ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ സംസ്ഥാന ബോർഡുകൾ വിദ്യാർഥികളെ വിലയിരുത്തുന്ന രീതി 10 ദിവസത്തിനകം പ്രസിദ്ധപ്പെടുത്തണമെന്ന് സുപ്രീംകോടതി. ഇന്റേണൽ അസസ്മെന്റ് ഫലം ജൂലായ് 31-നകം പ്രസിദ്ധീകരിക്കണമെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ അവധിക്കാല ബെഞ്ച് ആവശ്യപ്പെട്ടു.
കോവിഡ് സാഹചര്യത്തിൽ സംസ്ഥാന ബോർഡുകളുടെ പന്ത്രണ്ടാംക്ലാസ് പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. അനുഭ സഹായ് ശ്രീവാസ്തവ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
അതേസമയം, എല്ലാ സംസ്ഥാന ബോർഡുകളും ഒരേ വിലയിരുത്തൽ രീതി സ്വീകരിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഓരോ ബോർഡും പ്രത്യേകതയുള്ളതും സ്വയം ഭരണ സ്വഭാവത്തിലുള്ളതുമാണ്. രാജ്യവ്യാപകമായി ഏകീകൃത വിലയിരുത്തൽ രീതി വേണമെന്ന് നിർദേശിക്കാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
എന്നാൽ കേരളമുൾപ്പെടെ ആറു സംസ്ഥാനങ്ങളിൽ നേരത്തേ തന്നെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടന്നുകഴിഞ്ഞു. ആന്ധ്രാപ്രദേശ് ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളെല്ലാം പരീക്ഷ റദ്ദാക്കുകയും ചെയ്തു. ജൂലായ് അവസാനവാരം പരീക്ഷ നടത്തുമെന്നാണ് ആന്ധ്രാപ്രദേശ് അറിയിച്ചത്. സുപ്രീംകോടതി അതിൽ കടുത്ത അതൃപ്തിയറിയിച്ചിരുന്നു. 
പരീക്ഷയിൽ പങ്കെടുത്ത ഒരാൾക്കെങ്കിലും കോവിഡ് കാരണം ആപത്ത് സംഭവിച്ചാൽ സംസ്ഥാന സർക്കാർ മാത്രമാകും അതിന് ഉത്തരവാദിയെന്ന് സുപ്രീംകോടതി മുന്നറിയിപ്പും നൽകി.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.