ധവാന് മുന്നില്‍ അടിയറവ് പറഞ്ഞ് ചെന്നൈ

ധവാന് മുന്നില്‍ അടിയറവ് പറഞ്ഞ് ചെന്നൈ

ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരെ കുറെ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ശനിയാഴ്ചത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പർകിംഗ്സിന് സാധിച്ചു. സാം കരണിനെ വച്ചുളള അവരുടെ തന്ത്രം പാളിയെങ്കില്‍ പോലും സ്ഥിരതയുളള ഓപ്പണ‍ർമാരായ വാട്സണും ഡുപ്ലെസിയും നല്ല തുടക്കം ചെന്നൈയ്ക്ക് നല്കി. പക്ഷെ മധ്യനിരയ്ക്ക് ഒരു ഫിനിഷ് നല്കാനായി രവീന്ദ്ര ജഡേജയെ തന്നെ ആശ്രയിക്കേണ്ടിവരുന്നു. ഒരു വേള നല്ല ടോട്ടലിലേക്ക് എത്തുമോയെന്നുളള സംശയമുണ്ടായിരുന്നുവെങ്കിലും നല്ല ഫിനിഷിംഗ് നല്കി രവീന്ദ്ര ജഡേജ നല്ല സ്കോറിലേക്ക് ചെന്നൈയെ എത്തിക്കുന്നു. സ്ലോ ഡൗണ്‍ ചെയ്യുന്ന വിക്കറ്റില്‍ നല്ല ടോട്ടലിലേക്ക് എത്താന്‍ ചെന്നൈയ്ക്ക് സാധിച്ചതുള്‍പ്പടെ കുറെ നല്ല കാര്യങ്ങള്‍ സംഭവിച്ച മത്സരമായിരുന്നു ഇത്.

പരാജയ കാരണങ്ങള്‍ അന്വേഷിക്കുമ്പോള്‍ സ്പിന്നേഴ്സിന് വേണ്ടത്ര ശോഭിക്കാന്‍ സാധിച്ചില്ല. ശിഖർ ധവാന്‍ ഗംഭീരമായ ഒരു ഇന്നിംഗ്സ് കളിച്ചുവെന്നുളളത് മാറ്റിനിർത്തിയാല്‍ പോലും ലെംഗ്തില്‍ അദ്ദേഹം പിഴവു വരുത്തിയെന്ന് പറയാതെ വയ്യ. പീയൂഷ് ചൗളയ്ക്ക് പകരം കേദാർ ജാദവിനെ ഉപയോഗിച്ചതും നിർഭാഗ്യകരമായ തീരുമാനം. ആദ്യം ബാറ്റുചെയ്യുകയായിരുന്നുവെങ്കില്‍ പോലും എക്സ്ട്രാ ബൗളിംഗ് ഓപ്ഷന്‍ അവർക്ക് ഗുണം ചെയ്യുമായിരുന്നു. ആവശ്യമുളള നേരത്ത് സ്പിന്നേഴ്സ് പ്രതീക്ഷക്ക് ഒത്തുയർന്നില്ലെന്ന് മാത്രമല്ല എക്സട്രാ ബൗളിംഗ് ഓപ്ഷന്‍ ഇല്ലാതെ പോവുകയും ചെയ്തു. ചുരുക്കത്തില്‍ മറ്റ് മത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു മാറ്റം കൊണ്ടുവന്നത് അവർക്ക് ഗുണം ചെയ്തില്ല. ഉളള ബൗളർമാക്ക് ഡെല്‍ഹി ക്യാപിറ്റല്‍സിന്‍റെ ബാറ്റ്സ്മാന്‍മാർക്ക് സമ്മർദ്ദം കൊടുക്കാനും കഴിഞ്ഞില്ല. മാർക്കസ് സ്റ്റോയിനിസിനെതിരെ ധോനി വിചാരിച്ചതുപോലെ പന്തെറിയാന്‍ രവീന്ദ്ര ജഡേജയ്ക്കും കരണ്‍ ശർമ്മയ്കക്കും സാധിച്ചില്ല. ഫീല്‍ഡിംഗ് പിഴവുകളാണ് പരാജയത്തിന് മറ്റൊരു പ്രധാന കാരണമായത്. ധോനി ഉള്‍പ്പടെ ദീപക് ചാഹറും അംബാട്ടിറായിഡുവും നിരവധി അവസരങ്ങള്‍ കൈവിട്ട് കളഞ്ഞു. അതിന് വലിയ വിലയും അവർക്ക് കൊടുക്കേണ്ടിവന്നു.

