എം സി റോഡരികിലെ കലാലയ കാരണവർക്ക് ശതാബ്ദിയുടെ യൗവനം-2

എം സി റോഡരികിലെ കലാലയ കാരണവർക്ക് ശതാബ്ദിയുടെ യൗവനം-2

ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുമ്പോൾ എസ് ബി കോളേജിന്റെ ചരിത്രത്തിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്താം. 1922 ജൂൺ 19ന് പ്രവർത്തനം ആരംഭിക്കുമ്പോൾ അഭിവന്ദ്യ കുര്യാളശേരി പിതാവായിരുന്നു ചങ്ങനാശേരി മെത്രാൻ. കോളേജിന്റെ ആദ്യത്തെ പ്രിസിപ്പൾ ആയി പിതാവ് തന്നെയാണ് ബാഹു മാത്യു പുരക്കൽ അച്ചനെ നിയമിച്ചത്. രൂപതയിലെ ആദ്യത്തെ എം എ ബിരുദധാരിയായിരുന്നു ഫാ പുരയ്‌ക്കൽ. 125 വിദ്യാർത്ഥികളും 6 അധ്യാപകരുമായായിരുന്നു തുടക്കം.

കോളേജ് തുടങ്ങാൻ വേണ്ട പണം കണ്ടെത്തുക എന്ന ഉത്തരവാദിത്വം കൂടി പുരയ്ക്കലച്ചനെ ഏൽപ്പിച്ചിരുന്നു. പണം കടം വാങ്ങിയും, ചങ്ങനാശേരി ചന്തയിലും മറ്റ്‌ ഇടങ്ങളിലുമുള്ള കടകളിൽനിന്നും സംഭാവന സ്വീകരിച്ചും മറ്റുമാണ് ചെലവിനുള്ള തുക കണ്ടെത്തിയിരുന്നത്. ഇന്നത്തെ പാറേൽപ്പള്ളിക്ക് സമീപത്തായി ഉണ്ടായിരുന്ന കെട്ടിടത്തിൽ ആയിരുന്നു തുടക്കം. മദ്രാസ് യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തായിരുന്നു കോളേജ് ആരംഭിച്ചത്.
1925 ജൂൺ രണ്ടിന് കുര്യാളശേരി പിതാവ് ദിവംഗതനായി . വളർച്ചയിലായിരുന്ന കുട്ടിക്കലാലയത്തിന് ഒരു ആഘാതമായിരുന്നു അത്. അന്ന് എസ്‌ ബി കോളേജിലെ പ്രൊഫെസ്സർ ആയിരുന്ന ഫാ ജെയിംസ് കാളാശേരി നേതൃത്വം ഏറ്റെടുത്തു. പിന്നീട് കാളാശേരി അച്ചൻ ചങ്ങനാശേരിയുടെ ബിഷപ്പ് ആയി അവരോധിക്കപ്പെട്ടു. പതിനാല് വർഷത്തെ സേവനത്തിന് ശേഷം 1935ൽ ഫാ മാത്യു പുരയ്‌ക്കൽ പ്രിസിപ്പൾ സ്ഥാനത്ത് നിന്നും വിരമിച്ചു. ഫാ എ സി ഈപ്പൻ( MA Phd ) പ്രിസിപ്പൾ ഇൻ ചാർജ് ആയി. 1936ൽ ഫാ റോമിയോ തോമസ് പ്രിസിപ്പൾ ആയി സ്ഥാനമേറ്റു.

1937ൽ കോളേജ് ആർട്സ് ക്ലബ് ഷേക്‌സ്‌പിയറിന്റെ മാക്ബത് സ്റ്റേജിൽ അവതരിപ്പിച്ചു. 1940ൽ മോൺ ജേക്കബ് കല്ലറക്കൽ 9000 രൂപ സംഭാവന ചെയ്തു, ചാപ്പലും അസംബ്ലി ഹാളും പണിയുന്നതിനായി. 1950 ൽ ഹോസ്റ്റൽ വാർഡനും, ലെക്ച്ചററും ആയിരുന്ന ഫാ മാത്യു കാവുകാട്ട് ചങ്ങനാശേരി ബിഷപ്പ് ആയി. 1956 ൽ ചങ്ങനാശേരി അതിരൂപത ആകുകയും ബിഷപ് മാത്യു കാവുകാട്ട് ആദ്യത്തെ ആർച്ച്ബിഷപ് ആവുകയും ചെയ്തു. 1952ൽ നാച്ചുറൽ സയൻസ് വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷം നടന്നു. അതി ബൃഹത്തായ സയൻസ് എക്സിബിഷനും കോളേജ് ഡേ ആഘോഷങ്ങളും രാജപ്രമുഖൻ ശ്രീ ചിത്തിര തിരുന്നാൾ ബാലരാമവർമ്മ ഉദ്ഘാടനം ചെയ്തു. 1954ൽ കെമിസ്ട്രിയിൽ പോസ്റ്റ് ഗ്രാജുവേഷൻ കോഴ്സ് ആരംഭിച്ചു.

