കര്‍ണം മല്ലേശ്വരി ഡല്‍ഹി കായിക സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലര്‍

കര്‍ണം മല്ലേശ്വരി ഡല്‍ഹി കായിക സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലര്‍

ന്യൂഡല്‍ഹി: ഡല്‍ഹി കായിക സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറായി ഇന്ത്യയുടെ ആദ്യ വനിത ഒളിമ്പിക് മെഡല്‍ ജേതാവ് കര്‍ണം മല്ലേശ്വരി നിയമിതയായി. ഡല്‍ഹി സര്‍ക്കാരാണ് കര്‍ണം മല്ലേശ്വരിയെ വൈസ് ചാന്‍സലറായി നിയമിച്ചത്. ഡല്‍ഹിയില്‍ ഒരു കായിക സര്‍വകലാശാലയെന്ന സ്വപ്നം യാഥാര്‍ഥ്യമാവുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. കായികരംഗം തഴച്ചുവളരുന്ന സാഹചര്യമൊരുക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ പറഞ്ഞു. അമ്പത് ഒളിമ്പിക് താരങ്ങളെയെങ്കിലും വാര്‍ത്തെടുക്കുകയാണ് സര്‍വകലാശാലയുടെ ലക്ഷ്യം. എങ്കില്‍ മാത്രമേ, 2048-ല്‍ രാജ്യത്തിന് ഒളിമ്പിക്‌സിനു വേദിയൊരുക്കാന്‍ കഴിയൂവെന്നും സിസോദിയ പറഞ്ഞു.

കോവിഡിനുശേഷം സ്‌കൂള്‍ തുറക്കുമ്പോള്‍ അവിടങ്ങളില്‍ പോയി പ്രതിഭയുള്ള വിദ്യാര്‍ഥികളെ കണ്ടെത്തുമെന്ന് കര്‍ണം മല്ലേശ്വരി പറഞ്ഞു. കായികരംഗത്തു താത്പര്യമുള്ള ഒട്ടേറെ വിദ്യാഥികളുണ്ട്. എന്നാല്‍, അവര്‍ക്ക് അത്ലറ്റിക് സ്വപ്നം സാക്ഷാത്കരിക്കാന്‍ അടിസ്ഥാന സൗകര്യങ്ങളില്ല. മികച്ച കായികതാരങ്ങളെ വാര്‍ത്തെടുക്കാനും അവര്‍ക്കു പരിശീലനം ഉറപ്പാക്കാനും മുന്‍കൈയെടുക്കുമെന്നും കര്‍ണം മല്ലേശ്വരി പറഞ്ഞു. 2019-ല്‍ ഡല്‍ഹി നിയമസഭ പാസാക്കിയതാണ് ഡല്‍ഹി സ്‌പോര്‍ട്സ് സര്‍വകലാശാല.

ബിരുദം, ബിരുദാനന്തര ബിരുദം എന്നീ കോഴ്സുകള്‍ക്കു പുറമേ, ക്രിക്കറ്റ്, ഫുട്ബോള്‍, ഹോക്കി എന്നിവയില്‍ ഗവേഷണവും ഇവിടെയുണ്ടാവും. ലോകമത്സരങ്ങളില്‍ പങ്കെടുക്കാന്‍ കായികതാരങ്ങളെ പ്രാപ്തരാക്കുകയാണ് സര്‍വകലാശാലയുടെ മറ്റൊരു ലക്ഷ്യം.

2000ത്തിലെ സിഡ്‌നി ഒളിമ്പിക്‌സില്‍ വനികളുടെ ഭാരോദ്വഹനത്തിലാണ് താരം വെങ്കല മെഡല്‍ നേടിയത്. ഭാരോദ്വഹനത്തില്‍ ഇതേവരെ മറ്റൊരു ഇന്ത്യന്‍ വനിത താരത്തിനും ഒളിമ്പിക്‌സില്‍ മെഡല്‍ നേടാനായിട്ടില്ല. 1994-ലെ അര്‍ജുന അവാര്‍ഡ്, 1999-ലെ രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ് എന്നിവയ്ക്ക് പുറമെ പത്മശ്രീയും മല്ലേശ്വരിക്ക് ലഭിച്ചിട്ടുണ്ട്.

1993, 1994, 1995, 1996 വര്‍ഷങ്ങളില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണവും വെള്ളിയും വെങ്കലവും താരം നേടിയിട്ടുണ്ട്. ഏതന്‍സ് ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2004ലാണ് മല്ലേശ്വരി വിരമിക്കല്‍ പ്രഖ്യാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.