ശിഖർ ധവാന്‍റെ സെഞ്ചുറി ഐപിഎല്‍ ചരിത്രത്തിലെ തന്നെ മികച്ച സെഞ്ചുറികളിലൊന്നായി വിലയിരുത്താം. പലപ്പോഴും ക്യാച്ചെടുക്കില്ലെന്ന ധൈര്യത്തില്‍ ധവാന്‍ ബാറ്റുവീശുന്നതുപോലെ തോന്നി. ഇത്തരമൊരു വിക്കറ്റില്‍, ചെന്നൈ പോലൊരു ടീമിനെതിരെ നേടിയ സെഞ്ചുറി അദ്ദേഹത്തിന് വലിയ ആത്മവിശ്വാസം നല്‍കുമെന്നുറപ്പ്. തുടർച്ചയായി പരാജയപ്പെടുമ്പോഴും പൃഥ്വിഷായെ നിലനിർത്താന്‍ സാധിക്കുന്നു.അജിക്യാ രഹാനെ പരാജയപ്പെടുന്നു.ഋഷഭ് പന്തിന് പരുക്കുണ്ടാവുന്നു. ഹെറ്റ് മെയറെ കളിപ്പിക്കാന്‍ പറ്റുന്നില്ല. നിരവധി പ്രതികൂല ഘടകങ്ങളുണ്ടായിട്ടും വിജയിക്കാനുളള വഴി അവർ കണ്ടെത്തുന്നുവെന്നുളളതാണ് അവരെ ചാമ്പ്യന്‍ ടീമാക്കുന്നത്. ഒരാള്‍ പരാജയപ്പെട്ടാല്‍ പോലും മറ്റൊരാള്‍ ഉത്തരവാദിത്തമേറ്റെടുത്ത് ടീമിനെ ജയിപ്പിക്കുന്നു. മത്സരത്തിനിടയിലെ ആഹ്ളാദ പ്രകടനങ്ങളൊക്കെ കാണുമ്പോള്‍ ഒരു കാര്യം ഉറപ്പാണ് തമ്മില്‍ തമ്മില്‍ ഐക്യമുള്ളൊരു ടീമിനെ ഉണ്ടാക്കിയെടുക്കാന്‍ കോച്ച് റിക്കി പോണ്ടിംഗിന് സാധിച്ചിട്ടുണ്ട് എന്നുളളത്.

റബാഡ വിക്കറ്റെടുക്കുന്ന സമയത്ത് അദ്ദേഹത്തിന്‍റെ മുകളിലേക്ക് ഓടിക്കേറുന്നത് കാണുമ്പോള്‍, റിക്കി പോണ്ടിംഗ് അഭിമുഖം നല്‍കുമ്പോള്‍ പുറകില്‍ നിന്ന് കോമാളിത്തരം കാണിക്കുന്ന ഋഷഭ് പന്തിനെ കാണുമ്പോള്‍ ഒരു കാര്യം ഉറപ്പാണ്. ടീമിനുളളില്‍ അവരെല്ലാം സന്തോഷവാന്മാരാണ്. ഒരു പക്ഷെ ചെന്നൈനിരയിലോ കൊല്‍ക്കത്ത നിരയിലോ കാണാത്ത ഐക്യം ഡെല്‍ഹി ക്യാപിറ്റല്‍സില്‍ കാണുന്നുവെന്ന് ചുരുക്കം. അന്യോന്യം സഹായിക്കാനുളള മനസ്, വിജയിക്കുമ്പോള്‍ ഒരുമിച്ച് ആഹ്ളാദിക്കാനുളള മനസ് ,ഒത്തൊരുമ ഇതെല്ലാമാണ് ഡെല്‍ഹിയുടെ ശക്തി,അവരുടെ വിജയമന്ത്രം.

സ്കോ‍ർ CSK 179/4 (20)DC 185/5 (19.5)

സോണി ചെറുവത്തൂർ
(കേരളാ രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ , ഗോള്‍ഡ് 101.3 കമന്‍റേറ്റർ)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.