വിട്ട്പോകാത്ത പരിമളം പരത്തി തോട്ടക്കാരന്റെ പ്രിയപുഷ്പം

വിട്ട്പോകാത്ത  പരിമളം പരത്തി തോട്ടക്കാരന്റെ പ്രിയപുഷ്പം

ഇരുപത്തിരണ്ട്കാരനായ യുവാവിന്റെ മരണവാർത്ത കേട്ടപ്പോൾ വിഷമം തോന്നി. സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മരണം സംഭവിച്ചത് എന്ന് പിന്നീടറിഞ്ഞു. ആ ദിവസങ്ങളിൽ ജോയൽ എന്ന ഇരുപത്തിരണ്ട്കാരനെപ്പറ്റി കൂടുതൽ കേൾക്കാനും അറിയാനും തുടങ്ങി. പെട്ടെന്ന്തന്നെ എനിക്ക് നേരിട്ട് പരിചയമില്ലാത്ത ആ ചെറുപ്പക്കാരൻ വളരെ അടുത്തറിഞ്ഞ ഒരാളെപോലെ പരിചിതനായി. വായിച്ചും കേട്ടും ഞാൻ അറിഞ്ഞ ആ യുവാവ്‌ വിശുദ്ധ ജീവിതം നയിച്ചിരുന്ന ഒരു വ്യക്തി ആയിരുന്നു എന്ന അറിവ് ആ യുവാവിനെപ്പറ്റി കൂടുതൽ അന്വേഷിക്കാൻ എന്നെ പ്രേരിപ്പിച്ചു. ആ അന്വേഷണത്തിൽ ഞാൻ കണ്ടെത്തിയത് അത്ഭുതപ്പെടുത്തുന്ന ആത്മീയത തുളുമ്പുന്ന ജോയൽ എന്ന ഒരു അസാധാരണ ചെറുപ്പക്കാരനെയാണ്.

"വൈകാതീ ചെറു ജീവിതകുസുമം പറിച്ചെടുക്കണമേ
വൈകിയാലത്‌ വാടി താനെ കൊഴിഞ്ഞുപോകും
മുന്നറിവൊന്നും കൂടാതങ്ങനെ ദിനാന്ത്യമാകാം
അർച്ചന ചെയ്യാനുതകും സമയം കഴിഞ്ഞുപോകാം"

ജോയലിനെപ്പറ്റി അറിഞ്ഞപ്പോൾ ആദ്യം മനസ്സിൽ വന്നത്, ചെറുപ്പത്തിലെപ്പോഴോ പഠിച്ച പാട്ടിന്റെ ഈ വരികളാണ്. വി മദർ തെരേസയുടെ പ്രസിദ്ധമായ പ്രാർത്ഥന ഗാനരൂപത്തിലാക്കിയതിന്റെ വരികളാണത്. പുഴുക്കുത്തേറ്റ്‌ വാടും മുൻപ് മനോഹരമായ പുഷ്പം പറിച്ചെടുക്കാൻ തോട്ടക്കാരനോട് പ്രാർത്ഥിക്കുന്ന മദർ. ഇത് തന്നെയാണ് ജോയലും ആഗ്രഹിച്ചത് . എല്ലാ വിശുദ്ധരും പ്രാർത്ഥിച്ചതും ഇതുതന്നെ.
മരണത്തിന് രണ്ടാഴ്ച മുൻപ് തന്റെ സുഹൃത്തായ ജെന്നിയോട് ചോദിച്ചതും മറ്റൊന്നല്ല."ഞാൻ ഒരു വിശുദ്ധനാകുമോ " എന്ന ചോദ്യം. " ഞാൻ വിശുദ്ധനാകുമോ. ഒരു വിശുദ്ധനാകാൻ ഞാൻ എന്ന് തയാറാണോ അന്ന് കർത്താവ് എന്നെ വിളിച്ചോട്ടെ" എന്ന് ജോയൽ പറഞ്ഞത് ജെന്നി സൈമൺ അത്ഭുതത്തോടെയാണ് പങ്ക് വച്ചത്. ജോയലിന്റെ ജീവിത ലക്‌ഷ്യം തന്നെ ഒരു വിശുദ്ധനാവുക എന്നുള്ളതായിരുന്നു.
എന്നെ വളരെ അത്ഭുതപ്പെടുത്തിയ മറ്റൊന്ന് ജോയലിന്റെ ആത്മാക്കളെ നേടാനുള്ള ആഗ്രഹവും അതിനുവേണ്ടി ആരുമറിയാതെ അനുഷ്ഠിച്ചിരുന്ന പരിത്യാഗപ്രവർത്തികളുമാണ്. നിലത്തു കിടക്കുക, തണുത്ത വെള്ളത്തിൽ കുളിക്കുക, ആരും അറിയാതെ ഉപവസിക്കുക, ത്യാഗം സഹിച്ച് പ്രാർത്ഥിക്കുക തുടങ്ങിയവ ജോയൽ അനുഷ്ഠിച്ചിരുന്ന ചില പരിത്യാഗ പ്രവർത്തികൾ ആയിരുന്നു. തന്റെ ഏറ്റം അടുത്ത സുഹൃത്തിനോട് വിശുദ്ധ വാരം മുഴുവൻ സംസാരിക്കാതെ ആശയടക്കം പാലിച്ച ചെറുപ്പക്കാരൻ. മറ്റുള്ളവരുടെ ആത്മാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതോടൊപ്പം സ്വന്തം ആത്മാവിന്റെ രക്ഷയും ജോയൽ ശ്രദ്ധിച്ചിരുന്നു. ആഴ്ചതോറും കുമ്പസരിക്കാൻ സമയം കണ്ടെത്തിയിരുന്ന ജോയലിന്റെ ദിവ്യകാരുണ്യ ഭക്തിയും സ്നേഹവും അളവറ്റതായിരുന്നു. സമയം പോകുന്നതറിയാതെ മണിക്കൂറുകൾ വി കുർബാനയുടെ മുൻപിൽ ജോയൽ ചെലവഴിച്ചിരുന്നതായി സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു. യുവജനങ്ങൾക്കുള്ള ധ്യാനം നടക്കുമ്പോൾ എല്ലവരിൽ നിന്നും മാറി മുട്ടിന്മേൽനിന്ന് അവർക്കുവേണ്ടി പ്രാർത്ഥിക്കുന്ന ജോയലിനെ, ജോയൽ അറിയാതെ ക്യാമറയിൽ പതിപ്പിച്ച ജോയലിന്റെ ആത്മീയ മാതാവ് ഐനിഷ് ഫിലിപ്പ്, ജോയലിന്റെ ശവസംസ്കാര ചടങ്ങിൽ ആ അനുഭവം പങ്ക് വച്ചു.

