കേന്ദ്ര മന്ത്രിസഭാ വികസനം ഇന്നുണ്ടാകും: ഇരുപതിലേറെ പുതിയ മന്ത്രിമാര്‍; കൂടുതല്‍ പേര്‍ യു.പിയില്‍ നിന്ന്

 കേന്ദ്ര മന്ത്രിസഭാ വികസനം ഇന്നുണ്ടാകും:   ഇരുപതിലേറെ പുതിയ മന്ത്രിമാര്‍;  കൂടുതല്‍ പേര്‍ യു.പിയില്‍ നിന്ന്

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോഡി മന്ത്രിസഭയുടെ പുനസംഘടന ഇന്നുണ്ടാകും. അഴിച്ചുപണിയുടെ ഭാഗമായി സാമൂഹ്യ ക്ഷേമ മന്ത്രി താവര്‍ ചന്ദ് ഗെലോട്ടിനെ കര്‍ണാടക ഗവര്‍ണറാക്കിയത് പോലെ മന്ത്രിസഭയിലെ മറ്റു ചിലര്‍ക്ക് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പാര്‍ട്ടി ചുമതലകള്‍ നല്‍കി പുതിയ ആളുകളെ ഉള്‍പ്പെടുത്തുമെന്നാണ് വിവരം.

രണ്ടാം മോഡി സര്‍ക്കാര്‍ 2019 മേയില്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ പുനസംഘടനയാണിത്. മന്ത്രിമാരാകാന്‍ സാധ്യതയുള്ള നേതാക്കളോട് ഇന്ന് ഡല്‍ഹിയിലെത്താന്‍ ബി.ജെ.പി നേതൃത്വം നിര്‍ദ്ദേശിച്ചു.

മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടവരെയും മാറ്റേണ്ടവരെയും സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് തുടങ്ങിയവര്‍ ഇന്നലെ പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിന് കാര്യമായ പ്രാതിനിധ്യമുണ്ടാകും.

ദളിത്, ഒ.ബി.സി വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്ക് മുന്‍ഗണന നല്‍കിയേക്കും. 20ല്‍ കൂടുതല്‍ പുതിയ മന്ത്രിമാര്‍ വന്നേക്കും. ഒന്നിലധികം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെ വകുപ്പുകള്‍ പുതിയവര്‍ക്ക് നല്‍കും. നിലവിലുള്ള മന്ത്രിമാരുടെ പ്രകടനം പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തിയിരുന്നു.

മന്ത്രിസഭയില്‍ നിലവില്‍ പ്രാതിനിധ്യമില്ലാത്ത എന്‍.ഡി.എ സഖ്യകക്ഷികളായ ജെ.ഡി.യു, അപ്നാദള്‍ എന്നിവയ്ക്കും അവസരം ലഭിച്ചേക്കും. അന്തരിച്ച രാംവിലാസ് പാസ്വാന് പകരമായി എല്‍.ജെ.പി മന്ത്രിയാകുമെന്ന് കരുതപ്പെടുന്ന പശുപതി കുമാര്‍ പുതിയ കുര്‍ത്ത വാങ്ങാന്‍ ഇറങ്ങിയത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ലോക്ജന്‍ശക്തി പാര്‍ട്ടി പശുപതിയെ പുറത്താക്കിയതാണെന്നും പാര്‍ട്ടി ക്വോട്ടയില്‍ മന്ത്രിയാക്കിയാല്‍ കോടതിയില്‍ പോകുമെന്നും രാംവിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍ പറഞ്ഞിട്ടുണ്ട്.

മുന്‍ കോണ്‍ഗ്രസ് നേതാക്കളും രാജ്യസഭാ എം.പിമാരുമായ ജ്യോതിരാദിത്യ സിന്ധ്യ, നാരായണ്‍ റാണെ, അസാം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ് സൊനോവാള്‍, എല്‍.ജെ.പി നേതാവ് പശുപതി കുമാര്‍ പരസ്, നിഷിത് പ്രമാണിക്, ശന്തനു താക്കൂര്‍ (പശ്ചിമ ബംഗാള്‍), കപില്‍ പാട്ടീല്‍(മഹാരാഷ്ട്ര), രാഹുല്‍ കസ്വാന്‍(രാജസ്ഥാന്‍), രഞ്ജന്‍ സിംഗ് രാജ്കുമാര്‍ (മണിപ്പൂര്‍), യു.പിയില്‍ നിന്നുള്ള വരുണ്‍ ഗാന്ധി, റീത്താ ബഹുഗുണ ജോഷി, പങ്കജ് ചൗധരി, രാം ശങ്കര്‍ കധേരിയ, സകല്‍ദീപ് രാജ്ബര്‍, അനുപ്രിയ പട്ടേല്‍ (അപ്നാദള്‍ പാര്‍ട്ടി), ആര്‍.സി.പി സിംഗ്, ലലന്‍ സിംഗ് (ജെ.ഡി.യു) എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.