രാജ്യത്തെ പ്രമുഖ പ്ലാന്ററും വ്യവസായിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ മൈക്കിള്‍ എ. കള്ളിവയലില്‍ അന്തരിച്ചു

രാജ്യത്തെ പ്രമുഖ പ്ലാന്ററും വ്യവസായിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ മൈക്കിള്‍ എ. കള്ളിവയലില്‍ അന്തരിച്ചു

കോട്ടയം: രാജ്യത്തെ പ്രമുഖ പ്ലാന്ററും വ്യവസായിയും വിദ്യാഭ്യാസ പ്രവര്‍ത്തകനും കാത്തലിക് ട്രസ്റ്റ് ചെയര്‍മാനുമായ മൈക്കിള്‍ എ. കള്ളിവയലില്‍ (98) അന്തരിച്ചു. റബര്‍ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാനും രാഷ്ട്രദീപിക ലിമിറ്റഡ് കമ്പനിയുടെ സ്ഥാപക ഡയറക്ടറും കള്ളിവയലില്‍ കുടുംബയോഗം പ്രസിഡന്റും കൂടിയാണ് മൈക്കിള്‍.  സംസ്‌കാര ശുശ്രൂഷ നാളെ രാവിലെ എട്ടിന് കോട്ടയം മല്ലികശേരിയിലുള്ള കൊണ്ടൂപ്പറമ്പില്‍ വസതിയിൽ ആരംഭിക്കും. തുടർന്ന് വിളക്കുമാടം സെന്റ് ഫ്രാന്‍സിസ് പള്ളിയില്‍ സംസ്കരിക്കും.

പെരുവന്താനം പഞ്ചായത്തംഗം, പെരുവന്താനം സര്‍വീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്ക് എന്നിവയുടെ സ്ഥാപക പ്രസിഡന്റ്, കുട്ടിക്കാനം മരിയന്‍ കോളജ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. മുണ്ടക്കയം പ്ലാന്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ്, മുണ്ടക്കയം ക്ലബ് പ്രസിഡന്റ്, കോട്ടയം ജില്ലാ അമച്വര്‍ അത്ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ്, പീരുമേട് വന്യജീവി സംരക്ഷണ സമിതി പ്രസിഡന്റ് തുടങ്ങി മൈക്കിള്‍ കള്ളിവയലില്‍ സാമൂഹിക പ്രതിബദ്ധതയോടെ നേതൃത്വം നല്‍കിയ പ്രസ്ഥാനങ്ങൾ നിരവധിയാണ്.

ക്രൈസ്തവ സമുദായത്തിന് വിവിധതലങ്ങളില്‍ കരുത്തേകിയ അതുല്യ വ്യക്തിത്വമായിരുന്നു മൈക്കിള്‍ കള്ളിവയലിലെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യൻ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കേരള കാത്തലിക് ട്രസ്റ്റിന്റെ പ്രസിഡന്റായി ഏറെ നാളുകളായി അദ്ദേഹം തുടരുകയായിരുന്നു. സഭയുടെ വിവിധങ്ങളായ തലങ്ങളില്‍ സജീവ സാന്നിധ്യമായും മലയോര മേഖലയിലെ വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിലെ സമഗ്ര മുന്നേറ്റത്തിന് നേതൃത്വമേകിയും മൈക്കിള്‍ കള്ളിവയലില്‍ നല്‍കിയ അതിവിശിഷ്ട സേവനങ്ങള്‍ ഒരു ജനതയുടെ വളര്‍ച്ചയുടെ പാതയിലെ നാഴികക്കല്ലുകളാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

വിഖ്യാതനായ പ്ലാന്റര്‍ കള്ളിവയലില്‍ പാലാ വിളക്കുമാടം കൊണ്ടൂപറമ്പില്‍ പാപ്പന്റെയും (കെ.സി. ഏബ്രഹാം കള്ളിവയലില്‍) ഏലിയാമ്മയുടെയും ഏഴു മക്കളില്‍ നാലാമനാണ് മൈക്കിള്‍ എ. കള്ളിവയലില്‍. മുംബൈ സെന്റ് സേവ്യേഴ്സ് കോളജില്‍ നിന്നു ബിരുദം നേടിയ ശേഷം പിതാവിന്റെ പാതയില്‍ പ്ലാന്റേഷന്‍ രംഗത്തു സജീവമായി. പിതാവിന്റെ എസ്റ്റേറ്റുകളും മര്‍ഫി സായിപ്പില്‍ നിന്നു വാങ്ങിയ എസ്‌റ്റേറ്റുകളുമെല്ലാം ചേര്‍ന്ന് കേരളത്തിലെ പ്രമുഖ പ്ലാന്റേഷനുകളുടെ ചുമതലയില്‍ സജീവമായിരുന്നു.

