍ വനിതകള്‍ക്കും എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കും പത്ത് ശതമാനം വീതം സംവരണം നല്‍കുമെന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് സുധാകരന്‍ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ മൂന്ന് അംഗങ്ങള്‍ വീതമുള്ള അഞ്ച് മേഖലാ കമ്മിറ്റികള്‍ക്ക് രൂപം നല്‍കും. ജില്ലാ തലങ്ങളില്‍ അച്ചടക്ക സമിതികളും സംസ്ഥാന തലത്തില്‍ അപ്പീല്‍ കമ്മിറ്റിയും വരും. ഗുരുതര ആരോപണങ്ങള്‍ക്കു വിധേയരായ നേതാക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. കോണ്‍ഗ്രസിന്റെ ഏറ്റവും താഴെതട്ടിലുള്ള ഘടകമായി അയല്‍കൂട്ടം കമ്മിറ്റികള്‍ വരും. 30-50 വീടുകളെ ഉള്‍പ്പെടുത്തിയാണ് ഇത്തരം കമ്മിറ്റികള്‍ നിലവില്‍ വരിക.
അയല്‍ക്കൂട്ടം കമ്മിറ്റികള്‍, ബൂത്ത്, വാര്‍ഡ്, മണ്ഡലം, ബ്ലോക്ക്, നിയോജക മണ്ഡലം കമ്മിറ്റികള്‍, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍, കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എന്നിങ്ങനെയായിരിക്കും കോണ്‍ഗ്രസിന്റെ ഘടന. ഈ ഘടകങ്ങളിലൊന്നും ജംബോ കമ്മിറ്റികള്‍ ഉണ്ടാകില്ല. ഓരോ തലങ്ങളിലും ഭാരവാഹികളെ തീരുമാനിക്കുന്നത് പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും. അക്കാര്യത്തില്‍ യാതൊരുവിധ സ്വാധിനത്തിനും വഴങ്ങില്ല.
ഭാരവാഹികളുടെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മ തോന്നിയാല്‍ അവരെ മാറ്റും. പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയുണ്ടാകും. കെപിസിസി ഓഫീസില്‍ മീഡിയാ സെല്‍ തുറക്കും. മീഡിയാ, സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങളുടെ ചുമതല ഈ കമ്മിറ്റിക്കായിരിക്കും. ഇത്തരം മാറ്റങ്ങളിലൂടെ കോണ്‍ഗ്രസിനെ ഒരു സെമി കേഡര്‍ പാര്‍ട്ടിയാക്കി മാറ്റുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.