നരേന്ദ്രനൊപ്പം നാരികള്‍ നിരവധി..... മോഡി മന്ത്രിസഭയില്‍ 11 വനിതാ മന്ത്രിമാര്‍

നരേന്ദ്രനൊപ്പം നാരികള്‍ നിരവധി.....     മോഡി മന്ത്രിസഭയില്‍ 11 വനിതാ മന്ത്രിമാര്‍

ന്യൂഡല്‍ഹി: ഇന്നലെ നടത്തിയ പുനസംഘടനയോടെ നരേന്ദ്ര മോഡി മന്ത്രിസഭയില്‍ 11 വനിതകള്‍. മീനാക്ഷി ലേഖി, ശോഭ കരന്ദലാജെ, അനുപ്രിയ സിങ് പട്ടേല്‍, ദര്‍ശന വിക്രം ജര്‍ദോഷ്, അന്നപൂര്‍ണാ ദേവി, പ്രതിമാ ഭൗമിക്, ഡോ. ഭാരതി പ്രവീണ്‍ പവാര്‍ എന്നിവരാണ് പുതിയതായി സ്ഥാനമേറ്റ ഏഴു വനിതകള്‍.

നിലവില്‍ കാബിനറ്റ് മന്ത്രിമാരായ ധനമന്ത്രി നിര്‍മല സീതാരാമന്‍, വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി, സഹമന്ത്രിമാരായ സ്വാധ്വി നിരഞ്ജന്‍ ജ്യോതി, രേണുക സിങ് സരുത എന്നിവരും കൂടി ചേരുന്നതോടെ ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നായി 11 വനിതാ മന്ത്രിമാര്‍ രണ്ടാം മോഡി മന്ത്രിസഭയിലെത്തി.

കര്‍ണാടകയിലെ പ്രമുഖ വനിതാ നേതാവാണ് ശോഭ കരന്ദലജെ (54). ഉടുപ്പി ചിക്കമംഗളൂരുവില്‍ നിന്നുള്ള ലോക്‌സഭാ എം.പി. രണ്ട് തവണ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ കര്‍ണാടകയിലെ ക്യാബിനറ്റ് മന്ത്രിയായിരുന്നു.ഭക്ഷ്യ-സിവില്‍ സപ്ലൈസ്, പവര്‍, റൂറല്‍ ഡെവലപ്‌മെന്റ്, പഞ്ചായത്ത് രാജ് തുടങ്ങിയ വകുപ്പുകളുടെ ചുമതലയായിരുന്നു വഹിച്ചിരുന്നത്. മംഗളൂരു സര്‍വകലാശാലയില്‍ നിന്ന് എം.എ. സോഷ്യോളജിയില്‍ ബിരുദം നേടിയിട്ടുണ്ട്.

ന്യൂഡല്‍ഹിയില്‍ നിന്നുള്ള ലോക്‌സഭാ എം.പിയാണ് മീനാക്ഷി ലേഖി (54). രണ്ട് തവണ എം.പിയായി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മെമ്പര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമൂഹ്യപ്രവര്‍ത്തകയും സുപ്രീം കോടതി വക്കീലുമാണ്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍.എല്‍.ബിയില്‍ ബിരുദം നേടിയിട്ടുണ്ട്. ബിജെപിയുടെ ദേശീയ വക്താക്കളില്‍ ഒരാളായിരുന്നു.

ജാര്‍ഖണ്ഡിലെ കോദാര്‍മയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് അന്നപൂര്‍ണ്ണ ദേവി (51). നേരത്തെ ജാര്‍ഖണ്ഡ് - ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്ന് നാല് തവണ എം.എല്‍.എ ആയിരുന്നു. ജാര്‍ഖണ്ഡ് മന്ത്രി സഭയില്‍ വനിതാ- ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. മുപ്പതാം വയസില്‍ ബിഹാര്‍ മന്ത്രി സഭയില്‍ മൈന്‍സ് - ജിയോളജി വകുപ്പ് മന്ത്രിയായിരുന്നു. റാഞ്ചി സര്‍വകലാശാലയില്‍ നിന്ന് എം.എ ഹിസ്റ്ററിയില്‍ ബിരുദമുണ്ട്.

ത്രിപുര വെസ്റ്റില്‍ നിന്നുള്ള ലോക്‌സഭാഗമാണ് പ്രതിമ ഭൗമിക് (52). ത്രിപുര സര്‍വകലാശാലയില്‍ നിന്ന് ബയോ സയന്‍സില്‍ ബിരുദം നേടി. മഹാരാഷ്ട്രയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് ഭാരതി പ്രവീണ്‍ പവാര്‍ (42). നാസിക് ജില്ലാ പരിഷത്ത് അംഗമായിരുന്നു. എന്‍.ഡി.എം.വി.പി.എസ് മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് ബിരുദം നേടി.

ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ നിന്നുള്ള എം.പിയാണ് അനുപ്രിയ സിങ് പട്ടേല്‍ (40). ഒന്നാം മോഡി മന്ത്രിസഭയില്‍ ആരോഗ്യവകുപ്പ് സഹമന്ത്രിയായിരുന്നു. രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന് മുന്‍പ് അമിറ്റി സര്‍വകലാശാലയിലെ പ്രൊഫസറായിരുന്നു.

ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് ദര്‍ശന വിക്രം ജര്‍ദോഷ് (60). മൂന്ന് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സൂറത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ കോര്‍പ്പറേറ്റര്‍, ഗുജറാത്ത് സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിലെ അംഗം, സംസ്‌കൃതി ആര്‍ട്‌സ് ആന്‍ഡ് കള്‍ചറല്‍ ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സൂറത്തിലെ കെ.പി കൊമേഴ്‌സ് കോളേജില്‍ നിന്ന് ബികോമില്‍ ബിരുദം നേടിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.