യുഎഇയിലെ സ്കൂളുകളിൽ മധ്യവേനലവധി; നാട്ടിലേക്കുളള യാത്രയില്‍ ആശയകുഴപ്പത്തില്‍ കുടുംബങ്ങള്‍

യുഎഇയിലെ സ്കൂളുകളിൽ മധ്യവേനലവധി; നാട്ടിലേക്കുളള യാത്രയില്‍ ആശയകുഴപ്പത്തില്‍ കുടുംബങ്ങള്‍

ദുബായ്: യുഎഇയിലെ ഇന്ത്യന്‍ കരിക്കുലമുളള സ്കൂളുകള്‍ ഉള്‍പ്പടെ മധ്യവേനലവധിക്കായി ഇന്ന് അടയ്ക്കും. രണ്ടുമാസത്തെ അവധി കഴിഞ്ഞ് ആഗസ്റ്റ് അവസാന വാരത്തോടെയാണ് ഇനി സ്കൂളുകള്‍ തുറക്കുക. സാധാരണ അവധിക്കാലത്ത് നാട്ടിലെത്താനായി വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുളള തിക്കും തിരക്കുമൊന്നും ഇത്തവണയുണ്ടായില്ല.

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ നാട്ടില്‍ പോയാല്‍ തിരിച്ചുവരാന്‍ കഴിയില്ലേയെന്നുളള ആശങ്കയാണ് പലരെയും യാത്ര മാറ്റിവയ്ക്കുന്നതിന് പ്രേരിപ്പിച്ചത്. കോവിഡ് തുടങ്ങിയതില്‍ പിന്നെ നാട്ടിലേക്ക് പോകാതിരുന്ന പലരും പക്ഷെ ഇത്തവണ നാട്ടിലേക്ക് ടിക്കറ്റെടുത്തിട്ടുണ്ട്. യുഎഇ എത്രയും പെട്ടെന്ന് യാത്ര വിലക്ക് മാറ്റുമെന്നുളള പ്രതീക്ഷയിലാണ് പലരും നാട്ടിലേക്ക് വിമാനം കയറിയത്.

സ്കൂളുകള്‍ രണ്ട് മാസത്തെ അവധിയിലാണ് അടയ്ക്കുന്നതെങ്കിലും ജോലിയുളള മാതാപിതാക്കള്‍ക്ക് പലപ്പോഴും 30 ദിവസത്തില്‍ താഴെ മാത്രമാകും അവധി ദിനങ്ങള്‍ എങ്കില്‍ പോലും നാട്ടിലൊന്നുപോയി പ്രിയപ്പെട്ടവർക്കും കുറച്ചു ദിവസങ്ങള്‍ ചിലവഴിച്ചു തിരികെയെത്തുകയെന്നുളളതായിരുന്നു ഇവിടെ കുടുംബമായി താമസിക്കുന്നവരുടെ പതിവ്.

എന്നാൽ കോവിഡ് ഭീതി വന്നതോടെ പലരും അവധി മാറ്റിവച്ചു. നവംബ‍ർ- ഡിസംബർ മാസങ്ങളിലെ ചുരുങ്ങിയ അവധി ദിനങ്ങളില്‍ നാട്ടില്‍ ഓട്ടപ്രദക്ഷിണം നടത്തി തിരിച്ചെത്തിയവരുമുണ്ട്. ഇത്തവണയും ജൂലൈ ആഗസ്റ്റ് മാസങ്ങളൊഴിവാക്കി നവംബർ-ഡിസംബറിലേക്ക് അവധിദിനങ്ങള്‍ മാറ്റിവച്ചിരിക്കുകയാണ് പലരും. അപ്പോഴേക്കും നാട്ടില്‍ കോവിഡ് കേസുകള്‍ കുറയുമെന്നുളള വിലയിരുത്തലും യുഎഇയില്‍ കുട്ടികള്‍ക്കടക്കം വാക്സിന്‍ ലഭിക്കുമെന്ന പ്രതീക്ഷയും ഇത് ബലമേകുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.