പള്ളിക്കൂടം കാണുമ്പോഴേ കരയുന്ന പെൺകുട്ടി

പള്ളിക്കൂടം കാണുമ്പോഴേ   കരയുന്ന പെൺകുട്ടി

കീർത്തന എന്ന കുഞ്ഞിൻ്റെ കരച്ചിൽ ഇന്നും കാതുകളിൽ അലയടിക്കുന്നുണ്ട്. ആന്ധ്രയിലെ ഞങ്ങളുടെ സ്കൂളിൽ L.K.G.യിൽ അവൾ പഠിക്കുന്ന സമയം. സ്കൂളിൽ പോകാൻ ഇത്രയും മടിയുള്ള ഒരു കുട്ടിയെ ഇതുവരെ കണ്ടിട്ടില്ല. സ്കൂൾ ബസ് കാണുമ്പോഴേ അവൾ കരച്ചിൽ തുടങ്ങും. ബസിൽ യാത്ര ചെയ്യുമ്പോഴും സ്കൂളിൽ എത്തിയതിനു ശേഷവും അവൾ കരച്ചിൽ അവസാനിപ്പിക്കില്ലായിരുന്നു. ചില ദിവസങ്ങളിൽ അവളെ തിരിച്ച് വീട്ടിലേക്ക് പറഞ്ഞു വിടേണ്ട അവസരം പോലും ഉണ്ടായിട്ടുണ്ട്. മറ്റുചില ദിവസങ്ങളിൽ വീട്ടുകാർ ആരെങ്കിലും ക്ലാസിന് മുന്നിൽ അവൾക്ക് കൂട്ടായി വന്നിരുന്നിട്ടുമുണ്ട്. അവളുടെ പിടിവാശികൾ പലതും വിജയിച്ചിരുന്നു. പതിയെ പതിയെ വാശികൾ കുറഞ്ഞു. കരച്ചിൽ നിലച്ചു. സന്തോഷത്തോടെ അവൾ സ്കൂളിലേക്ക് വരാൻ തുടങ്ങി. ഇന്നവൾ സാമാന്യം നന്നായി പഠിക്കുന്ന ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ്.

വർഷങ്ങൾക്കു ശേഷം അവളെ കണ്ടപ്പോൾ അവളുടെ ഓർമയിൽ നിന്നും നഷ്ടമായ ഇക്കാര്യങ്ങൾ അവളോട് ഞങ്ങൾ കൗതുകപൂർവ്വം സൂചിപ്പിക്കുകയുണ്ടായി.ആ സന്ദർഭങ്ങളെപ്പറ്റി പറഞ്ഞപ്പോഴേ അവൾ ലജ്ജ കൊണ്ട് ചിരിക്കാൻ തുടങ്ങി. ഓർത്തുനോക്കുമ്പോൾ ഇങ്ങനെയുള്ള ചെറുതും വലുതുമായ പിടിവാശികളുടെ കഥകൾ നമുക്കും ഉണ്ടാകും. ഒരിക്കലെങ്കിലും ഏതെങ്കിലും കാര്യത്തിന് വാശിപിടിക്കാത്തവരായി നമ്മളിൽ ആരും തന്നെ ഉണ്ടാകില്ലെന്നാണ് തോന്നുന്നത്.

വി.തോമസ് ശ്ലീഹായെക്കുറിച്ചുള്ള ധ്യാനമാണ് ഈ പിടിവാശി ചിന്തകളിലേക്ക് നയിച്ചത്. " അവൻ്റെ കൈകളിൽ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എൻ്റെ വിരല്‍ ഇടുകയും അവൻ്റെ പാര്‍ശ്വത്തില്‍ എൻ്റെ കൈ വയ്‌ക്കുകയും ചെയ്‌തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല" (യോഹ 20:25) എന്ന് ഒരു കൊച്ചു കുട്ടിയെപ്പോലെ എത്ര നിഷ്ക്കളങ്കമായാണ് തോമസ് വാശി പിടിക്കുന്നത്! ക്രിസ്തുവുമയുള്ള ആഴമേറിയ ബന്ധത്തിൽ നിന്നും ഉദ്ഭവിച്ച വാശിക്കു മുമ്പിൽ ക്രിസ്തു തോറ്റു കൊടുക്കുന്നുണ്ട്. തോമസിനും കൂടെ അവകാശപ്പെട്ടതാണ് തൻ്റെ സാമീപ്യം എന്ന് സത്യത്തിൽ തിരിച്ചറിഞ്ഞത് ക്രിസ്തുവാണ്! സ്നേഹം നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വികാരപ്രകടനമാണ് പിടിവാശി ! ദൈവവുമായ് പിടിവാശി പിടിച്ച് കൃപകൾ സ്വീകരിക്കുവാനും മറ്റുള്ളവരുമായുള്ള അനാവശ്യ വാശികൾ അവസാനിപ്പിക്കാനും ഈ വിശുദ്ധൻ്റെ തിരുനാൾ ദിനം നമുക്ക് ശ്രമിക്കാം.

ദുക്റാന തിരുനാൾ മംഗളങ്ങൾ!


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26