'നിക്ഷേപ സൗഹൃദ' സംസ്ഥാനത്ത് കഴിഞ്ഞ 30 വര്‍ഷത്തിനിടെ സമരം മൂലം പൂട്ടിയത് അമ്പതിലേറെ കമ്പനികള്‍

 'നിക്ഷേപ സൗഹൃദ' സംസ്ഥാനത്ത് കഴിഞ്ഞ 30 വര്‍ഷത്തിനിടെ സമരം മൂലം പൂട്ടിയത് അമ്പതിലേറെ കമ്പനികള്‍

കൊച്ചി:നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് സര്‍ക്കാര്‍ സ്വയം വിശേഷിപ്പിക്കുന്ന കേരളത്തില്‍ കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടെ തൊഴില്‍ പ്രശ്നം മൂലം പൂട്ടിപ്പോയത് അമ്പതിലധികം കമ്പനികള്‍. പിടിപ്പുകേടുമൂലം തകര്‍ന്ന സര്‍ക്കാര്‍, പൊതുമേഖലാ കമ്പനികള്‍ ഇരുപതിലധികം. കിറ്റെക്സ് കേരളം വിടുമെന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ സംരംഭകരെ ആശങ്കയിലാക്കുന്നത്.

നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന വേള്‍ഡ് ബാങ്കിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനത്തിന്റെ പട്ടികയില്‍ കേരളത്തിന് 28-ാം സ്ഥാനമാണുള്ളത്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ യഥാക്രമം ആന്ധ്രാപ്രദേശിനും ഉത്തര്‍പ്രദേശിനുംനുമാണ്.

സംരംഭങ്ങള്‍ തുടങ്ങാനുള്ള സാഹചര്യം, സര്‍ക്കാര്‍ സഹായം, കയറ്റുമതി ഇറക്കുമതി സംവിധാനങ്ങളുടെ മികവ്, തൊഴില്‍ സാഹചര്യം, വളര്‍ച്ച എന്നിവയെല്ലാം വിലയിരുത്തിയാണ് പട്ടിക തയാറാക്കുന്നത്. പുതുതായി തുടങ്ങുന്ന സംരംഭങ്ങളേക്കാള്‍ പൂട്ടിപ്പോയ കമ്പനികളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമായി കേരളം മാറാനുള്ള കാരണം കെടുകാര്യസ്ഥതയും തൊഴിലാളി സമരവുമാണെന്നാണ് ആക്ഷേപം.

ഇരുപത് വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള 21 വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി പബ്ലിക്ക് എന്റര്‍പ്രൈസസ് ബ്യൂറോയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൂവായിരം കോടിയിലധികം നിക്ഷേപമുണ്ടായിരുന്ന ഈ വന്‍കിട കമ്പനികളില്‍ 3500 സ്ഥിരം ജീവനക്കാരും ആറായിരത്തിലേറെ താല്‍ക്കാലിക ജീവനക്കാരും ഉണ്ടായിരുന്നു. ഇന്നത്തെ കമ്പോള വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞത് 20,000 കോടിയുടെ നിക്ഷേപമാണ് ഈ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടല്‍ മൂലം നഷ്ടമായത്. നികുതി വരുമാന നഷ്ടം 10,000 കോടിയിലധികം വരും.

ഏറ്റവുമധികം കമ്പനികള്‍ പൂട്ടിപോയത് തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലാണ്. കേരളാ ഹൈടെക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ പ്രോഡക്ട് ട്രേഡിങ് കോര്‍പറേഷന്‍, ട്രിവാന്‍ഡ്രം സ്പിന്നിങ് മില്‍സ്, കേരളാ സ്റ്റേറ്റ് സാലിസിലിക്കേറ്റ് ആന്‍ഡ് കെമിക്കല്‍സ്, മെട്രോപോളിറ്റന്‍ എന്‍ജിനീയറിങ്, കെല്‍ട്രോണ്‍ കൗണ്ടര്‍സ്, ട്രിവാന്‍ഡ്രം റബര്‍ വര്‍ക്സ് എന്നിവ തിരുവനന്തപുരം ജില്ലയില്‍ പൂട്ടി. കെല്‍ട്രോണ്‍ ക്രിസ്റ്റല്‍സ് ലമിറ്റഡ്, കെല്‍ട്രോണ്‍ മാഗ്‌നറ്റീസ്, കെല്‍ട്രോണ്‍ റെസിസ്റ്റേഴ്സ്, കേരളാ ഗാര്‍മെന്റസ് ലിമിറ്റഡ്, ആസ്ട്രാള്‍ വാച്ചസ് എന്നിവയ്ക്ക് കണ്ണൂരിലും താഴ് വീണു.

