ലോകം ഡെല്‍റ്റാ പ്ലസ് ഭീഷണിയില്‍; ഇന്ത്യയില്‍ 50 പേര്‍ക്ക് വൈറസ് ബാധ, കേരളത്തില്‍ മൂന്ന് രോഗികള്‍

ലോകം ഡെല്‍റ്റാ പ്ലസ് ഭീഷണിയില്‍; ഇന്ത്യയില്‍ 50 പേര്‍ക്ക് വൈറസ് ബാധ, കേരളത്തില്‍ മൂന്ന് രോഗികള്‍

ന്യൂഡല്‍ഹി: ഇന്ത്യ ഉള്‍പ്പെടെയുള്ള 12 രാജ്യങ്ങളില്‍ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. കോവിഡിന്റെ രണ്ടാം തരംഗത്തെ ഫലപ്രദമായി നേരിട്ട ഓസ്‌ട്രേലിയ, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലും ഡെല്‍റ്റ പ്ലസ് വ്യാപിക്കുകയാണ്.

നിയന്ത്രണങ്ങളെല്ലാം എടുത്തുമാറ്റിയ ഈ രാജ്യങ്ങള്‍ വെള്ളിയാഴ്ചയോടെ പല സ്ഥലങ്ങളിലും നിയന്ത്രണങ്ങള്‍ പുനസ്ഥാപിച്ചു. അമേരിക്ക, റഷ്യ, ഫിജി തുടങ്ങിയ രാജ്യങ്ങളും നിരവധി പേര്‍ക്ക് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ഉള്‍പ്പെടെയുള്ള 11 സംസ്ഥാനങ്ങളില്‍ 50 പേര്‍ക്ക് ഡെല്‍റ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വ്യാപന ശേഷി കൂടുതലുള്ള ഡെല്‍റ്റ പ്ലസ് വകഭേദത്തെ ഉടന്‍ തന്നെ പ്രതിരോധിക്കണമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവ നിര്‍ദേശിച്ചു.

കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്ര പ്രദേശ്, തമിഴ്‌നാട്, ഒഡീഷ, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടത്. രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ 20 ഡെല്‍റ്റ പ്ലസ് കേസുകളും തമിഴ്‌നാട്ടിലും മധ്യപ്രദേശിലും ഒമ്പത് വീതം കേസുകളുമുണ്ട്.

കേരളത്തില്‍ ഇതുവരെ മൂന്ന് പേര്‍ക്കും പഞ്ചാബിലും ഗുജറാത്തിലും രണ്ട് കേസുകളും ആന്ധ്ര, ഒഡീഷ, രാജസ്ഥാന്‍, കര്‍ണാടക, ജമ്മു കശ്മീര്‍ എന്നിവടങ്ങളില്‍ ഒരു കേസുകളുമാണ് സ്ഥിരീകരിച്ചത്. ഈ സംസ്ഥാനങ്ങള്‍ കരുതലോടെ മുന്നോട്ട് പോകണമെന്നും നിര്‍ദേശമുണ്ട്.

കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യയില്‍ ആദ്യമായി സ്ഥിരീകരിച്ച ഡെല്‍റ്റ വകഭേദം ജൂണ്‍ മാസത്തോടെ രാജ്യത്തെ 174 ജില്ലകളിലേക്ക് വ്യാപിച്ചു. അതേസമയം, ഡെല്‍റ്റ പ്ലസിന്റെ വ്യാപനം പ്രാദേശികമാണെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.

ഡെല്‍റ്റ് പ്ലസ് വകഭേദത്തിന്റെ സാന്നിധ്യത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിയന്ത്രണം കടുപ്പിച്ചു. നിലവിലെ കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ പുതിയ വകഭേദത്തെ എത്രത്തോളം ചെറുക്കുമെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ല.

ഓസ്‌ട്രേലിയയില്‍ 65 പേര്‍ക്കാണ് പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് തുറന്ന ഓസ്‌ട്രേലിയയുടെ തലസ്ഥാന നഗരമായ സിഡ്‌നിയുടെ പ്രധാന ഭാഗങ്ങളെല്ലാം വീണ്ടും അടച്ചു. സാമൂഹിക അകലം പാലിച്ചും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയും കോവിഡിനെ തുരത്തിയ രാജ്യമായിരുന്നു ഓസ്‌ട്രേലിയ.

ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയെന്ന റെക്കോര്‍ഡ് സൃഷ്ടിച്ച ഇസ്രയേലും ഇപ്പോള്‍ പ്രതിസന്ധിയിലാണ്. മിക്കവാറും ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിയതിനാല്‍ ജൂണ്‍ 15 മുതല്‍ മാസ്‌കുകള്‍ അവര്‍ ഒഴിവാക്കിയിരുന്നു. ഏകദേശം 5.2 മില്യണ്‍ ആളുകള്‍ ഇവിടെ ഫൈസര്‍ വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചു.

എന്നാല്‍ നൂറിലധികം കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് ഇസ്രയേല്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം ഇസ്രയേല്‍ വീണ്ടും നിര്‍ബന്ധമാക്കി. വ്യാഴാഴ്ച 227 കേസുകള്‍ രേഖപ്പെടുത്തി. കുറച്ചു ദിവസങ്ങളായി രോഗം ബാധിക്കുന്നവരുടെ എണ്ണം പ്രതിദിനം ഇരട്ടിക്കുകയാണെന്ന് ഇസ്രയേല്‍ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു.

ഒരു വര്‍ഷത്തോളം ഒരു പ്രതിദിന കേസു പോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ഫിജിയില്‍ വ്യാഴാഴ്ച 300 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡെല്‍റ്റ വകഭേദമാണ് കേസുകള്‍ കൂടാന്‍ കാരണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റഷ്യയും ഡെല്‍റ്റ വകഭേദത്തിനെതിരെ കഠിനമായി പൊരുതുകയാണ്. വ്യാഴാഴ്ച 20,000 ലധികം കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ജനുവരിക്കു ശേഷം ഇതാദ്യമായാണ് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.