'എന്നാല്‍ പിന്നെ അനുഭവിച്ചോ ട്ടോ'... പരാതി പറയാന്‍ വിളിച്ച യുവതിക്ക് വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ മറുപടി; പ്രതിഷേധം ശക്തം

 'എന്നാല്‍ പിന്നെ അനുഭവിച്ചോ ട്ടോ'... പരാതി പറയാന്‍ വിളിച്ച യുവതിക്ക് വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ മറുപടി; പ്രതിഷേധം ശക്തം

കൊച്ചി: ഭര്‍തൃ വീട്ടില്‍ നിന്നും നേരിട്ട അതിക്രമങ്ങള്‍ക്കെതിരെ പരാതി പറയാന്‍ വിളിച്ച യുവതിയോട് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ മോശമായി പെരുമാറിയതായി വിമര്‍ശനം. വിസ്മയയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ചാനല്‍ സംഘടപ്പിച്ച പ്രത്യേക പരിപാടിയ്ക്കിടെയാണ് എറണാകുളം സ്വദേശിനിയായ യുവതിയോട് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പരുഷമായി പെരുമാറിയത്.

വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ മോശമായ പ്രതികരണത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാകുകയാണ്. പൊലീസില്‍ 'പരാതി നല്‍കിയിട്ടില്ലെങ്കില്‍... പീഡനം അനുഭവിച്ചോളൂ' എന്നാണ് ജോസഫൈന്‍ പരാതിക്കാരിയോട് പറഞ്ഞത്. എറണാകുളത്ത് നിന്നും ലെബീന എന്ന സ്ത്രീയായിരുന്നു പരിപാടിയിലേക്ക് വിളിച്ചത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു ലെബീനയുടെ പരാതി.

ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങളോട് തുടക്കം മുതല്‍ രൂക്ഷമായ രീതിയില്‍ പ്രതികരിച്ച ജോസഫൈന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് അന്വേഷിക്കുകയായിരുന്നു. എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും ലെബീന അറിയച്ചപ്പോള്‍ 'എന്നാല്‍ പിന്നെ അനുഭവിച്ചോ ട്ടോ' എന്നായിരുന്നു ജോസഫൈന്റെ മറുപടി.

സോഷ്യല്‍ മീഡിയയില്‍ ഇടതു പ്രെഫൈലുകളില്‍ നിന്നടക്കം ജോസഫൈനെതിരെ വലിയ തോതില്‍ ആക്ഷേപം ഉയരുകയാണ്. ഇതിനോടകം വനിത കമ്മിഷനേയും അധ്യക്ഷയേയും പരിഹസിച്ചുകൊണ്ടുളള ട്രോളുകളും സജീവമായി കഴിഞ്ഞു. അധ്യക്ഷ സ്ഥാനത്ത് നിന്ന് ജോസഫൈനെ മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

നേരത്തേയും പലതവണ പാര്‍ട്ടിയേയും സര്‍ക്കാരിനേയും വെട്ടിലാക്കുന്ന പരാമര്‍ശങ്ങള്‍ അധ്യക്ഷ കസേരയിലിരുന്ന് ജോസഫൈന്‍ നടത്തിയിട്ടുണ്ട്. ജോസഫൈനെ മാറ്റുന്ന കാര്യം സിപിഎം സജീവമായി പരിഗണിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നല്‍കി.

ജോസഫൈനും യുവതിയും തമ്മിലുള്ള സംഭാഷണം:

വനിതാ കമ്മിഷന്‍ അധ്യക്ഷ: എന്താണ് വിശേഷം പറയ്?

യുവതി : 2014ലാണ് എന്റെ കല്യാണം കഴിഞ്ഞത്.

വനിതാ കമ്മിഷന്‍ അധ്യക്ഷ :നിങ്ങള്‍ക്ക് കുട്ടികളുണ്ടോ?

യുവതി : ഇല്ല

വനിതാ കമ്മിഷന്‍ അധ്യക്ഷ : നിങ്ങളുടെ ഭര്‍ത്താവ് ഉപദ്രവിക്കാറുണ്ടോ?

യുവതി : ഉണ്ട്.

വനിതാ കമ്മിഷന്‍ അധ്യക്ഷ :അമ്മായിയമ്മയോ?

യുവതി : അമ്മായിയമ്മയും ഭര്‍ത്താവും ചേര്‍ന്നാണ്....

വനിതാ കമ്മിഷന്‍ അധ്യക്ഷ : അപ്പോള്‍ നിങ്ങള്‍ എന്തേ പൊലീസില്‍ അറിയിച്ചില്ല?

യുവതി :ഞാന്‍ ആരെയും അറിയിച്ചിരുന്നില്ല.

വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ : ആ എന്നാല്‍ പിന്നെ അനുഭവിച്ചോ ട്ടോ. കൊടുത്ത സ്ത്രീധനം തിരിച്ച് കിട്ടാനും നഷ്ടപരിഹാരം കിട്ടാനും നല്ല വക്കീല്‍ വഴി കുടുംബ കോടതി വഴി പോകുക. വനിതാ കമ്മിഷന് വേണേല്‍ പരാതി അയച്ചോ, പക്ഷേ അയാള്‍ വിദേശത്താണല്ലോ. പറഞ്ഞത് മനസിലായോ? - ഇതായിരുന്നു എം.സി ജോസഫൈന്റെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.