1972ൽ ഗോൾഡൻ ജൂബിലിയും 1982ൽ ഡയമണ്ട് ജൂബിലിയും ആഘോഷിച്ചു. 1983ൽ മഹാത്മാഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തു. 1986ൽ മാർ ജോസഫ് പൗവ്വത്തിൽ പേട്രൺ ആയി. അതേവർഷം ഇംഗ്ലീഷ് , ഫിസിക്സ് , ബോട്ടണി , സുവോളജി എന്നീ വിഭാഗങ്ങൾ റിസർച്ച് സെന്റർ ആയി. 1996ൽ കേരളത്തിലെ മികച്ച സ്പെഷ്യൽ ഗ്രേഡ് പ്രൈവറ്റ് കോളേജിനുള്ള "ആർ ശങ്കർ അവാർഡ്" കരസ്ഥമാക്കി.
1999ൽ മികച്ച കോളേജ് അധ്യാപകനുള്ള 'സെന്റ് ബെർക്കുമൻസ്‌ ' അവാർഡ് ഏർപ്പെടുത്തി.MSc പോളിമർ കെമിസ്ട്രി ആരംഭിച്ചു.
യൂ ജി സി 'ഫൈവ് സ്റ്റാർ ' പദവി നൽകി ആദരിച്ചു.

2002ൽ കെമിസ്ട്രി വിഭാഗത്തിന് 'സെന്റർ ഓഫ് എക്സലെൻസ്' അംഗീകാരം ലഭിച്ചു. 2004ൽ യൂ ജി സി ' കോളേജ് വിത്ത് പൊട്ടൻഷ്യൽ ഫോർ എക്സലൻസ്' ആയി അംഗീകരിച്ചു. 2005ൽ രാഷ്‌ട്രപതി എ പി ജെ അബ്ദുൾ കലാം കോളേജ് സന്ദർശിച്ചു. 2006ൽ കോളേജ് A+ ലെവൽ ആയി ഉയർത്തപ്പെട്ടു. 2010 ൽ കോളേജിന് ' മൈനോറിറ്റി സ്റ്റാറ്റസ് ' അനുവദിച്ചു. 2012ൽ നവതി ആഘോഷിച്ചു. 2014ൽ ഓട്ടോണോമസ് കോളേജ് ആയി യൂ ജി സി അംഗീകരിച്ചു.
2018 ൽ രാജ്യത്തെ നാല്പത്തി ആറാമത്തെ മികച്ച കോളേജ് ആയി തെരഞ്ഞെടുക്കപ്പെട്ടു.
ഇന്‍റ്റര്‍മീഡിയറ്റ്‌ കോഴ്‌സിന്റെ മൂന്നാം ഗ്രൂപ്പി ല്‍, 125 വിദ്യാര്‍ഥികളും ആറ്‌ അധ്യാപകരുമായി പ്രവര്‍ത്തനം ആരംഭിച്ച എസ്ബി കോളജില്‍ ഇപ്പോൾ 17 ഡിഗ്രി കോഴ്‌സുകളും 19 ബിരുദാനന്ത ബിരുദ കോഴ്‌സുകളുമുണ്ട്‌. കൂടാതെ മൂന്ന്‌ ഡിപ്പാർട്മെന്റുകളില്‍ എംഫില്‍ പ്രോഗ്രാമും പത്ത്‌ ഡിപ്പാര്‍ട്മെന്റുകളില്‍ പിഎച്ച്ഡി പ്രോഗ്രാമും നടക്കുന്നു.

