ഐഎഎസ് തലപ്പത്തെ അഴിച്ചു പണി; ജാഫര്‍ മാലിക്ക് എറണാകുളം കളക്ടറാകും

ഐഎഎസ് തലപ്പത്തെ അഴിച്ചു പണി; ജാഫര്‍ മാലിക്ക് എറണാകുളം കളക്ടറാകും

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥാനത്ത് നിന്ന് ടിക്കാറാം മീണയെ മാറ്റി. പകരക്കാരനായി സഞ്ജയ് കൗള്‍ ഉള്‍പ്പെടെ ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണിയാണ് സര്‍ക്കാര്‍ നടത്തുന്നത്. ജില്ലാ കളക്ടര്‍മാര്‍ക്കും മാറ്റമുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തി ഒന്നരമാസം പിന്നിടുമ്പോഴാണ് ഭരണതലത്തിലെ സമഗ്രമാറ്റം.

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് വോട്ടര്‍ പട്ടിക ചോര്‍ച്ച വിവാദമാണ് ടിക്കാറാം മീണയെ സര്‍ക്കാരിന് അനഭിമതനാക്കിയത്. ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയെങ്കിലും മീണയെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെയാണ് മാറ്റം. ആസൂത്രണ വകുപ്പില്‍ അഡിഷണല്‍ ചീഫ് സെക്രട്ടറിയായാണ് മാറ്റം. ആസൂത്രണ ബോര്‍ഡ് മെംബര്‍ സെക്രട്ടറിയുടെ അധിക ചുമതലയും മീണയ്ക്കുണ്ടാകും. പകരം സഞ്ജയ് എം.കൗള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാകും. ധനകാര്യ സെക്രട്ടറിയുടെ ചുമതലയിലും സഞ്ജയ് കൗള്‍ തുടരും. ഇതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടും.

ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ അധിക ചുമതല നല്‍കി. രാജന്‍ ഖോബ്രഗഡെ ആരോഗ്യ കുടുംബക്ഷേ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി തുടരും. ആസൂത്രണ വകുപ്പ അഡിഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ.വി.വേണുവിനെ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു. ടൂറിസത്തിന്റെ അധിക ചുമതലയും അദ്ദേഹത്തിനു നല്‍കി. തദ്ദേശ സെക്രട്ടറി ശാരദാ മുരളീധരനെ തദ്ദേശ സെക്രട്ടറി അര്‍ബന്‍ ആന്റ് റൂറല്‍ വകുപ്പുകളുടെ അഡിഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. നികുതി സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ ഐടി സെക്രട്ടറിയാക്കാനാണ് തീരുമാനം.

ഷര്‍മിള മേരി ജോസഫാണ് പുതിയ നികുതി സെക്രട്ടറി. വനം-വന്യജീവി വകുപ്പ് സെക്രട്ടറി രാജേഷ് സിന്‍ഹയ്ക്ക് വ്യവസായ വകുപ്പിന്റേയും ചുമതല നല്‍കി. സാംസ്‌കാരി സെക്രട്ടറി റാണി ജോര്‍ജിന് സാമൂഹിക നീതി, വനിതാ ശിശുക്ഷേമ വകുപ്പുകളുടെ അധിക ചുമതലയാണ് ലഭിച്ചത്. മൃഗസരംക്ഷണ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാളിന് തുറമുഖ വകുപ്പിന്റെ അധിക ചുമതല നല്‍കി. കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകറാണ് പുതിയ ഗതാഗത സെക്രട്ടറി. ഫിഷറീസ് ഡയറക്ടര്‍ സി.എ.ലതയാണ് പിആര്‍ഡി സെക്രട്ടറി. കെഎസ്‌ഐഡിസി എംഡി എം.ജി.രാജമാണിക്യത്തിന് പിന്നാക്കക്ഷേമ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നല്‍കി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോറിനെ വ്യവസായ വകുപ്പ് ഡയറക്ടറാക്കി മാറ്റി നിയമിച്ചു.

ഡിസാസ്റ്റര്‍ മാനെജ്‌മെന്റെ കമ്മിഷണര്‍ എ.കൗശികന്‍ മൃഗസംരക്ഷണ വകുപ്പിന്റെ അധിക ചുമതലയിലേക്കു വരും. ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദാണ് കാസര്‍ഗോട്ടെ പുതിയ ജില്ലാ കളക്ടര്‍. കാസര്‍ഗോഡ് കളക്ടറായിരുന്ന സജിത് ബാബുവിനെ സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടറായാണ് മാറ്റിയത്. എറണാകുളം കളക്ടര്‍ സുഹാസിനെ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എംഡിയായി നിയിമിച്ചു. ജാഫര്‍ മാലിക്ക് എറണാകുളം കളക്ടറാകും. ഹരിത വി.കുമാര്‍ തൃശൂരും ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയിലും നരസിംഹുഗാരി ടി.എല്‍.റെഡ്ഢി കോഴിക്കോടും കളക്ടര്‍മാരാകും. പി.കെ.ജയശ്രീയാണ് പുതിയ കോട്ടയം കളക്ടര്‍. കഴിഞ്ഞ ദിവസം സാമൂഹ്യസുരക്ഷാമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി കഴിഞ്ഞ ദിവസം താത്കാലിക ചുമതല ലഭിച്ച ഷീബാ ജോര്‍ജിനെ ഇടുക്കി ജില്ലാ കളക്ടറാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.