'കല്യാണത്തിന് 20 പേര്‍, മദ്യശാലകള്‍ക്ക് മുന്നില്‍ കൂട്ടയിടി'; സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

'കല്യാണത്തിന് 20 പേര്‍, മദ്യശാലകള്‍ക്ക്  മുന്നില്‍ കൂട്ടയിടി'; സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം


കൊച്ചി: മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കോവിഡ് നിയന്ത്രണങ്ങള്‍ അനുസരിച്ച് കല്യാണത്തിന് 20 പേര്‍ പങ്കെടുക്കുമ്പോള്‍ ബെവ്‌കോയ്ക്ക് മുന്നില്‍ കൂട്ടയിടിയാണെന്ന് കോടതി വിമര്‍ശിച്ചു. ഓണ്‍ലൈന്‍ മുഖാന്തരം കോടതിക്ക് മുന്നില്‍ ഹാജരായ എക്‌സൈസ് കമ്മിഷണറേയും ബെവ്‌കോ എംഡിയേയും ശകാരിച്ചുകൊണ്ടാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ തിരക്ക് അനുവദിക്കാനാകില്ല. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകളില്‍ മുന്നിലുളള സംസ്ഥാനമാണ് കേരളം. സാമൂഹിക അകലം പാലിക്കാതെ നൂറുകണക്കിന് പേര്‍ മദ്യശാലകള്‍ക്ക് മുന്നില്‍ വരി നില്‍ക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല.

ഇത്തരത്തില്‍ യാതൊരു നിയന്ത്രണവുമില്ലാതെ ആളുകള്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ത്ത് മുന്നില്‍ ക്യൂനില്‍ക്കുകയാണെങ്കില്‍ രോഗവ്യാപനം ഉണ്ടാകില്ലേയെന്ന് കോടതി ചോദിച്ചു. മദ്യശാലകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നത് അഞ്ഞൂറോളം പേരാണ്. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ തവണ ലോക്ഡൗണിന് ശേഷം ബെവ്‌കോ തുറന്നപ്പോള്‍ തിരക്ക് നിയന്ത്രിക്കുന്നതിനുളള സംവിധാനം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരത്തില്‍ ഒരു സംവിധാനവുമില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പൂര്‍ണമായി പരാജയപ്പെട്ടിരിക്കുന്നുവെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്.

സാധ്യമായത് എല്ലാം ചെയ്തിട്ടുണ്ടെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചത്. പരമാവധി തിരക്ക് ഒഴിവാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ കോടതി ഈ വാദം തള്ളിക്കളഞ്ഞു. പത്തുദിവസത്തിനകം ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാനാണ് എക്‌സൈസ് കമ്മിഷണര്‍ക്കും ബെവ്‌കോ എംഡിക്കും കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

16-ാം തിയതി കേസ് കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. അന്ന് ബെവ്‌കോ എംഡിയും എക്‌സൈസ് കമ്മിഷണറും ഓണ്‍ലൈനായി കോടതിയില്‍ ഹാജരാകണം. രണ്ടാം ലോക്ഡൗണിന് ശേഷം മദ്യശാലകള്‍ക്ക് മുന്നില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് വെള്ളിയാഴ്ചകളില്‍. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്.

മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കോവിഡ് സമയത്ത് മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നാണ് വിശദീകരണം തേടിക്കൊണ്ട് കോടതി പറഞ്ഞത്.

മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് കുറയ്ക്കുന്നതിനായി നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം ഹൈക്കോടതി തേടിയത്. നിലവില്‍ കോവിഡ് പ്രോട്ടോക്കോളിന്റെ ലംഘനമാണ് നടക്കുന്നതെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നത്.

കോവിഡ് പ്രോട്ടോക്കോള്‍ മദ്യശാലകള്‍ക്ക് മുന്നില്‍ പാലിക്കുന്നില്ലെന്ന കാര്യം കോടതിയും ശരിവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളും കോടതി പരിഗണിക്കുകയും ചെയ്തു. കോവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ മദ്യശാലകള്‍ക്ക് മുന്നില്‍ ഇതിന്റെ ലംഘനം പാടില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.