നിയമസഭാ കൈയാങ്കളി കേസ്: എംഎല്‍എമാരുടേത് മാപ്പര്‍ഹിക്കാത്ത കുറ്റം; കേസ് പിന്‍വലിക്കാനാവില്ലെന്നും സുപ്രീം കോടതി

നിയമസഭാ കൈയാങ്കളി കേസ്: എംഎല്‍എമാരുടേത്  മാപ്പര്‍ഹിക്കാത്ത കുറ്റം; കേസ് പിന്‍വലിക്കാനാവില്ലെന്നും സുപ്രീം കോടതി

ന്യൂഡല്‍ഹി: കെ.എം മാണി ധനമന്ത്രിയായിരിക്കെ സംസ്ഥാന ബജറ്റ് തടസപ്പെടുത്താനുളള പ്രതിപക്ഷ ശ്രമത്തെ തുടര്‍ന്നുണ്ടായ നിയമസഭാ കൈയാങ്കളി കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാരിനാകില്ലെന്ന് സുപ്രീം കോടതി. മാപ്പര്‍ഹിക്കാത്ത പെരുമാറ്റമാണ് സഭയില്‍ എംഎല്‍എമാരില്‍ നിന്നും ഉണ്ടായതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

മൈക്ക് ഊരിയെറിഞ്ഞ എംഎല്‍എ വിചാരണ നേരിട്ടേ പറ്റൂവെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. എന്ത് സന്ദേശമാണ് സംഭവത്തിലൂടെ എംഎല്‍എമാര്‍ പൊതുസമൂഹത്തിന് നല്‍കുന്നതെന്ന് കേസ് പരിഗണിച്ച ബെഞ്ചിലെ അംഗമായ എം.ആര്‍ ഷാ ചോദിച്ചു. ധനബില്‍ പാസാക്കുന്നത് തടഞ്ഞവര്‍ക്ക് എന്ത് പരിരക്ഷ നല്‍കണമെന്നും കോടതി ആരാഞ്ഞു.

എന്നാല്‍ അഴിമതിക്കാരനായ അന്നത്തെ ധനകാര്യ മന്ത്രിക്കെതിരായ പ്രതിഷേധമാണ് സഭയില്‍ നടന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് തീര്‍പ്പാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തളളിയ കോടതി കേസ് ജൂലായ് 15ന് പരിഗണിക്കുമെന്ന് അറിയിച്ചു.

നിയമസഭയില്‍ മാത്രമല്ല പാര്‍ലമെന്റിലും ഇത്തരം പ്രശ്നങ്ങള്‍ നടക്കാറുണ്ടെന്ന് കേസ് പരിഗണിക്കവെ കോടതി അഭിപ്രായപ്പെട്ടു. നിയമസഭാ സെക്രട്ടറി സ്പീക്കറുടെ അനുമതിയില്ലാതെ നല്‍കിയ കേസ് നിലനില്‍ക്കില്ലെന്ന് കേരളം വാദിച്ചു. കേസില്‍ പ്രതികളായ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി, മുന്‍മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എന്നിവരും കോടതിയെ സമീപിച്ചിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.