വനിതാ കമ്മിഷന്‍ അധ്യക്ഷ: പി.കെ. ശ്രീമതി, പി.സതീദേവി, സി.എസ് സുജാത,സുജാ സൂസന്‍ ജോര്‍ജ്, തുടങ്ങിയവര്‍ പരിഗണനയില്‍

വനിതാ കമ്മിഷന്‍ അധ്യക്ഷ: പി.കെ. ശ്രീമതി, പി.സതീദേവി, സി.എസ് സുജാത,സുജാ സൂസന്‍ ജോര്‍ജ്, തുടങ്ങിയവര്‍ പരിഗണനയില്‍

തിരുവനന്തപുരം: എം.സി ജോസഫൈന്‍ രാജി വച്ചതോടെ പുതിയ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ആര് എന്ന ചര്‍ച്ച സി.പി.എമ്മില്‍ തുടരുന്നു. മുന്‍ മന്ത്രിമാരായ പി.കെ. ശ്രീമതി, കെ.കെ ശൈലജ, മുന്‍ എം.പി  സി.എസ് സുജാത, സുജാ സൂസന്‍ ജോര്‍ജ്, പി. സതീദേവി, ടി.എന്‍ സീമ തുടങ്ങിയവരുടെ പേരുകളാണ് പരിഗണിക്കുന്നത്.

എന്നാല്‍ വനിതാ കമ്മീഷന്റെ നിഷ്പക്ഷ്തയും വിശ്വാസ്യതയും നിലനിര്‍ത്താന്‍ രാഷ്ട്രീയക്കാര്‍ അല്ലാത്തവരെ കണ്ടെത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. 1996 ല്‍ വനിതാ കമ്മീഷന്‍ രൂപീകൃതമായപ്പോള്‍ കവയിത്രി സുഗതകുമാരി ആയിരുന്നു അധ്യക്ഷ. ഈ മാതൃകയില്‍ പൊതുസമൂഹത്തിന് സ്വീകാര്യയായ ആരെയെങ്കിലും കണ്ടെത്തണമെന്ന നിര്‍ദ്ദേശം പാര്‍ട്ടിക്ക് മുന്നിലുണ്ട്.

മന്ത്രിസ്ഥാനം നല്‍കാതെ ഒഴിവാക്കിയതിനാല്‍ ശൈലജയെ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍നിന്ന് ഉയരുന്നുണ്ട്. എന്നാല്‍ നിലവില്‍ എം.എല്‍.എ ആയിരിക്കുന്നതിനാല്‍ ശൈലജയെ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കില്ല.

സ്ഥാനമൊഴിയാന്‍ എട്ടു മാസം മാത്രം അവശേഷിക്കെയാണ് ജോസഫൈന്‍ രാജിവച്ചത്. എന്നാല്‍ മറ്റ് കമ്മീഷന്‍ അംഗങ്ങള്‍ക്ക് ബാക്കി കാലം തുടരാം. അതിനാല്‍ നിലവിലെ കമ്മീഷന്റെ കാലാവധി തീരുന്നതുവരെ കമ്മീഷന്‍ അംഗമായ ഷാഹിദ കമാലിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും ആവശ്യപ്പെടുന്നവരുമുണ്ട്.

അതിന് ശേഷം പാര്‍ട്ടി ബന്ധങ്ങളുള്ള, എന്നാല്‍ സജീവ രാഷ്ട്രീയക്കാരല്ലാത്ത പ്രമുഖ നേതാക്കളെ കൊണ്ടുവരുന്നതാകും ഉചിതമെന്ന ചിന്തയും പാര്‍ട്ടിയിലുണ്ട്. എന്നാല്‍ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചുണ്ടായ വിവാദം ഷാഹിദയ്ക്ക് തിരിച്ചടിയാണ്.

ഇതിനൊപ്പം വനിതാ കമ്മിഷന് കൂടുതല്‍ അധികാരം നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടേക്കും. നിലവിലെ സാഹചര്യത്തില്‍ ലഭിക്കുന്ന പരാതികളില്‍ പോലീസില്‍ നിന്നും റിപ്പോര്‍ട്ടു തേടാനും സര്‍ക്കാരിലേക്ക് പഠന റിപ്പോര്‍ട്ടുകള്‍ അയയ്ക്കാനും മാത്രമേ കമ്മിഷന് സാധിക്കൂ. അതിനപ്പുറത്തേക്ക് നടപടികള്‍ സ്വീകരിക്കാന്‍ അധികാരമില്ല. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കി വനിതാ കമ്മിഷന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാനും സാധ്യതയുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.