2007-2008 കാലഘട്ടത്തിൽ യു കെയിൽനിന്നും അമേരിക്കയിലേക്ക് ചേക്കേറിയ കുടുംബം. മാതാപിതാക്കളും രണ്ട് ഇളയ സഹോദരന്മാരും അടങ്ങുന്നതാണ് ജോയലിന്റെ കുടുംബം. തന്റെ ആത്‌മീയ വളർച്ചയിൽ മുഴുവൻ 'ക്രെഡിറ്റും' മാതാപിതാക്കൾക്കാണെന്ന് ജോയൽ എപ്പോഴും പറയാറുണ്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഇളയ സഹോദരനായ ജോഷ്വയ്ക്ക് അപ്പനും അമ്മയും ആയിരുന്നു ജോയൽ. അനുജനെ കരുതലോടെ കൊണ്ടുനടന്നിരുന്നത് ജോയൽ ആയിരുന്നു. കമ്പ്യൂട്ടർ എൻജിനീയറിങ് കഴിഞ്ഞു അകലെ ഒരു ഉയർന്ന ശമ്പളത്തിൽ ജൊലി ലഭിച്ചിട്ടും, ആ ജോലി വേണ്ടെന്നു വച്ച് വീടിനടുത്തുള്ള കുറഞ്ഞ ശമ്പളത്തിനുള്ള ജോലി സ്വീകരിച്ചത് അനുജനുവേണ്ടിയാണ്. ചേട്ടൻ തന്നെ വിട്ടുപോകാൻ ജോഷ്വ അനുവദിച്ചില്ല. കുടുംബത്തിലെ എല്ലാവരെയും സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്ത ജോയലിന് മാതാപിതാക്കളോട് പ്രത്യേക കരുതലായിരുന്നുവെന്ന് മാത്രമല്ല മുതിർന്നവരോട് എപ്പോഴും സ്നേഹബഹുമാനത്തോടെ മാത്രമേ സംസാരിച്ചിരുന്നുള്ളു.

സഹായം ആവശ്യപ്പെടുന്നവരോട് ഒരിക്കലും 'നൊ' പറയാത്ത ജോയലിന്റെ നിസ്വാർഥത ജെന്നി ഓർക്കുന്നു . ജോയലിന്റെ കൂട്ടുകാരോടുള്ള സ്നേഹം വളരെ വ്യക്തിപരമായിരുന്നുവന്നതും എല്ലാവരും അംഗീകരിക്കുന്നു. കാരണം ഓരോരുത്തരും കരുതി അയാളാണ് ജോയലിന്റെ 'ബെസ്റ്റ്‌ ഫ്രണ്ട്' എന്ന്.

