ഐഷ സുല്‍ത്താനയെ ലക്ഷദ്വീപ് പൊലീസ് വീണ്ടും ചോദ്യം ചെയ്തു; സഹോദരന്റെ ലാപ്‌ടോപ്പ് പിടിച്ചെടുത്തു

ഐഷ സുല്‍ത്താനയെ ലക്ഷദ്വീപ് പൊലീസ് വീണ്ടും ചോദ്യം ചെയ്തു; സഹോദരന്റെ ലാപ്‌ടോപ്പ് പിടിച്ചെടുത്തു

കൊച്ചി: രാജ്യദ്രോഹ കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ ലക്ഷദ്വീപ് പൊലീസ് വീണ്ടും ചോദ്യം ചെയ്തു. കവരത്തി എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചി കാക്കനാട്ടുള്ള ഫ്‌ളാറ്റിലെത്തിയാണ് ചോദ്യം ചെയ്തത്. രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ഐഷയുടെ സഹോദരന്റെ ലാപ്‌ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരന്റെ ബാങ്ക് ഇടപാട് രേഖകളും പരിശോധിച്ചു.

ഉച്ചയോടെയാണ് കവരത്തി എസ്‌ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്യാനായി കൊച്ചിയില്‍ എത്തിയത്. ഇന്‍ഫോപാര്‍ക്ക് പൊലീസിന്റെ സഹായത്തോടെയാണ് സംഘം ഫ്‌ളാറ്റിലെത്തിയത്. ഈ സമയം പുറത്തായിരുന്ന ഐഷയോട് ഫ്‌ളാറ്റിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടു.

മുമ്പ് ലക്ഷദ്വീപില്‍ വിളിച്ച് വരുത്തി മൂന്നു ദിവസം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈല്‍ ഫോണും കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൂടുതല്‍ ചോദ്യം ചെയ്യല്‍. ഐഷയുടെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തുകയായിരുന്നു പൊലീസിന്റെ ലക്ഷ്യം.

ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ നടത്തിയ ബയോ വെപ്പണ്‍ എന്ന പരാമര്‍ശമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കാന്‍ കാരണമായത്. കേസില്‍ ഐഷക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.