യാത്രാ വിലക്ക് തുടരുന്നു; ജോലി നഷ്ടപ്പെടുമെന്ന ഭീതിയില്‍ പ്രവാസി മലയാളികള്‍

 യാത്രാ വിലക്ക് തുടരുന്നു; ജോലി നഷ്ടപ്പെടുമെന്ന ഭീതിയില്‍  പ്രവാസി മലയാളികള്‍

തിരുവനന്തപുരം: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ജോലി നഷ്ടപ്പെടുമെന്ന ഭീതിയില്‍ നിരവധി പ്രവാസി മലയാളികള്‍. പ്രശ്‌ന പരിഹാരത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ സമീപിച്ചിട്ടും ഒരു ഫലവും ഉണ്ടാകുന്നില്ലെന്നും പ്രവാസികള്‍ പരാതിപ്പെടുന്നു.

കോവിഡ് ഒന്നാം തരംഗത്തിനു ശേഷം മടങ്ങിയെത്തിയത് 14 ലക്ഷത്തിനടുത്ത് ഇന്ത്യക്കാരാണ്. ബഹുഭൂരിപക്ഷവും മലയാളികള്‍. കുറച്ചു പേര്‍ രണ്ടാം തരംഗത്തിനു മുമ്പ് തിരിച്ചുപോയി. സമയത്ത് തിരിച്ചു പോകാനാകാത്തതിനാല്‍ ജോലി നഷ്ടമാകുമെന്ന ഭീതിയിലാണ് ബാക്കിയുള്ളവര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശ്‌നം കേന്ദ്രത്തോട് ഉന്നയിച്ചിരുന്നു.

ചീഫ് സെക്രട്ടറി വി.പി ജോയി വിദേശ- ആഭ്യന്തര വകുപ്പുകള്‍ക്ക് കത്തയച്ചെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. സൗദി അറേബ്യ, യുഎഇ, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലെ മലയാളികളാണ് കുടുങ്ങി കിടക്കുന്നത്. പല സംഘടനകളും കേന്ദ്ര വിദേശകാര്യ മന്ത്രി വി.മുരളീധരന് നിവേദനങ്ങളും അപേക്ഷകളും സമര്‍പ്പിച്ച് കാത്തിരിക്കുകയാണ്. അടിയന്തിര നടപടി ഉണ്ടായില്ലെങ്കില്‍ ലക്ഷകണക്കിന് മലയാളികളുടെ ജോലി നഷ്ടപ്പെടുമെന്നാണ് പ്രവാസികള്‍ പറയുന്നത്.

എങ്ങനെയും ഗള്‍ഫിലെ ജോലിസ്ഥലത്ത് എത്താന്‍ ചിലര്‍ അര്‍മേനിയ, അസര്‍ബൈജാന്‍ വഴി അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്ക് പോകുന്നുണ്ട്. ഒന്നര മുതല്‍ രണ്ട് ലക്ഷം രൂപവരെയാണ് ഏജന്റുമാര്‍ ഈടാക്കുന്നത്. ഈ രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞുവേണം ഗള്‍ഫിലെത്താന്‍. ബഹ്റൈനില്‍ ചെന്ന് കരമാര്‍ഗം സൗദിയിലേക്ക് കടക്കാന്‍ ശ്രമിച്ചവരില്‍ ചിലര്‍ പിടിയിലായിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.