തൊടുപുഴ: കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫ് ഇന്ന് എൺപതാം പിറന്നാളിന്റെ നിറവിൽ. എന്നാൽ കേരള രാഷ്ട്രീയത്തിൽ അദ്ദേഹം ഇപ്പോഴും തൊടുപുഴയുടെ യുവവാണ്. രാഷ്ട്രീയത്തിനപ്പുറം കൃഷിക്കാരൻ, മൃഗസ്നേഹി, ഗായകൻ, എഴുത്തുകാരൻ, നല്ല വായനക്കാരൻ, ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തര മന്ത്രി എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങളാണ് അദ്ദേഹത്തിന്. രാഷ്ട്രീയത്തിൽ തന്റെ സ്വന്തം നിലപാടുകളിലൂടെ ശ്രദ്ധേയനായ വ്യക്തിത്വമാണ്. കാർഷിക പാരമ്പര്യത്തിൽനിന്നു രാഷ്ട്രീയത്തിലേക്ക് കുടിയേറിയെങ്കിലും പി.ജെ. ഒരിക്കലും മണ്ണിനെ മറന്നില്ല. മനുഷ്യരെയും.
വിദ്യാഭ്യാസരംഗത്ത് സമഗ്രമാറ്റങ്ങൾക്ക് വഴിതെളിച്ച ഡി.പി.ഇ.പി.യും കോളേജിൽ നിന്ന് പ്രീഡിഗ്രി വേർപെടുത്തി പ്ലസ് ടു സമ്പ്രദായവും കൊണ്ടുവന്നത് പി.ജെ. വിദ്യാഭ്യാസമന്ത്രി ആയിരുന്നപ്പോഴാണ്. കൃഷിയെ കൈപിടിച്ച് ഉയർത്തുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം ഗാന്ധിജി സ്റ്റഡി സെന്റർ സ്ഥാപിച്ചു.
ചരക്കുവാഹനങ്ങൾ തടഞ്ഞുനിർത്തി ഭീമമായ തുക നോക്കുകൂലിയായി ഈടാക്കുന്ന സംഘടിത കൊള്ള അവസാനിപ്പിച്ചത് അദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്ന 1978-ലാണ്. കേരളത്തിലെ റോഡുകളുടെ മുഖച്ഛായ മാറ്റിയ കെ.എസ്.ടി.പി. (കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട്)യും ശ്രദ്ധേയമാണ്. തൊടുപുഴയെ ആധുനിക നഗരമാക്കിയതിൽ പി.ജെ.യുടെ പങ്ക് വളരെ വലുതാണ്.
തൊടുപുഴ താലൂക്കിലെ പുറപ്പുഴ ഗ്രാമത്തിൽ വയറ്റാട്ടിൽ പാലത്തിനാൽ പി.ഒ. ജോസഫിന്റെയും അന്നമ്മയുടെയും അഞ്ച് മക്കളിൽ മൂന്നാമനായി 1941 ജൂൺ 28-നാണ്പി ജെ ജോസഫിന്റെ ജനനം. പുറപ്പുഴ ഗവ. എൽ.പി. സ്കൂൾ, സെയ്ന്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂൾ, കോട്ടയം എസ്.എച്ച്. മൗണ്ട് സ്കൂൾ, ചങ്ങനാശ്ശേരി എസ്.ബി. കോളേജ്, മദ്രാസ് ലയോള കോളേജ്, തേവര സേക്രഡ് ഹാർട്ട് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.
ആറുതവണ മന്ത്രിയായിരുന്ന ഒരാൾ. കേരള കോൺഗ്രസിന്റെ ചെയർമാൻ. പക്ഷേ, വീട്ടിലെത്തിയാൽ പി.ജെ. തനി കർഷകനാണ്. എത്ര വൈകി ഉറങ്ങിയാലും പുലർച്ചെ മൂന്നരയ്ക്ക് ഉണരും. പ്രാർഥന കഴിഞ്ഞാൽ പിന്നെ തൊഴുത്തിലേക്ക്. ഓരോ പശുവിനെയും കുഞ്ഞുങ്ങളെയും പേരു വിളിച്ച്, തൊട്ടും തലോടിയും അങ്ങനെ നടക്കും. പിന്നെ കൃഷിയിടത്തിലേക്ക്. ഓരോ തളിരിലും പൂവിലും കണ്ണോടിച്ച്, വിരിയുന്ന കായ്കനികൾക്ക് എന്തെങ്കിലും പരുവക്കേടുണ്ടോയെന്നു നോക്കി നിൽക്കും.
