തിരുവനന്തപുരം: വ്യാജവോട്ട് വിവാദത്തിന്റെ പേരില്‍ ഇരുന്നൂറോളം കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു. പ്രതിപക്ഷത്തിനു വോട്ടര്‍പട്ടിക ചോര്‍ത്തിക്കൊടുത്തെന്ന സംശയത്തില്‍ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുവേളയില്‍ തിരഞ്ഞെടുപ്പു കമ്മിഷനെ പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു ഇത്. വോട്ടര്‍മാരുടെ ഡേറ്റ കൈകാര്യം ചെയ്യാന്‍ കെല്‍ട്രോണ്‍ വഴി നിയമിക്കപ്പെട്ടവരാണിവര്‍. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ തിരുവനന്തപുരത്തെ ഓഫിസ്, പതിനാല് കളക്ടറേറ്റുകള്‍, ഇവയ്ക്കു കീഴിലെ താലൂക്ക് ഓഫിസുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നവരെയാണു പിരിച്ചുവിട്ടത്.
പ്രതിപക്ഷത്തിനു വോട്ടര്‍ പട്ടിക ലഭിക്കാന്‍ ഇടയായത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഡിജിപിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ കത്തു നല്‍കുകയും ചെയ്തു. പ്രതിപക്ഷ നേതാവായിരിക്കെ രമേശ് ചെന്നിത്തലയാണ് 4.34 ലക്ഷം വ്യാജ/ഇരട്ട വോട്ടര്‍മാര്‍ സംസ്ഥാന പട്ടികയില്‍ കടന്നു കൂടിയിട്ടുണ്ടെന്ന വിവരം രേഖകള്‍ സഹിതം പുറത്തുവിട്ടത്.
ഓപ്പറേഷന്‍ ട്വിന്‍സ് എന്ന പേരില്‍ നടത്തിയ അന്വേഷണത്തില്‍ വ്യാജ വോട്ടുകളുടെ ഒട്ടേറെ വിവരങ്ങള്‍ പുറത്തു വന്നതോടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണത്തിനു തയാറാകുകയായിരുന്നു. തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ചുരുങ്ങിയ നാളുകള്‍ കൊണ്ടു നടത്തിയ അന്വേഷണത്തില്‍ 38,586 വോട്ടുകള്‍ മാത്രം ഇരട്ടിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പു കമ്മിഷന്‍ കണ്ടെത്തി. വോട്ടര്‍ പട്ടിക ചോരാന്‍ ഇടയായതു പരിശോധിക്കണമെന്നാവശ്യപ്പെട്ട് വോട്ടെണ്ണലിനു പിന്നാലെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കു നിര്‍ദേശം നല്‍കി. തുടര്‍ന്നാണു താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിട്ടതും അന്വേഷിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുകയും.
അതേസമയം, തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമായ വോട്ടര്‍ പട്ടികയാണെന്നും അതു ചോര്‍ന്നെന്നു പറഞ്ഞു പിരിച്ചുവിടുന്നത് അനീതിയാണെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടി. ഫോട്ടോ പതിച്ച വോട്ടര്‍ പട്ടിക പാര്‍ട്ടികള്‍ക്കെല്ലാം നല്‍കിയിട്ടുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.