ഒലയുടെ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയിലേക്ക്; ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാമെന്ന് കമ്പനി

 ഒലയുടെ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയിലേക്ക്; ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാമെന്ന് കമ്പനി

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ടാക്‌സി സേവന രംഗത്തെ പ്രമുഖ ബ്രാന്‍ഡായ ഒല ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ അവതരണത്തിന് ഒരുങ്ങുന്നു. കമ്പനിയുടെ ചെയര്‍മാനും ഗ്രൂപ്പ് സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ വ്യക്തമാക്കി. ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയിലേക്ക് തങ്ങള്‍ കടക്കുകയാണ് എന്ന് കഴിഞ്ഞ വര്‍ഷം ഒല പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ ഒല തങ്ങളുടെ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ ടീസര്‍ ചിത്രം പുറത്ത് വിട്ടിരുന്നു.

ഒല സ്‌കൂട്ടറുകള്‍ക്ക് ഏതൊക്കെ നിറം വേണം എന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്നും കറുപ്പ് നിറം ഏതായാലും ഉറപ്പിച്ചിട്ടുണ്ട് എന്നും അഗര്‍വാള്‍ ട്വീറ്റ് ചെയ്തു. ഒപ്പം സ്‌കൂട്ടിന്റെ ഏകദേശ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ആംസ്റ്റര്‍ഡാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏറ്റെര്‍ഗോയുടെ ആപ്പ് സ്‌കൂട്ടറിന് സമാനമാണ് ഒലയുടെ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ എന്ന് ചിത്രം വ്യക്തമാക്കുന്നു.

ഇലക്ട്രിക്ക് വാഹന വിപണിയിലേക്ക് ഒല കാലെടുത്ത് വച്ചത് തന്നെ കഴിഞ്ഞ വര്‍ഷം ഏറ്റെര്‍ഗോയെ ഏറ്റെടുത്തകൊണ്ടാണ്. നിയോ-റെട്രോ സ്‌റ്റൈലിംഗ് ഭാഷ്യമുള്ള എറ്റെര്‍ഗോ ആപ്പ് സ്‌കൂട്ടറിന് ഏറെക്കുറെ സമാനമാണ് ഓലയുടെ സ്‌കൂട്ടര്‍.

ഡിആര്‍എല്‍ ചേര്‍ന്ന എല്‍ഇഡി ഹെഡ്ലാമ്പ്, ബോഡി പാനലുകള്‍, അലോയ് വീലുകള്‍, റാപ് എറൗണ്ട് ടെയില്‍ലൈറ്റ് ക്ലസ്റ്റര്‍ എന്നിവ മനോഹരമാണ്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍, ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഫൈബര്‍ പാനലുകള്‍ എന്നീ പ്രീമിയം ഫീച്ചറുകളും ഒലയുടെ ഇലക്ട്രിക്ക് സ്‌കൂട്ടറിലുണ്ടാവും.

സ്‌പെസിഫിക്കേഷനുകളെപ്പറ്റി യാതൊരു വിവരവും ഒല വെളിപ്പെടുത്തിയിട്ടില്ല. പിന്‍ ചക്രത്തില്‍ മാഗ്‌നറ്റ് സിന്‍ക്രൊണസ് (പിഎംഎസ്) മോട്ടോര്‍ ഘടിപ്പിച്ച എന്‍ജിന്‍ ആയിരിക്കും ഒല ഇലക്ട്രിക്ക് സ്‌കൂട്ടറിന് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു തവണ പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാനുള്ള റേഞ്ച് ഉണ്ടാകും. സ്‌കൂട്ടറിന് ക്ലൗഡ് കണക്റ്റിവിറ്റി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിനു മുന്നോടിയായി 2400 കോടി ഡോളര്‍ മുതല്‍ മുടക്കിലാണ് തമിഴ്‌നാട്ടില്‍ ദ്രുതഗതിയില്‍ പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നു വരുന്നത്. 3000 ത്തിലധികം റോബോട്ടുകളും, 10,000 തൊഴിലാളികളും ഒല പ്ലാന്റില്‍ ജോലി ചെയ്യും.

റോബോട്ടിക് വെല്‍ഡിംഗിനൊപ്പം മികച്ച ഓട്ടോമേഷനും നൂതന ഓട്ടോമേറ്റഡ് പെയിന്റ് ഷോപ്പും ഒല പ്ലാന്റിലുണ്ടാവും. 10 അസംബ്ലി ലൈനുകളിലായി ഒരു വര്‍ഷം മൊത്തം 10 ദശലക്ഷം സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി ഈ പ്ലാന്റിനുണ്ടാകും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.