സ്റ്റാന്‍ സ്വാമിയുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടാവാം; അമേരിക്കന്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

സ്റ്റാന്‍ സ്വാമിയുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടാവാം; അമേരിക്കന്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: സ്റ്റാന്‍ സ്വാമിയുടെ മരണത്തിനുശേഷം, അദ്ദേഹത്തിനൊപ്പം ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായി തടവില്‍ കഴിയുന്ന സുരേന്ദ്ര ഗാഡ്‌ലിങ്ങിനെതിരായ സൈബര്‍ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന റിപ്പോര്‍ട്ടുമായി അമേരിക്കന്‍ ഫോറന്‍സിക് ഏജന്‍സി. അറസ്റ്റിലാകുന്നതിന് രണ്ട് വര്‍ഷം മുമ്പ് സുരേന്ദ്ര ഗാഡ്‌ലിങ്ങിന്റെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നെന്നും ചില രേഖകള്‍ നിക്ഷേപിക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ, സ്റ്റാന്‍ സ്വാമിയുടെ കമ്പ്യൂട്ടറും ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടാവാമെന്ന സംശയം ബലപ്പെടുകയാണ്.

സ്റ്റാന്‍ സ്വാമിക്കൊപ്പം അറസ്റ്റിലായവരിലൊരാളാണ് അഭിഭാഷകനായ സുരേന്ദ്ര ഗാഡ്‌ലിങ്ങും. തങ്ങള്‍ക്കെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് മരിക്കുന്നതുവരെ സ്റ്റാന്‍ സ്വാമി വാദിച്ചിരുന്നു. കേസില്‍ കസ്റ്റഡിയിലുള്ള 16 മനുഷ്യാവകാശ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവര്‍ക്കൊപ്പം അറസ്റ്റിലായ ആദ്യ വ്യക്തികളില്‍ ഒരാളാണ് ഗാഡ്‌ലിങ്.

സുരേന്ദ്ര ഗാഡ്‌ലിങ് 2019ല്‍ പുണെ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ തനിക്കെതിരെ അന്വേഷണ ഏജന്‍സികള്‍ സമര്‍പ്പിച്ച ഇ-മെയില്‍ തെളിവുകളുടെ വിശ്വാസ്യത ചോദ്യം ചെയ്തിരുന്നു. സുരേന്ദ്ര ഗാഡ്‌ലിങ്ങിന്റെ കമ്പ്യൂട്ടറില്‍ നിന്ന് പിടിച്ചെടുത്തെന്ന പേരിലാണ് ഇ-മെയില്‍ രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാക്കിയത്. അമേരിക്കയിലെ മസാച്ചുസെറ്റ്സ് ആസ്ഥാനമായ ഡിജിറ്റല്‍ ഫോറന്‍സിക് കമ്പനിയായ ആഴ്സണല്‍ കണ്‍സള്‍ട്ടിങ് നടത്തിയ ഫോറന്‍സിക് അന്വേഷണ റിപ്പോര്‍ട്ടാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഭീമ-കൊറേഗാവ് കേസില്‍ ഉള്‍പ്പെട്ട 16 പേരില്‍ 84 കാരനായ ക്രിസ്ത്യന്‍ പുരോഹിതന്‍ സ്റ്റാന്‍ സ്വാമിയും സുരേന്ദ്ര ഗാഡ്‌ലിംഗും ഉള്‍പ്പെട്ടിരുന്നു. മരണം വരെ സ്റ്റാന്‍ സ്വാമി കലാപത്തിനും മാവോയിസ്റ്റ് ഗറില്ലകളുമായുള്ള ബന്ധത്തിനും തനിക്കെതിരായി ഹാജരാക്കിയ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് വാദിച്ചിരുന്നു. മൂന്ന് വര്‍ഷം മുമ്പ് മഹാരാഷ്ട്രയില്‍ ഭീമ-കൊറെഗാവ് കലാപത്തിന് സ്റ്റാന്‍ സ്വാമിയും മറ്റ് 15 പേരും പ്രേരിപ്പിച്ചുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി അവകാശപ്പെടുന്നു. നിയമവിരുദ്ധമായ പ്രവര്‍ത്തന നിരോധന നിയമപ്രകാരം സ്റ്റാന്‍ സ്വാമി ഉള്‍പ്പടെ 16 പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന് പോലും ഇവരുടെ പേര് നല്‍കിയിട്ടുണ്ട്. ഇടതുപക്ഷ ചായ് വുള്ള ബുദ്ധിജീവികള്‍ ഉള്‍പ്പെടെയുള്ള എതിരാളികളെ ലക്ഷ്യമിട്ടാണ് കര്‍ശനമായ നിയമം സര്‍ക്കാര്‍ ഉപയോഗിച്ചതെന്ന് വിമര്‍ശകര്‍ പറയുന്നു.

ഇtu വര്‍ഷം ആദ്യം, വാഷിംഗ്ടണ്‍ പോസ്റ്റ് ഇതേ സ്ഥാപനത്തില്‍ നിന്ന് സമാനമായ ഒരു റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. അജ്ഞാത ഹാക്കര്‍മാര്‍ 30 ലധികം രേഖകള്‍ റോണ വില്‍സന്റെ കമ്പ്യൂട്ടറില്‍ ചേര്‍ത്ത് തീവ്രവാദ ബന്ധം ആരോപിക്കുകയായിരുന്നു. നാഗ്പൂര്‍ ആസ്ഥാനമായുള്ള ദലിത് അവകാശ പ്രവര്‍ത്തകനായ സുരേന്ദ്ര ഗാഡ്‌ലിംഗിന്റെ (53) ഹാര്‍ഡ് ഡ്രൈവ് വിശകലനം ചെയ്ത 2021 ജൂണ്‍ മാസത്തെ ഏറ്റവും പുതിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ബോസ്റ്റണ്‍ മാരത്തണ്‍ ബോംബിംഗ് ഉള്‍പ്പെടെ നിരവധി ഉന്നത കേസുകളില്‍ ആഴ്സണല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മൂന്ന് വര്‍ഷം മുമ്പ് അറസ്റ്റിലായ സുരേന്ദ്ര ഗാഡ്‌ലിംഗ് ഇപ്പോഴും ജയിലിലാണ്. റിപ്പോര്‍ട്ട് സബ് ജുഡീസി ആണെന്ന് പറഞ്ഞ് എന്‍ഐഎ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു. സ്റ്റാന്‍ സ്വാമിക്ക് പാര്‍ക്കിന്‍സണ്‍സ് രോഗം ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് അറസ്റ്റ് ചെയ്ത് മുംബൈ ജയിലിലേക്ക് മാറ്റിത്. അവിടെ ഗോത്രാവകാശങ്ങള്‍ക്കായി പ്രചാരണം നടത്തി. രോഗം ശക്തമായപ്പോള്‍ മെയ് മാസത്തില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് സ്റ്റാന്‍ സ്വാമിയുടെ മരണ വാര്‍ത്തയാണ് ലോകം അറിഞ്ഞത്. ഇത് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെയും യുഎന്‍ മനുഷ്യാവകാശ സംഘടനയുടേയും ശക്തമായ പ്രതിഷേധത്തിന് കാരണമായി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.