ഇംഗ്ലീഷ് പ്രൊഫെസ്സറായിരുന്ന കുളന്തസാമിപിള്ള ആദ്യകാലത്തു പറയുമായിരുന്നുവത്രേ "ബെഞ്ച് ഒടിയും വരെ ഞങ്ങൾ ആൺകുട്ടികളെ സ്വീകരിക്കും "എന്ന്. അദ്ദേഹമാണ് കോളേജിന്റെ മുദ്ര തയാറാക്കിയത്. ഒരു ഗ്രീക്ക് കുരിശ് കൊണ്ട് നാലായി ഭാഗിച്ച മെഡൽ. അതിന്റെ ഇടതുവശത്തു മുകളിലായി പ്രാവും വലതു വശത്ത് മുകളിലായി ലില്ലിപ്പൂവും താഴെ ഇടത് ഭാഗത്ത് രണ്ട് തെങ്ങും താഴെ വലതു ഭാഗത്തു തിരമാലകളും ആണ് . ഓരോന്നിന്റെയും അർഥം ഇതാണ്. പ്രാവ് പരിശുദ്ധാത്മാവും ജ്ഞാനവും ലില്ലി പൂവ് പരിശുദ്ധി, പ്രകൃതി എന്നിവയെയും, തെങ്ങുകൾ കേരളത്തെയും തിരമാലകൾ കേരളത്തിന്റെ ഭൂപ്രദേശത്തെയും സമുദ്ര തീരത്തോട് ചേർന്ന് കിടക്കുന്ന ചങ്ങനാശേരിയെയും സൂചിപ്പിക്കുന്നു. കുരിശ് രക്ഷയുടെ പ്രതീകമാണ്. കുരിശിന്റെ നടുവിലെ തുറന്ന പുസ്തകം വിവേകത്തിന്റെയും കർമനിരതരായ വിദ്യാർത്ഥികളുടെയും പ്രതീകമാണ്. മുദ്രയുടെ മുകളിലും താഴെയും ഗ്രീക്കിലും സംസ്കൃതത്തിലും ആലേഖനങ്ങളും ഉണ്ട്:"CARITAS VERA NOBILITA" (ദാനമാണ് ഥാർത്ഥ കുലീനത ).കോളേജിന്റെ മോട്ടോയും അത്  തന്നെയാണ്.

കലാകായിക മത്സരങ്ങളിൽ എന്നും തിളങ്ങി നിന്നു ഈ കോളേജ്. വാരിക്കൂട്ടിയ സമ്മാനങ്ങളും അംഗീകാരങ്ങളും എണ്ണമറ്റത്. ബെർക്കുമാൻസ് കോളേജിന്റെ മഹത്വവും ജനഹൃദയങ്ങളിൽ ആ കലാലയം നേടിയെടുത്തിട്ടുള്ള സൽപ്പേരും ചെറുതല്ല. ഒരു കലാലയത്തിൽനിന്നും പഠിച്ച് പുറത്തു പോയവരുടെ നിലവാരം ആണ് കോളേജിന്റെ നിലവാരം. സിന്യൂസ് വായനക്കാരായ എസ് ബി കോളേജിലെ പൂർവ്വവിദ്യാർത്ഥികൾക്കൊപ്പം സിന്യൂസും ആശംസിക്കുന്നു, കൂടുതൽ പ്രകാശം പരത്തി ബെർക്കുമാൻസ് കോളേജ് ഇനിയും വിജയാഹ്ലാദത്തോടെ ജൂബിലികൾ ആഘോഷിക്കട്ടെ. ഇനിയും അനേകമനേകം നിറപ്പകിട്ടാർന്ന ചിത്രശലഭങ്ങൾ ആ ക്യാമ്പസിൽനിന്നും പറന്നുയരട്ടെ. ഓട്ടോണോമസ് ആയ കോളേജ് ഒരു യൂണിവേഴ്സിറ്റിയായി മാറട്ടെ. ഒപ്പം എസ്‌ ബി കോളേജിന്റെ ആദ്യചുവട് വയ്പ്പുക്കൾക്ക് താങ്ങായ  ബഹു മാത്യു പുരയ്ക്കലച്ചനെ സ്നേഹാദരങ്ങളോടെ ഓർക്കുകയും ആ മഹദ്‌വ്യക്തിത്വത്തിന്റെ ഓർമ്മ ഒരിക്കലും മങ്ങാതെ കത്തിനിൽക്കുകയും ചെയ്യട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.

പൂർവ്വ വിദ്യാർത്ഥികളായ ചില പ്രമുഖർ:

