കോവിഡ് മരണം: അപാകത മാര്‍ഗരേഖയ്‌ക്കോ സര്‍ക്കാരിനോ ?

കോവിഡ് മരണം: അപാകത മാര്‍ഗരേഖയ്‌ക്കോ സര്‍ക്കാരിനോ ?

തിരുവനന്തപുരം: കോവിഡ് മരണക്കണക്കുകളില്‍ വിവാദം കൊഴുക്കുമ്പോള്‍ അപാകത മാര്‍ഗ്ഗരേഖയ്‌ക്കോ സംസ്ഥാന സര്‍ക്കാറിനോ എന്നതില്‍ ആരോഗ്യ വിദഗ്ധരില്‍ തര്‍ക്കം. നിലവിലെ മാര്‍ഗരേഖ അപര്യാപ്തമെന്നാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അഭിപ്രായം. എന്നാല്‍ പ്രശ്‌നം മാര്‍ഗ്ഗരേഖയ്ക്കല്ല സര്‍ക്കാറിന്റെ നയങ്ങള്‍ക്കാണെന്നാണ് മറുവാദം.

കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗരേഖ കാലഹരണപ്പെട്ടതാണെന്ന വികാരം സംസ്ഥാനതല സമിതിയിലും സര്‍ക്കാരിന്റെ ഭാഗമായ ആരോഗ്യപ്രവര്‍ത്തകരിലും ശക്തമാണ്. പിന്തുടരുന്ന മാര്‍ഗരേഖയ്ക്ക് പോരായ്മയുണ്ടോയെന്ന ചോദ്യത്തിന് വിവാദങ്ങള്‍ക്ക് ശേഷവും ആരോഗ്യമന്ത്രി കൃത്യമായ മറുപടി പറഞ്ഞിട്ടില്ല എന്നും ആക്ഷേപം ഉയരുന്നുണ്ട്. എന്നാല്‍ കോവിഡ് ഏല്‍പ്പിക്കുന്ന ആഘാതം ദീര്‍ഘകാലം നീണ്ടുനില്‍ക്കാമെന്നിരിക്കെ, നിലവിലെ മാര്‍ഗരേഖ പോസ്റ്റ്‌കോവിഡ് മരണങ്ങളടക്കം രോഗമുക്തിക്ക് ശേഷമുള്ള സാഹചര്യത്തെ കാണുന്നില്ലെന്നാണ് പരാതി.

കോവിഡ് നെഗറ്റീവായതിന് തൊട്ടുപിന്നാലെ മരിച്ചവരെപ്പോലും പട്ടികയില്‍ നിന്നൊഴിവാക്കിയതാണ് സംസ്ഥാനത്ത് വലിയ വിവാദമായിരിക്കുന്നത്. സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍, കോവിഡ് നെഗറ്റീവായ ശേഷമുള്ള മരണങ്ങള്‍ ഒഴിവാക്കപ്പെടാന്‍ മാര്‍ഗരേഖ മനസിലാക്കുന്നതില്‍ ഡോക്ടര്‍മാര്‍ക്കുണ്ടായ അവ്യക്തതയും കാരണമായെന്ന വാദം ഉയര്‍ത്തിയത് ഡോ. സന്തോഷായിരുന്നു. മാര്‍ഗരേഖയില്‍ പോരായ്മകളുണ്ടായിരുന്നുവെങ്കില്‍ സംസ്ഥാനത്തിന് നിലപാടെടുക്കാമായിരുന്നില്ലേ എന്നാണ് മറുചോദ്യം.

പോസ്റ്റ്‌കോവിഡ് പ്രശ്‌നങ്ങള്‍ അംഗീകരിച്ച് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഔദ്യോഗികമായ പ്രതിരോധ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. പക്ഷെ ഇപ്പോഴും രോഗമുക്തിക്ക് ശേഷമുള്ളതും പോസ്റ്റ്‌കോവിഡ് മരണങ്ങളും പട്ടികയിലുള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറല്ലെന്ന ആക്ഷേപം അങ്ങനെ തന്നെ നിലനില്‍ക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.