തിരുവനന്തപുരം: ഭര്‍തൃ പീഡനത്തെപ്പറ്റി പരാതി പറയാന്‍ വിളിച്ച യുവതിയോട് രൂക്ഷമായി സംസാരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പ് അവര്‍ വൈകിട്ടോടെ പുറത്തിറക്കി.
'വനിതാ കമ്മീഷന്‍ അധ്യക്ഷ എന്ന നിലയില്‍ സ്വകാര്യ ചാനലിന്റെ ഫോണ്‍ ഇന്‍ പരിപാടിയില്‍ പങ്കെടുത്തു. അടുത്തിടെ സ്ത്രീകള്‍ക്ക് എതിരായി നടക്കുന്ന അതിക്രമങ്ങളില്‍ ഒരു സ്ത്രീ എന്ന നിലയിലും അമ്മ എന്ന നിലയിലും അസ്വസ്ഥ ആയിരുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു പ്രതികരണം നടത്താമോ എന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. തിരക്കുള്ള ദിവസമായിരുന്നു എങ്കിലും ആ പരിപാടിയില്‍ പങ്കെടുത്തു.
അതിനിടെ എറണാകുളം സ്വദേശിനിയായ ഒരു സഹോദരി തന്നെ വിളിച്ച് അവരുടെ കുടുംബ പ്രശ്നം പറഞ്ഞു. അവര്‍ സംസാരിച്ചത് കുറഞ്ഞ ശബ്ദത്തില്‍ ആയിരുന്നതിനാല്‍ വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞില്ല. അല്‍പ്പം ഉറച്ച് സംസാരിക്കാമോ എന്ന് ചോദിച്ചു. അപ്പോഴാണ് അവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല എന്ന് മനസിലായത്. അപ്പോള്‍ ഒരു അമ്മയുടെ സ്വാതന്ത്ര്യത്തോടെ ആ കുട്ടിയോട് താന്‍ അക്കാര്യം ചോദിച്ചു എന്നത് വസ്തുതയാണ്.
പരാതി കൊടുക്കാത്തതിലുള്ള ആത്മരോഷം കൊണ്ടാണ് അങ്ങനെ സംസാരിക്കേണ്ടിവന്നത്. എന്നാല്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ബോധ്യപ്പെട്ടു. തന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചെങ്കില്‍ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു' - ജോസഫൈന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ഖേദ പ്രകടനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.