ഹര്‍ഷവര്‍ദ്ധന്‍ അടക്കം 11 മന്ത്രിമാര്‍ പുറത്തേക്ക്; രാജീവ് ചന്ദ്രശേഖര്‍ മന്ത്രിസ്ഥാനം ഉറപ്പിച്ചു; വി.മുരളീധരന് ടൂറിസത്തിന്റെ സ്വതന്ത്ര ചുമതല ലഭിച്ചേക്കും

ഹര്‍ഷവര്‍ദ്ധന്‍ അടക്കം 11 മന്ത്രിമാര്‍ പുറത്തേക്ക്; രാജീവ് ചന്ദ്രശേഖര്‍ മന്ത്രിസ്ഥാനം ഉറപ്പിച്ചു; വി.മുരളീധരന് ടൂറിസത്തിന്റെ സ്വതന്ത്ര ചുമതല ലഭിച്ചേക്കും

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോഡി മന്ത്രിസഭയുടെ ആദ്യ പുനസംഘടനയില്‍ സീനിയര്‍ മന്ത്രിമാര്‍ക്ക് അടക്കം 11 പേര്‍ക്ക് സ്ഥാന നഷ്ടം.

ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍, രാസവളം മന്ത്രി സദാനന്ദ ഗൗഡ, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിശാങ്ക്, തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്വാര്‍, വനിതാ ശിശുക്ഷേമ മന്ത്രി ദേബശ്രീ ചൗധരി, വിദ്യാഭ്യാസ സഹമന്ത്രി സഞ്ജയ് ധോത്രെ, മൃഗക്ഷേമ സഹമന്ത്രി പ്രതാപ സാരംഗി, ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ, മറ്റ് സഹമന്ത്രിമാരായ രത്തന്‍ ലാല്‍ കഠാരിയ, റാവു സാഹിബ് ധന്‍വെ പാട്ടീല്‍ എന്നിവര്‍ പുനസംഘടനയ്ക്കു മുമ്പായി രാജിവച്ചു.

ഇന്ന് വൈകുന്നേരം ആറിനാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. ക്യാബിനറ്റ് മന്ത്രിമാരായി സ്ഥാനം ലഭിക്കുന്നവര്‍ ഉള്‍പ്പടെ 43 പേര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖര്‍ മന്ത്രിയാവും. വി. മുരളീധരന് ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല ലഭിച്ചേക്കും.

കോവിഡ് പ്രതിരോധത്തിലെ വീഴ്ചയാണ് ഹര്‍ഷവര്‍ദ്ധന് സ്ഥാനം നഷ്ടമാകാന്‍ കാരണമായതെന്നാണ് സൂചന. രാജിവച്ച അശ്വിനി കുമാര്‍ ചൗബേ ആരോഗ്യവകുപ്പില്‍ സഹമന്ത്രിസ്ഥാനം വഹിച്ചിരുന്നു. കൊവിഡ് രണ്ടാംതരംഗം രാജ്യത്തെ ആരോഗ്യ രംഗത്തിന് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു.

യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം നല്‍കിയും വമ്പന്‍ മാറ്റങ്ങള്‍ വരുത്തിയുമാണ് പുനസംഘടന. ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറിനു ക്യാബിനറ്റ് പദവി നല്‍കുമെന്ന് സൂചനകളുണ്ട്. താക്കൂര്‍ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സഹമന്ത്രിമാരായ ജി കിഷന്‍ റെഡ്ഡി, ഹര്‍ദീപ് പുരി, പുരുഷോത്തം രൂപാല എന്നിവര്‍ക്കും സ്ഥാനക്കയറ്റം ലഭിക്കും.

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ ജ്യോതിരാദിത്യ സിന്ധ്യ ക്യാബിനറ്റ് പദവിയോടെ മന്ത്രിസഭയില്‍ എത്തും. അസമില്‍ നിന്നുള്ള സര്‍ബാനന്ദ സോനോവാള്‍, മഹാരാഷ്ട്രയില്‍നിന്നുള്ള നാരായണ്‍ റാണെ എന്നിവരും ക്യാബിനറ്റ് മന്ത്രിമാരാവും.

ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി, കര്‍ണാടകയില്‍നിന്നുള്ള ശോഭാ കരന്തലജെ എന്നിവര്‍ മന്ത്രിസഭയില്‍ ഇടം നേടും. അപ്നാ ദള്‍ നേതാവ് അനുപ്രിയ പട്ടേല്‍, കപില്‍ പാട്ടീല്‍, അജയ് ഭട്ട്, ഭൂപേന്ദര്‍ യാദവ്, പ്രീതം മുണ്ടെ, പശുപതി പരസ്, സുനിത ദുഗല്‍, അശ്വിനി യാദവ്, ബി.എല്‍ വര്‍മ, ശന്തനു താക്കൂര്‍ എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ജെഡിയുവില്‍നിന്ന് ആര്‍.പി സിംഗ്, ലാലന്‍ സിംഗ് എന്നിവരും മന്ത്രിമാരാവും. ജെഡിയുവിന് നാല് മന്ത്രി സ്ഥാനങ്ങള്‍ വേണമെന്നാണ് നിധീഷ് കുമാറിന്റെ ആവശ്യം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.