മറിയം റഷീദയുടെ അറസ്റ്റ് ഐ.ബി പറഞ്ഞിട്ട്: സ്പൈ നെറ്റ് വര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നുവെന്നും ജാമ്യാപേക്ഷയില്‍ സിബി മാത്യൂസ്

മറിയം റഷീദയുടെ അറസ്റ്റ് ഐ.ബി  പറഞ്ഞിട്ട്:  സ്പൈ നെറ്റ് വര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നുവെന്നും ജാമ്യാപേക്ഷയില്‍ സിബി മാത്യൂസ്

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ മറിയം റഷീദയെ അറസ്റ്റ് ചെയ്തത് ഐ.ബി ഉദ്യോഗസ്ഥന്‍ ആര്‍.ബി. ശ്രീകുമാര്‍ പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്. നമ്പി നാരാണനേയും രമണ്‍ ശ്രീവാസ്തവയേയും അറസ്റ്റ് ചെയ്യാന്‍ ഐ.ബി നിരന്തരം ശ്രമം നടത്തിയെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയയില്‍ സിബി മാത്യൂസ് പറയുന്നു.

ഐ.ബി ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തുടങ്ങിവെച്ച കേസാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ഐ.എസ്.ആര്‍.ഒ. ചാരക്കേസ് യാഥാര്‍ഥ്യമാണെന്നും മാലി വനിതകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ശാസ്ത്രജ്ഞര്‍ കൂട്ടുനിന്നുവെന്നും സിബി മാത്യൂസ് ജാമ്യാപേക്ഷയില്‍ പറയുന്നു.

ആര്‍.ബി ശ്രീകുമാര്‍ പറഞ്ഞിട്ടാണ് അന്നത്തെ പേട്ട സിഐയായിരുന്ന എസ്. വിജയന്‍ മറിയം റഷീദയെ അറസ്റ്റ് ചെയ്യുന്നത്. ഇക്കാര്യം അന്നത്തെ സിറ്റി പോലീസ് കമ്മീഷണര്‍ രാജീവന്റെ റിപ്പോര്‍ട്ടിലുമുണ്ട്. കേസുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും കേരളാ പോലീസിന് നല്‍കിയിരുന്നത് ഐ.ബിയുടേയും റോയുടേയും ഉദ്യോഗസ്ഥരാണ്. ഇതിന്റെ അടിസ്ഥാത്തിലാണ് മറ്റ് അന്വേഷണങ്ങള്‍ നടന്നത്. ഇതിന്റെ ഓരോ ഘട്ടത്തിലുള്ള അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും ഐ.ബിക്ക് നല്‍കിയിരുന്നു.

ഒരു ഘട്ടത്തില്‍ മാലി വനിതകളെ ചോദ്യം ചെയ്യുമ്പോഴാണ് ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരുടെ പങ്ക് വ്യക്തമായത്. കൃത്യമായി അതിനുള്ള തെളിവുകളും മൊഴികളിലുണ്ടായിരുന്നു. ഈ മൊഴികള്‍ അവലോകനം ചെയ്യുമ്പോള്‍ നമ്പി നാരായണനേയും രമണ്‍ ശ്രീവാസ്തവയേയും അറസ്റ്റ് ചെയ്യാന്‍ ഐ.ബി സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

വലിയ തോതിലുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും രാജ്യത്തെ അപകടപ്പെടുത്തുന്ന നീക്കമാണെന്നും അതുകൊണ്ട് രണ്ട് പേരെയും അറസ്റ്റ് ചെയ്യണമെന്ന സമ്മര്‍ദ്ദം ഐ.ബി. കേരള പോലീസിന് മേല്‍ ചുമത്തിയിരുന്നു എന്നാണ് സിബി മാത്യൂസ് പറയുന്നത്.

ചാരപ്രവര്‍ത്തനം നടന്നിരുന്നു എന്ന് വ്യക്തമായിരുന്നു. തിരുവനന്തപുരം, ചെന്നൈ, കൊളംബോ കേന്ദ്രീകരിച്ച് ഒരു സ്പൈ നെറ്റ് വര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നു എന്ന് ഫൗസിയ ഹസന്റെ മൊഴിയില്‍ നിന്ന് വ്യക്തമായിരുന്നു. അതിന്റെ ഭാഗമായാണ് നമ്പി നാരായണനും ഇതില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയത്.

മറിയം റഷീദക്കും ഫൗസിയ ഹസനും ഒപ്പം ബെംഗളൂരു ആര്‍മി ക്ലബിലേക്ക് പോയ കെ.എല്‍ ഭാസിയേക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇയാളുടെ ഫോട്ടോ ഫൗസിയ ഹസനെ കാണിച്ച് അവര്‍ തിരിച്ചറിഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ സി.ബി.ഐക്ക് മൊഴിയായി നല്‍കിയിരുന്നുവെങ്കിലും ഇയാളുടെ പേര് സി.ബി.ഐ എവിടെയും ഉപയോഗിച്ചില്ല. കേസ് ഡയറിയില്‍ ഉള്‍പ്പെടുത്തിയില്ല. പകരം രമണ്‍ ശ്രീവാസ്തവയിലേക്കാണ് എല്ലാ ശ്രദ്ധയും പോയത്.

ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ സി.ബി.ഐ അന്വേഷണം നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിബി മാത്യൂസ് നാലാം പ്രതിയാണ്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് സിബി മാത്യൂസ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ അന്വേഷിച്ച് അവസാനിപ്പിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ വിശദമായിട്ടാണ് ജാമ്യാപേക്ഷയില്‍ സിബി മാത്യൂസ് പറയുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.