ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ അജീഷ് പോള്‍ ആശുപത്രിവിട്ടു

ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ അജീഷ് പോള്‍ ആശുപത്രിവിട്ടു

കൊച്ചി: മാസ്‌ക് വയ്ക്കാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് തലക്ക് കല്ലുകൊണ്ടു ഇടിയേറ്റ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അജീഷ് പോള്‍ ആശുപത്രി വിട്ടു. ആലുവ രാജഗിരി ആശുപത്രിയിലെത്തിക്കുമ്പോള്‍ സംസാരശേഷിയും വലതു കയ്യുടെയും കാലിന്റെയും ചലന ശേഷിയും നഷ്ടപ്പെട്ട നിലയിലായിരുന്നു. തുടര്‍ന്ന് ന്യൂറോസര്‍ജറി വിഭാഗം തലവന്‍ ഡോ. ജഗത് ലാല്‍ ഗംഗാധരന്റെ നേതൃത്വത്തില്‍ ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയാണ് അജീഷിനെ ഇപ്പോഴത്ത് അവസ്ഥയില്‍ എത്തിച്ചത്.

ശസ്ത്രക്രിയയ്ക്ക് ശേഷം അജീഷ് പോളിനെ വെന്റിലേറ്ററിലേക്ക് മാറ്റി. ആക്രമണത്തെ തുടര്‍ന്ന് അജീഷിന്റെ തലയോട്ടി തകര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നു. തലച്ചോറിന്റെ ഇടതുവശത്തേറ്റ പരുക്കാണ് സംസാരശേഷിക്ക് തകരാറുണ്ടാക്കിയത്. ആറു ദിവസം വെന്റിലേറ്ററില്‍ കഴിയേണ്ടി വന്നു. തുടര്‍ന്ന് നടത്തിയ ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി ചികിത്സകളുടെ ഫലമായി സംസാരശേഷിയും കൈകാലുകളുടെ ചലന ശേഷിയും ഒരു പരിധി വരെ തിരിച്ചു കിട്ടി.

തലച്ചോറിലെ ലാംഗ്വേജ്‌സെന്ററിനുണ്ടായ തകരാറ് മൂലം ഓര്‍മ്മയിലുള്ള പല കാര്യങ്ങളും ആശയവിനിമയം നടത്താന്‍ സാധിക്കാത്ത നിലയിലായിരുന്നു അജീഷ് പോള്‍. ആറ് മാസം കൂടിയെങ്കിലും ഇദ്ദേഹത്തിന് സ്പീച്ച് തെറാപ്പി ആവശ്യമായി വരും. മറയൂര്‍ സ്റ്റേഷനിലെ പൊലീസുകാരനായ അജീഷ് പോളിന് ജൂണ്‍ ഒന്നിനാണ് ഡ്യൂട്ടിക്കിടെ കല്ലു കൊണ്ടുള്ള ആക്രമണത്തില്‍ തലക്ക് ഗുരുതരമായി പരുക്കേറ്റത്. മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനാണ് കോവില്‍ക്കടവ് സ്വദേശി സുലൈമാന്‍ എസ്എച്ച്ഒ രതീഷ് ജിഎസിനെയും അജീഷിനെയും മര്‍ദ്ദിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.