ദുബായ് : ലോകത്തിലെ ഏറ്റവും ആഴേമേറിയ നീന്തല്‍ കുളം ദുബായില്‍ ഈ വർഷം അവസാനത്തോടെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.. ദുബായ് കിരീടാവകാശിയാണ് ഇന്‍സ്റ്റാഗ്രാമില്‍ വിശാലമായ നീന്തല്‍ കുളത്തിന്‍റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.നാദ് അല്‍ ഷെബ പരിസരത്തുളള കുളത്തില്‍ 60.02 മീറ്റർ ആഴത്തില്‍ മുങ്ങാനുളള സൗകര്യമുണ്ട്. 14 ദശലക്ഷം ലിറ്റർ വെളളം ഉള്‍ക്കൊളളുന്നതാണ് നീന്തല്‍ കുളം . ഒളിംപിക്സിലെ ആറ് നീന്തല്‍ കുളങ്ങള്‍ക്ക് സമാനമായ നീന്തല്‍ കുളം ഗിന്നസ് റെക്കോർഡില്‍ ഇടം നേടിയിട്ടുണ്ട്. മുത്തുചിപ്പിയുടെ ആകൃതിയിലുളള നീന്തല്‍ കുളത്തില്‍ 1500 ചതുരശ്ര അടിയില്‍ ഡൈവ് ഷോപ്പ്, സമ്മാനക്കട, 80 പേർക്കിരിക്കാവുന്ന റസ്റ്ററന്‍റ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
ഈ മാസാവസാനം നീന്തല്‍ കുളം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. വൈവിധ്യമാർന്ന മീറ്റിംഗ്, ഇവന്‍റ്, കോൺഫറൻസ് ഇടങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മേഖലയിലെ ഏറ്റവും നൂതനമായ ഹൈപ്പർബാറിക് ചേംബർ ഉൾപ്പെടെ ഏറ്റവും പുതിയ സാങ്കേതികവിദ്യയും സമാനതകളില്ലാത്ത സൗകര്യങ്ങളുമുണ്ട്. നീന്തല്‍ കുളത്തില്‍ ഈ മേഖലയിലെ ഏറ്റവും വലിയ അണ്ടർവാട്ടർ ഫിലിം സ്റ്റുഡിയോ, മീഡിയ എഡിറ്റിംഗ് റൂം, വീഡിയോ മതിൽ, 56 അണ്ടർവാട്ടർ ക്യാമറകൾ, 164 ലൈറ്റുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.ജന്മദിന ആഘോഷങ്ങള്‍ മുതല്‍ വിവാഹം വരെ നടത്താനുളള സൗകര്യവുമുണ്ട്.
എല്ലാ ആറുമണിക്കൂറിലും വെളളം ഫില്‍ട്ടർ ചെയ്യും. ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ താല്‍പര്യമുളളവരെ ഡൈവിംഗിനായി ദുബായ് കിരീടാവകാശി ക്ഷണിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ പരിശീലനം ലഭിച്ചവരുടെ മേല്‍നോട്ടത്തിലായിരിക്കും ഡൈവിംഗും സ്കൂബാ ഡൈവിംഗും നടക്കുക. കെട്ടിടത്തിലെ താഴത്തെ നിലയില്‍ സാധാരണക്കാർക്കായി റസ്റ്ററന്‍റും മറ്റും ഒരുക്കിയിട്ടുണ്ട്. ഇവിടെയിരുന്നുകൊണ്ട് പൂളിന്‍റെ താഴെയുളള കാഴ്ചകള്‍ കാണാനും അവസരമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.