അമേരിക്കയിലെ ഹ്യൂസ്റ്റണിൽ താമസമാക്കിയിരിക്കുന്ന ഈ കുടുംബവുമായി വളരെ വ്യക്തിബന്ധമുള്ള ആളാണ് പ്രശസ്ത സുവിശേഷ പ്രാസംഗികനായ ഡോ ജോൺ. യു കെ, അമേരിക്ക എന്നീ രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ വളരെ അടുപ്പമുണ്ടായിരുന്ന ഈ കുടുംബത്തോടൊപ്പമാണ് അദ്ദേഹം താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ സഹോദരനായ ബ്ര ജോസഫ് ദാസനും(സിന്യൂസ് എക്സിക്യൂട്ടീവ് ) പറയാനുള്ളതും " ഒരു വിശുദ്ധ ജീവിതം നയിച്ച വ്യക്തി ആയിരുന്നു ജോയൽ" എന്ന് തന്നെയാണ്.

കേട്ടതെല്ലാം ഇവിടെ പകർത്താനാവില്ല. പക്ഷെ അറിഞ്ഞതിൽനിന്നും ഒരു കാര്യം വ്യക്തമാണ്. അതിസാധാരണമായ ആത്മീയത തുളുമ്പിനിന്നിരുന്ന ഒരു യുവാവയിരുന്നു ജോയൽ. ക്നാനായ യൂത്ത്‌ മിനിസ്റ്റ്രിയിൽ, യുവാക്കളെ പ്രോത്സാഹിപ്പിച്ചും പ്രചോദനം കൊടുത്തും, അഭിഷേകം പങ്കു വച്ച്, ക്രിസ്തു സ്നേഹം പഠിപ്പിച്ച്, യുവാക്കളെ ഈശോയ്ക്കായി നേടാൻ തുനിഞ്ഞിറങ്ങിയ ഈ ചെറുപ്പക്കാരൻ തന്റെ എല്ലാമായ ഈശോയുടെ പക്കലേക്ക് യാത്രയായി. ഒരുപക്ഷെ ഈശോയോടൊപ്പം ആയിരുന്നുകൊണ്ട് കൂടുതൽ ആത്മാക്കളെ നേടാനാവുമായിരിക്കും ജോയലിന്. ശാലോമും അനോയിന്റിങ് ഫയർ മിനിസ്ട്രിയും ജോയലിന്റെ ആത്മീയ വളർച്ചയിൽ വലിയ പങ്കാണ് വഹിച്ചത്. അനോയ്ന്റിങ് ഫയർ മിനിസ്ട്രിയുടെ നാഷണൽ കോ ഓർഡിനേറ്റർ കൂടിയായിരുന്നു ജോയൽ.


ജോയലിന്റെ മാതാപിതാക്കൾക്ക് അഭിമാനിക്കാം , ദൈവം തന്നത് ദൈവത്തിന് തന്നെ തിരിച്ചുകൊടുത്തതിൽ. വിവാഹവാഗ്‌ദാനം ചെയ്ത വധൂവരന്മാരെ വൈദികൻ ആശീർവ്വദിക്കുന്നത് ദൈവം തരുന്ന സന്താനങ്ങളെ ദൈവത്തിനും സഭയ്ക്കും യോജിച്ചവരായി വളർത്തിക്കൊണ്ട് വരുവാനാകട്ടെ എന്നാണ്. ദൈവത്തിൽ അടിയുറച്ച വിശ്വാസമുള്ള ഒരു അമ്മയ്ക്ക് മാത്രമേ യുവാവായ തന്റെ മകന്റെ മരണത്തിന് മുൻപിൽ പകയ്ക്കാതെ ജോബിനെപ്പോലെ "ദൈവം തന്നു ദൈവം എടുത്തു" എന്ന് പറയാനാവൂ. ഈ അമ്മ ഒരു മാതൃകയാണ് എല്ലാ അമ്മമാർക്കും. മകനെ പ്രാർത്ഥനയിലൂടെ നേടിയെടുത്ത വി മോണിക്ക, തന്റെ മക്കൾ മാരക പാപം ചെയ്ത്‌ അത്മവിനെ നഷ്ടപ്പെടുത്തുന്നതിലും അവർ മരിച്ച്‌ കാണാൻ അഗ്രഹിച്ച വി റീത്ത ഇവരെല്ലം മക്കളെ ദൈവത്തിനായി നേടിയവരാണ്. മകനെ ദൈവത്തിനായി നേടി ജോയലിന്റെ അമ്മയും.

ജീവിച്ചിരുന്നപ്പോൾ യുവജനങ്ങളെ ദൈവത്തിങ്കലേക്കു അടുപ്പിച്ച ജോയൽ തന്റെ മരണത്തിലൂടെയും പലരെയും സ്വാധീനിക്കുകയും പലർക്കും പ്രചോദനം ആവുകയും ചെയ്യുന്നു. ജോയൽ മരിച്ചിട്ടു ഇന്ന് 27 ദിവസം. ജിജോ ലൈല ദമ്പതികളുടെ ഈ മൂത്ത മകൻ സ്വർഗീയ പരിമളം പരത്തി യുവജനങ്ങൾക്ക് എന്നും ഒരു മാതൃക ആയി നിലകൊള്ളും എന്നതിൽ തർക്കമില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26