റബര്‍, തേയില, കാപ്പി തുടങ്ങിയ കൃഷികളില്‍ വിജയകരമായ നൂതന രീതികള്‍ ആവിഷ്‌കരിക്കുകയും പ്രചാരം നല്‍കുകയും ചെയ്തു. പുല്ലുപാറ എസ്റ്റേറ്റില്‍ തേയില കൃഷിയിലും നേട്ടം കൊയ്തു. 1977ല്‍ ബ്ലോക്ക് റബര്‍ സംസ്‌കരണത്തിനായി കള്ളിവയലില്‍ കുടുംബത്തിലെ തന്നെ സഹോദരന്‍ പൈകയില്‍ തുടങ്ങിയ ഹെവിയ ക്രംബ് ഫാക്ടറി പിന്നീട് ഏറ്റെടുത്തതോടെ വ്യവസായ രംഗത്തും സജീവമായി. മകന്‍ ജോസഫ് കള്ളിവയലിന്റെ താത്പര്യത്തില്‍ ഗെന്റോക്ക് റബര്‍ കമ്പനി കൂടി ആരംഭിച്ചതോടെ വിവിധ രാജ്യങ്ങളിലേക്കു റബര്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന നിലയിലേക്ക് വളര്‍ന്നു.

ഗതാഗത സൗകര്യത്തിനായി ബ്രിട്ടീഷുകാര്‍ 1904ല്‍ തുടങ്ങിയ കോട്ടയത്തെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയും വാങ്ങിയിരുന്നു. ഹെവിയ എന്‍ജിനീയറിംഗ് വര്‍ക്സ്, ടാസ് ഹില്‍ പ്ലാന്റേഷന്‍സ്, ഗ്ലെന്‍വ്യൂ തേയില ഫാക്ടറി, ഗ്ലെന്റോക് ചാരിറ്റബിള്‍ സൊസൈറ്റി, മിസ്റ്റി മൗണ്ടന്‍ പ്ലാന്റേഷന്‍ റിസോര്‍ട്ട് തുടങ്ങിയ സ്ഥാപനങ്ങളിലൂടെയും ഒട്ടേറെപ്പേര്‍ക്കു ജോലിയും ജീവിതമാര്‍ഗവും നല്‍കാന്‍ കഴിഞ്ഞു.

ഇന്ത്യയില്‍ റബര്‍ കൃഷി വിജയകരമാക്കിയ വിഖ്യാതനായ ജെ.ജെ. മര്‍ഫിയുമായുള്ള അടുപ്പം മൈക്കില്‍ കള്ളിവയലിലിനെ മികച്ച റബര്‍ പ്ലാന്ററാക്കാന്‍ സഹായകമായി. മര്‍ഫി സായിപ്പിന്റെ ഓര്‍മയ്ക്കായി ഏന്തയാര്‍ ജെ.ജെ മര്‍ഫി സ്‌കൂള്‍ തുടങ്ങിയ ഇദ്ദേഹം പിതാവിന്റെ സ്മരണയക്കായി മുണ്ടക്കയത്ത് കള്ളിവയലില്‍ പാപ്പന്‍ മെമ്മോറിയല്‍ സ്‌കൂളും ആരംഭിച്ചു.

കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായിരുന്ന മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന്റെ അഭ്യര്‍ഥന സ്വീകരിച്ചു കുട്ടിക്കാനം മരിയന്‍ കോളജിന്റെ സ്ഥാപനത്തിനായി 25 ഏക്കര്‍ ഭൂമി ദാനം നല്‍കാനും സന്മനസ് കാട്ടി. രൂപതയുടെ മറ്റു സാമൂഹ്യ പദ്ധതികള്‍ക്കായും നൂറിലേറെ ഏക്കര്‍ ഭൂമി ദാനം ചെയ്യാനും മടിച്ചില്ല. മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ വികസനത്തിലും പ്രധാന പങ്കു വഹിച്ചു. ഇവിടെ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുകയും നിര്‍ധന രോഗികള്‍ക്ക് സൗജന്യ ഡയാലിസിസിന് സൗകര്യമൊരുക്കുകയും ചെയ്തു.

ഇടമറ്റം കുരുവിനാക്കുന്നേല്‍ കുടുംബാംഗമായ മറിയമ്മയാണ് ഭാര്യ. മക്കള്‍: റാണി, വിമല, ഗീത, ജോസഫ് മൈക്കിള്‍, റോഷന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.