കോഴിക്കോടുള്ള കേരളാ സോപ്സ് ആന്‍ഡ് ഓയില്‍സ്, കേരളാ കണ്‍സ്ട്രക്ഷന്‍സ് കമ്പോണന്റ്സ്, ആലപ്പുഴ സ്‌കൂട്ടേഴ്സ്, മലപ്പുറത്തെ കേരളാ സ്റ്റേറ്റ് വുഡ് ഇന്‍ഡസ്ട്രീസ്, പുനലൂരിലെ കേരളാ സ്റ്റേറ്റ് ഡിറ്റര്‍ജന്റ് ആന്‍ഡ് കെമിക്കല്‍സ്, ട്രാവന്‍കൂര്‍ പ്ലൈവുഡ്സ്, കേരളാ പവര്‍ ഡിവൈസസ്, തൃശൂരിലെ കെല്‍ട്രോണ്‍ റെക്ടിഫൈയര്‍സ്, പാലക്കാടുള്ള അഗസ്ത്യ ബയോഫാം എന്നിവയും പിടിപ്പുകേടുമൂലം തകര്‍ന്ന സര്‍ക്കാര്‍ കമ്പനികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. കെ.എസ്.ഡി.പി മരുന്നു കമ്പനിയിലെ വൈറ്റമിന്‍ എ ഉണ്ടാക്കുന്ന പ്ലാന്റ് അടച്ചുപൂട്ടി പൊളിച്ചുവിറ്റു. ഏതു നിമിഷവും പൂട്ടാനൊരുങ്ങുന്ന സ്ഥാപനങ്ങള്‍ പത്തിലധികമാണ്.

പാര്‍വതി മില്‍സ് കോട്ടയം, മൈക്രോ ടെക്സ് ബാറ്ററീസ്, ട്രാന്‍കൂര്‍ ഇലക്ട്രോ കെമിക്കല്‍സ് കോട്ടയം, തിരുപ്പതി മില്‍സ് കണ്ണൂര്‍, ഗ്വാളിയാര്‍ റെയോണ്‍സ് മാവൂര്‍, വളപട്ടണം പ്‌ളൈവുഡ് ഫാക്ടറി, ഇ.എ.സി.എല്‍. ഗ്ലാസ് ഫാക്ടറി, സ്ത്രീ ശക്തി പേപ്പര്‍ മില്‍സ്, നാട്ടിക കോട്ടണ്‍ മില്‍സ്, കോമളപുരം സ്പിന്നിങ് മില്‍സ്, പുനലൂര്‍ പേപ്പര്‍ മില്‍, നിലമ്പൂര്‍ വുഡ് ഇന്റസ്ട്രീസ്, സ്പിന്നിങ് മില്‍സ് ആലപ്പി, ഉഷ ലാറ്റക്സ് വൈക്കം, കോംട്രസ്റ്റ് കാലിക്കട്ട്, മധുര കോട്സ്, സിഡ്കോ പച്ചാളം എറണാകുളം, ബോട്ടില്‍ വാഷിങ് പ്ലാന്റ് എറണാകുളം, സിറിഞ്ച് മേക്കിങ് പ്ലാന്റ് പാലക്കാട്, കേരളാ സ്പിന്നേഴ്സ്, ആസ്പിന്‍വാള്‍, തോഷിബാ ആനന്ദ്, പ്രീമിയര്‍, സൗത്ത് ഇന്ത്യന്‍ വയേഴ്സ്, പ്രീമിയര്‍ ടെയേഴ്സ് എന്നിവ തൊഴിലാളി സമരം മൂലം പൂട്ടിയ കമ്പനികളാണ്.

പ്രഭുറാം മില്‍സ് ചെങ്ങന്നൂര്‍, കെ. മേനോന്‍ ബസ് സര്‍വീസ്, അമര്‍ ക്വൊയര്‍ ഇന്റസ്ട്രീസ്-ആശ്രമം ആലപ്പുഴ, കേരളാ വാഷ്വെല്‍ സോപ്പ്, ട്രാവന്‍കൂര്‍ ഷുഗര്‍ മില്‍, ഇറവുങ്കര ഗ്ലാസ് ഫാക്ടറി, എസ്.പി.എ. വെയ്സ്റ്റ് ക്ലീനിങ് എക്യുപ്മെന്റ്സ്, ആലപ്പി സൈക്കിള്‍സ്, പ്രീമിയര്‍ കേബിള്‍സ്, ജെ ആന്‍ഡ് പി കോട്സ്, കണ്ണന്തറ ടെക്സ്റ്റൈല്‍സ് കോഴിക്കോട്, മാരാര്‍ജി കെമിക്കല്‍സ് ആലപ്പുഴ, ടപ്യൂക്കാ പ്രോഡക്ട്സ് ചാലക്കുടി, വനജ മില്‍സ് തൃശൂര്‍, കണ്ണന്നൂര്‍ സ്പിന്നേഴ്സ് ആലപ്പുഴ, കുണ്ടറ ക്ലേ ഫാക്ടറി, പ്രിമൊ െപെപ്പ് ഫാക്ടറി, പണ്ടാലം ഷുഗര്‍മില്‍സ്, പ്രിയ ബിസ്‌കറ്റ്സ്, ആലപ്പി കയര്‍ ഫാക്ടറി, കൊല്ലം കാഷ്യൂ ഫാക്ടറി എന്നിവയും തൊഴിലാളി യൂണിയനുകള്‍ കൊടികുത്തി പൂട്ടിച്ച കമ്പനികളാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.