ന്യുഡല്‍ഹി
: സംസ്ഥാനങ്ങള്‍ തയ്യാറാക്കുന്ന പാഠ്യപദ്ധതിയില്‍ സെന്‍സര്‍ഷിപ്പിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പാഠ്യപദ്ധതിയില്‍ വെട്ടലും തിരുത്തലും കൂട്ടിച്ചേര്‍ക്കാനും അവസരമൊരുക്കുന്ന നടപടി കേന്ദ്രം തുടങ്ങി. സംസ്ഥാനങ്ങളോട് പാഠ്യപദ്ധതിയെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ എന്‍.സി.ഇ.ആര്‍.ടി. ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ പാഠ്യപദ്ധതിയില്‍ സെന്‍സര്‍ഷിപ്പ് ആദ്യമായിട്ടാണ്. സാധാരണ കേന്ദ്രം തയ്യാറാക്കി നല്‍കുന്ന പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പാഠ്യപദ്ധതി തയ്യാറാക്കുകയാണ് ചെയ്തിരുന്നത്.
സംസ്ഥാനങ്ങള്‍ നല്‍കുന്ന രൂപരേഖയുടെ അടിസ്ഥാനത്തിലാണ് ദേശീയ പാഠ്യപദ്ധതിയുടെ ചട്ടക്കൂട് തയ്യാറാക്കുക എന്നു പറയുന്നുണ്ടെങ്കിലും അതിലെ ഭാഗങ്ങള്‍ ഒഴിവാക്കാനും പുതിയത് ഉള്‍പ്പെടുത്താനും കേന്ദ്രത്തിന് അധികാരമുണ്ടാവും. അതിനുശേഷം കേന്ദ്രം നല്‍കുന്ന ചട്ടക്കൂടില്‍ നിന്ന് കാര്യമായ മാറ്റം ഇനി സംസ്ഥാനങ്ങള്‍ക്ക് വരുത്താനാവില്ല എന്നാണ് വിലയിരുത്തുന്നത്.
നിലവില്‍ ദേശീയ ചട്ടക്കൂടിനുള്ളില്‍ നിന്ന് സംസ്ഥാനങ്ങള്‍ പാഠ്യപദ്ധതി തയ്യാറാക്കിക്കഴിഞ്ഞാല്‍ കേന്ദ്രം ഇടപെടാറില്ലായിരുന്നു. എന്നാല്‍, എന്താണ് തയ്യാറാക്കുന്നതെന്ന് മുന്‍കൂട്ടി കേന്ദ്രത്തെ അറിയിക്കുകയും അതില്‍ ഇടപെടുകയും ചെയ്യുന്ന സംവിധാനമാണ് വരാന്‍ പോവുന്നത്. സാംസ്‌കാരിക, ചരിത്ര, ശാസ്ത്രമേഖലകളില്‍ പ്രദേശികമായ പ്രാധാന്യം ഉള്‍പ്പെടെ സംസ്ഥാനങ്ങളുടെ താത്പര്യം എത്രത്തോളം ഇനി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനാവും എന്നതില്‍ വ്യക്തതയില്ല.
കേന്ദ്രത്തിനും സംസ്ഥാനത്തിനും പങ്കാളിത്തമുള്ള കാര്യങ്ങളുടെ പട്ടികയായ കണ്‍കറന്റ് ലിസ്റ്റിലാണ് വിദ്യാഭ്യാസം. എന്നാല്‍, നയപരമായ കാര്യങ്ങള്‍ കേന്ദ്രം തീരുമാനിക്കും. സംസ്ഥാനങ്ങള്‍ ഇത് നടപ്പാക്കണം. 2023-ഓടെ നടപ്പാക്കാനാണ് കേന്ദ്രതീരുമാനം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും എസ്.സി.ഇ.ആര്‍.ടി.കളുടെയും ഡയറക്ടര്‍മാരുടെ യോഗം കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ ചേര്‍ന്നു. പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ച് എന്‍.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ വിശദീകരിച്ചു. പുതിയ രീതിയോടുള്ള വിയോജിപ്പ് കേരളം അറിയിച്ചു. വിദ്യാഭ്യാസത്തിന്റെ ജനകീയ സ്വഭാവം ഇല്ലാതാക്കുമെന്നും സംസ്ഥാനങ്ങളുടെ അവകാശം കവര്‍ന്നെടുക്കുമെന്നും കേരളം വാദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.