മറച്ചുവയ്ക്കാന്‍ ഒന്നുമില്ല; കോവിഡ് മരണ കണക്കിൽ കൃത്യത ഉറപ്പു വരുത്തും: ആരോഗ്യമന്ത്രി

മറച്ചുവയ്ക്കാന്‍ ഒന്നുമില്ല; കോവിഡ് മരണ കണക്കിൽ കൃത്യത ഉറപ്പു വരുത്തും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കോവിഡ് മരണങ്ങളില്‍ മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് മരണം നിശ്ചയിക്കുന്നത് ഡോക്ടര്‍മാരാണ്. മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയാണെന്നും കൂടുതല്‍ സുതാര്യത ലക്ഷ്യമിട്ടാണ് ഇതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് പരമാവധി സഹായം കിട്ടാന്‍ സഹായകമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മരണം നിര്‍ണയിക്കുന്ന മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചതല്ല. ഐസിഎംആറും ലോകാരോഗ്യ സംഘടനയുടെയും മാര്‍ഗ നിര്‍ദേശപ്രകാരമാണ് മരണങ്ങള്‍ നിശ്ചയിക്കുന്നത്. ഇതില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചാല്‍ അതു പരിഗണിക്കും.

കോവിഡ് മരണ പട്ടികയിലെ അപാകത സംബന്ധിച്ച്‌ ഒറ്റപ്പെട്ട കേസുകള്‍ ഉണ്ടെങ്കില്‍ പരിശോധിക്കും. കോവിഡ് മരണം റിപ്പോര്‍ട്ടിങ് സിസ്റ്റത്തില്‍ മാറ്റം വേണമെങ്കില്‍ പരിശോധിക്കാം. പേരുകള്‍ വീണ്ടും പ്രസിദ്ധീകരിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാകുന്നുണ്ടെങ്കില്‍ കൂട്ടായി ചര്‍ച്ച ചെയ്ത് പരിശോധിക്കാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ജനങ്ങള്‍ക്ക് സഹായം കിട്ടുന്ന എല്ലാ നിലപാടും ഉണ്ടാകും. നേരത്തെ ഉണ്ടായ മരണങ്ങളും പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. പ്രതിപക്ഷത്തിന്റെ ആരോപണം ആശയക്കുഴപ്പം സൃഷ്ടിച്ചു. മരണം വിട്ട് പോയിട്ടുണ്ടെങ്കില്‍ പരിശോധിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശവും പരിഗണിക്കും.

അതേസമയം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്കരിച്ചവരുടെ മരണ കാരണം പുനപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. വെന്റിലേറ്ററിൽ ഒരു മാസം കിടന്ന് മരിച്ച ആളുകളുടെയും ഇന്റെൻസിവ് കെയറിൽ കിടന്ന് മരിച്ചവരും കോവിഡ് മരണ നിരക്കിൽ വന്നിട്ടില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.