തന്റെ വീടിനടുത്തുള്ള എൽ.പി. സ്കൂളിന് സൗജന്യമായാണ് പി.ജെ.യുടെ ഫാമിൽനിന്ന് പാൽ നൽകുന്നത്. കോവിഡ് കാലത്ത് സമൂഹ അടുക്കളയിലേക്കും ഇവിടെനിന്ന് പാലെത്തി. ഇപ്പോൾ ഒരുദിവസം ആയിരം ലിറ്ററിലേറെ പാൽ കിട്ടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
നല്ല മനുഷ്യനാക്കിയ ജോക്കുട്ടൻ പി.ജെ.യുടെ നാലാമത്തെ മകൻ ഭിന്നശേഷിക്കാരനായ കുട്ടിയായിരുന്നു, ജോക്കുട്ടൻ. അവനുമായി വല്ലാത്തൊരു ആത്മബന്ധമായിരുന്നു പി.ജെ.യ്ക്ക്. ഒരിക്കൽ പി.ജെ. പറഞ്ഞു: ''അപുവാണ് (മൂത്തമകൻ) എന്നെ അച്ഛനാക്കിയത്. എന്നാൽ, ജോക്കുട്ടനാണ് എന്നെ മികച്ച മനുഷ്യനാക്കിയത്.
ഈ ചിന്തയിൽ നിന്നാണ് പി.ജെ. കിടപ്പുരോഗികൾക്ക് പ്രതിമാസം ആയിരം രൂപ നൽകുന്ന ഒരു ട്രസ്റ്റ് രൂപവത്കരിച്ചത്.
ആവശ്യത്തിലധികമുള്ള സമ്പത്ത് ദൈവം തരുന്നത് മറ്റുള്ളവർക്ക് കൊടുക്കാൻ വേണ്ടിയാണെന്ന് ട്രസ്റ്റ് ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു. ജോക്കുട്ടന് അവകാശപ്പെട്ട സ്വത്തിൽ നിന്നാണ് ട്രസ്റ്റിന് പണം കണ്ടെത്തിയത്. കഴിഞ്ഞ നവംബറിൽ ജോക്കുട്ടൻ ഓർമയായി മാറിയപ്പോൾ പി.ജെ. ഏറെ വേദനിച്ചു.
പി ജെ ജോസഫ് ആദ്യമത്സരം 1970-ൽ. തൊടുപുഴയിൽ നിന്ന് വിജയിച്ചു. ആകെ 11 തവണ തൊടുപുഴയിൽ മത്സരിച്ചു. പത്തുവട്ടവും ജയിച്ചു. തോൽവി 2001-ൽ കോൺഗ്രസിന്റെ പി.ടി. തോമസിനെതിരേ. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ പി.ടി.യെ തന്നെ തോൽപ്പിച്ച് മധുരപ്രതികാരം.
ആറ് സർക്കാരുകളുടെ മന്ത്രിസഭകളിൽ അംഗമായി. ആദ്യം ലഭിച്ചത് ആഭ്യന്തരമന്ത്രി പദം. 1978 ജനുവരി 16-നായിരുന്നു സത്യപ്രതിജ്ഞ. ആഭ്യന്തരമന്ത്രിയായിരുന്ന കെ.എം. മാണിയുടെ നിയമസഭാംഗത്വം കോടതി റദ്ദാക്കിയതിനെ തുടർന്നാണ് പി.ജെ. മന്ത്രിയായത്. അന്ന് രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ ആഭ്യന്തരമന്ത്രി. സെപ്റ്റംബറിൽ കെ.എം. മാണിയെ കുറ്റവിമുക്തനാക്കി കോടതി വിധിവന്ന അന്നുതന്നെ രാജിവെച്ചു.
തുടർന്ന് 1981-'82 റവന്യൂ-വിദ്യാഭ്യാസ-എക്സൈസ്, 1982-'87ൽ റവന്യൂ-ഭവനനിർമാണം, 1996-ൽ വിദ്യാഭ്യാസം, പൊതുമരാമത്ത്, രജിസ്ട്രേഷൻ, 2006-ൽ പൊതുമരാമത്ത്, 2011-ൽ ജലവിഭവം എന്നിങ്ങനെ മന്ത്രിസ്ഥാനങ്ങൾ കൈയാളി.
എഴുപതുകളിൽ സംസ്ഥാനത്തെ ഏറ്റവും പ്രഗല്ഭനായ യുവനേതാവായിരുന്നു. വളരെവേഗം കേരള കോൺഗ്രസിന്റെ തലപ്പത്തേക്ക് എത്തി. 1973-ൽ യൂത്ത്ഫ്രൻഡ് പ്രസിഡന്റ്. 1979-ൽ കേരള കോൺഗ്രസ് പാർട്ടിയുടെ ചെയർമാൻ. 1980-ൽ യു.ഡി.എഫിന്റെ സ്ഥാപക കൺവീനർ. ഇപ്പോൾ കേരള കോൺഗ്രസ് ചെയർമാൻ.
ഭാര്യ: ഡോ. ശാന്ത, മക്കൾ: അപു, യമുന, ആന്റണി, പരേതനായ ജോ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.