തീവ്രവാദ സംഘടനകളുടെ റിക്രൂട്ടിംഗ് കേന്ദ്രമായി കേരളം മാറുന്നു: ഡി.ജി.പി

തീവ്രവാദ സംഘടനകളുടെ റിക്രൂട്ടിംഗ്  കേന്ദ്രമായി കേരളം മാറുന്നു: ഡി.ജി.പി

തിരുവനന്തപുരം: കേരളം ഐ.എസ്. അടക്കമുള്ള തീവ്രവാദ സംഘടനകളുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറുന്നുവെന്നു തുറന്നു പറഞ്ഞ് ഡി.ജി.പി ലോക്നാഥ് ബെഹ്‌റ. ഉന്നത വിദ്യാഭ്യാസമുള്ളവരെപ്പോലും വര്‍ഗീയവത്കരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വിരമിക്കുന്നതിനു മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നതാണ്. ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും അടക്കം ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണ് കേരളത്തിലുള്ളത്. അങ്ങനെയുള്ളവരെയാണ് ഭീകര സംഘടനകള്‍ക്ക് ആവശ്യം. ഇത്തരം ആളുകള്‍ പല രീതിയില്‍ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെടുന്നുണ്ട്. സ്ലീപ്പര്‍ സെല്ലുകള്‍ ഇല്ലായെന്നു പറയാനാകില്ല.

വിദ്യാഭ്യാസമുള്ള വ്യക്തികളെ ഭീകര സംഘങ്ങള്‍ വലയിലാക്കുന്നത് തടയാന്‍ പല ശ്രമങ്ങളും നടത്തി. അതിന്റെ ഫലമായി ഇപ്പോള്‍ ആശങ്കകള്‍ കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. നടത്തിയ ശ്രമങ്ങള്‍ എന്താണെന്ന് വെളിപ്പെടുത്താന്‍ കഴിയില്ല-അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തെ മാവോയിസ്റ്റ് വേട്ടയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. മാവോയിസ്റ്റ് വേട്ടയില്‍ ഖേദമില്ല. ചെയ്തത് ജോലിമാത്രമാണ്. നിരുപാധികം കീഴടങ്ങാന്‍ അവര്‍ക്ക് അവസരം നല്‍കിയിരുന്നു എന്നും ബെഹ്‌റ പറഞ്ഞു.

കഴിഞ്ഞ പിണറായി സര്‍ക്കാറിന്റെ കാലത്ത് ഏറെ വിവാദമായ പവന്‍ഹാന്‍സുമായുളള ഹെലികോപ്ടര്‍ കരാര്‍ അവസാനിച്ചുവെന്ന് വ്യക്തമാക്കിയ ഡി.ജി.പി ഇനി കരാറിനായി ആഗോള ടെണ്ടര്‍ വിളിക്കുമെന്നും അറിയിച്ചു. സ്വര്‍ണക്കടത്ത് തടയാന്‍ മഹാരാഷ്ട്ര മാതൃകയില്‍ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നും അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു. വിസ്മയ കേസ് കേരള മനസാക്ഷിയെ ഉലച്ചുവെന്നും നിയമങ്ങള്‍കൊണ്ട് മാത്രം സ്ത്രീധനം തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളീയ സമൂഹം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തണം, സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ബോധവത്കരണം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സ്വയം വിലയിരുത്തിന്നില്ലെന്നു പറഞ്ഞ അദ്ദേഹം പോലീസ് എന്തുചെയ്തുവെന്ന് ജനം വിലയിരുത്തട്ടെ എന്നും വ്യക്തമാക്കി. രാഷ്ട്രീയ ആരോണപങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം മുപ്പതിനാണ് അദ്ദേഹം സര്‍വീസില്‍നിന്ന് പടിയിറങ്ങുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.