. കുഴികളയിൽ എം. അബ്രഹാം - (ശാസ്ത്രജ്ഞനും പ്രൊഫസറും ലിഥിയം അയൺ ബാറ്ററികളിൽ വിദഗ്ധനുമാണ്)
. കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി
.ആർച്ച്ബിഷപ് മാർ ജോസഫ് പൗവത്തിൽ
. ജസ്റ്റിസ് എ. എം. ബാബു, (കേരള ഹൈക്കോടതി മുൻ ജഡ്ജി )
. എം. വി. പൈലി - ഇന്ത്യൻ സ്കോളർ, പദ്മഭൂഷൻ അവാർഡ്
. കുഞ്ചാക്കോ ബോബൻ - ചലച്ചിത്ര നടൻ
.സി. വി. ആനന്ദ ബോസ് - ഐ.എ.എസ്
.പി. ടി. ചാക്കോ - കേരള മുൻ ആഭ്യന്തരമന്ത്രി
. ബിപിൻ ചന്ദ്രൻ - തിരക്കഥാകൃത്ത്
. കെ.എം. ചാണ്ടി - മുൻ ഗവർണർ (എം‌പി, ഗുജറാത്ത് & പോണ്ടിച്ചേരി)
. ഉമ്മൻ ചാണ്ടി - കേരള മുൻ മുഖ്യമന്ത്രി
. ഡോ. ബി. ഇക്ബാൽ -
മുൻ ആസൂത്രണ ബോർഡ് അംഗം, മുൻ കേരള സർവകലാശാല വി.സി.(കേരളത്തിൽ നിന്നും ഒരാൾക്ക് നോബൽ സമ്മാനം ലഭിക്കണമെന്നും അത് എസ്‌ ബി കോളേജിൽ നിന്നുമായിരിക്കുമെന്നുമുള്ള അതിശയോക്തി പരമായ മോഹം പേറുന്ന വ്യക്തി)
 .ടോമിൻ ജെ തച്ചങ്കരി IPS
.
ജസ്റ്റിസ് സിറിയക് ജോസഫ് - വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ്
. ജോർജ്ജ് ജോസഫ് - ശാസ്ത്രജ്ഞൻ
. ജിത്തു ജോസഫ് - ചലച്ചിത്ര സംവിധായകൻ
. പി. ജെ. ജോസഫ് - മുൻ വിദ്യാഭ്യാസ മന്ത്രി, എം‌എൽ‌എ
.
ആർച്ച്ബിഷപ് മാർ മാത്യു കാവുകാട്ട് (ദൈവദാസൻ )
. മനോജ് കുറൂർ - എഴുത്തുകാരൻ
. സിബി മലയിൽ - ചലച്ചിത്ര സംവിധായകൻ
. എൻ. ശ്രീകണ്ഠൻ നായർ - കൊല്ലം നിയോജകമണ്ഡലത്തിന്റെ മുൻ എംപി
. പ്രേം നസീർ - ചലച്ചിത്ര നടൻ
. ജോർജ്ജ് ഓണക്കൂർ- 
എഴുത്തുകാരൻ
. പി. കെ. നാരായണ പണിക്കർ - മുൻ എൻ‌എസ്‌എസ് ജനറൽ സെക്രട്ടറി
. പി. പരമേശ്വരൻ (എ കെ എ പദ്മവിഭൂഷൻ) - രാഷ്ട്രീയ സ്വയംസേവക സംഘം (ആർ‌എസ്‌എസ്) പ്രത്യയശാസ്ത്രജ്ഞൻ
. മാർട്ടിൻ പ്രക്കാട്ട് - ചലച്ചിത്ര സംവിധായകൻ
. ജോൺ ശങ്കരമംഗലം - ചലച്ചിത്ര നിർമ്മാതാവും പൂനെയിലെ എഫ്‌ടിഐഐയുടെ മുൻ ഡയറക്ടറുമാണ്
. എം. ജി. സോമൻ - ചലച്ചിത്ര നടൻ
. രാജു നാരായണ സ്വാമി ഐ.എ.എസ് - അഡീഷണൽ. സെക്രട്ടറി, ഗവ. കേരള
. പി. സി. തോമസ് - മുൻ കേന്ദ്രമന്ത്രി
. സന്തോഷ് തുണ്ടിയിൽ - ഛായാഗ്രാഹകൻ
. വി ജെ ജെയിംസ് - എഴുത്തുകാരൻ
. എ. റഹിം - ഇന്ത്യൻ രാഷ്ട്രീയക്കാരൻ, സ്വാതന്ത്ര്യസമര സേനാനി, കേന്ദ്രമന്ത്രി

സിസിലി ജോൺ


എം സി റോഡരികിലെ കലാലയ കാരണവർക്ക് ശതാബ്ദിയുടെ യൗവനം-1

ചങ്ങനാശേരി എസ്.ബി. കോളേജ് നൂറാം വർഷത്തിലേക്ക്

കേരള വിദ്യാഭ്യാസത്തിന്റെ പൊന്‍തൂവലായ ചങ്ങനാശേരി എസ്ബി കോളേജ് ശതാബ്ദി നിറവിൽ




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.